രാജസ്ഥാന്‍ റോയല്‍സിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 58 റണ്‍സിന്റെ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ടൈറ്റന്‍സ് ഉയര്‍ത്തിയ 218 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19.2 ഓവറില്‍ 159ന് പുറത്തായി.
മത്സരത്തില്‍ ഗുജറാത്തിന് വേണ്ടി ബൗളിങ്ങില്‍ മിന്നും പ്രകടനമാണ് സ്പിന്നര്‍ സായി കിഷോര്‍ കാഴ്ചവെച്ചത്. 2.2 ഓവറില്‍ 20 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 8.57 എക്കോണമിയിലാണ് ഓള്‍ റൗണ്ടര്‍ പന്തെറിഞ്ഞത്. സീസണില്‍ ഇതുവരെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റുകളാണ് താരം നിലവില്‍ വീഴ്ത്തിയത്. മാത്രമല്ല ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്തും സായി പേര് കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പാര്‍ത്ഥി പട്ടേല്‍. സിറാജും പ്രസീദ് കൃഷ്ണയും നന്നായി ബോളെറിഞ്ഞെന്നും എന്നാല്‍ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച സ്പിന്‍ ബൗളിങ് യുവ താരം സായി കിഷോറിന്റേതാണെന്നാണ് ഗുജറാത്തിന്റെ അസിസ്റ്റന്റ് കോച്ച് പാര്‍ത്ഥിവ് പട്ടേല്‍ പറഞ്ഞത്. മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ താരം.
‘സിറാജ് നന്നായി ബോളെറിഞ്ഞു, ടൂര്‍ണമെന്റിലുടനീളം പ്രസീദ് കൃഷ്ണ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ ഈ ടൂര്‍ണമെന്റിലെ ഇതുവരെയുള്ള ഏറ്റവും മികച്ച സ്പിന്നറായി തെരഞ്ഞടുക്കുക സായ് കിഷോര്‍. അദ്ദേഹം പന്തെറിയുന്ന രീതിയും അദ്ദേഹത്തിന്റെ ധൈര്യവും കണക്കിലെടുക്കേണ്ടതുണ്ട്. ഓരോ മത്സരത്തിലും ഇതുപോലെ വ്യത്യസ്തമായ ഒരു ബൗളര്‍ ഉയര്‍ന്നുവരുന്നത് കാണാം, അതുകൊണ്ടാണ് ബൗളര്‍മാര്‍ നിങ്ങളെ മത്സരങ്ങള്‍ വിജയിപ്പിക്കുന്നത്.
കഴിഞ്ഞ ഒരു മാസമായി ഞാന്‍ അവനെ കാണുന്നു, അവന്‍ ശരിക്കും കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള മികച്ച ഫലങ്ങള്‍ അവന് ലഭിക്കുന്നതില്‍ എനിക്ക് ഒട്ടും അത്ഭുതമില്ല. ഞങ്ങള്‍ അവനെ നെറ്റ്‌സില്‍ നിന്ന് പുറത്താക്കേണ്ടി വന്ന സമയങ്ങളുണ്ടായിരുന്നു,’ മത്സരശേഷം നടന്ന പത്രസമ്മേളനത്തില്‍ പാര്‍ത്ഥിവ് പട്ടേല്‍ പറഞ്ഞു.
You just can’t keep him out of the wicket taking party 😎💥 pic.twitter.com/LYYAv1Of1O
— Gujarat Titans (@gujarat_titans) April 9, 2025
തകര്‍പ്പന്‍ വിജയം സ്വന്തമാക്കി സീസണിലെ അഞ്ച് മത്സരങ്ങളില്‍ നാല് വിജയവുമായി ഗുജറാത്ത് പോയിന്റ് ടേബിളില്‍ ഒന്നാമതാണ്. അതേസമയം രാജസ്ഥാന്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് തോല്‍വിയും രണ്ട് വിജയവുമായി പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്താണ്.
Content Highlight: IPL 2025: Parthiv Patel Talking About Sai Kishore