Entertainment
നിശബ്ദതയും ഒരു മറുപടിയാണ്; എമ്പുരാന്‍ വിഷയത്തിലെ മുരളി ഗോപിയുടെ നിലപാടില്‍ ലിസ്റ്റിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 05, 09:09 am
Saturday, 5th April 2025, 2:39 pm

എമ്പുരാന്‍ വിവാദവുമായി ബന്ധപ്പെട്ട് തിരക്കഥാകൃത്ത് മുരളി ഗോപി തുടരുന്ന മൗനത്തില്‍ പ്രതികരണവുമായി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍.

എന്തുകൊണ്ടായിരിക്കാം മുരളി ഗോപി ഇത്തരത്തില്‍ മൗനം തുടരുന്നതെന്ന ചോദ്യത്തിനായിരുന്നു ലിസ്റ്റിന്റെ മറുപടി. ഈ മൗനവും ഒരു മറുപടിയാണെന്നായിരുന്നു ലിസ്റ്റിന്‍ പറഞ്ഞത്.

‘ എന്തുകൊണ്ടാണ് സംസാരിക്കാത്തത് എന്ന് അദ്ദേഹമാണ് പറയേണ്ടത്. അദ്ദേഹം പ്രതികരിക്കാത്തത് എന്താണെന്ന് ഞാന്‍ പറയുന്നത് ശരിയല്ല. ഇപ്പോള്‍ അതിന്റെ ഒരു വലിയ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. പലരും ചാനല്‍ ചര്‍ച്ചകളില്‍ വരെ വന്നിരുന്ന് പ്രതികരിക്കുന്നു.

ഇപ്പോള്‍ നമ്മുടെ ഒരു കമന്റ് പറയേണ്ട എന്ന് കരുതി മാറി നില്‍ക്കുന്നതായിരിക്കാം. കുറച്ച് കഴിയുമ്പോള്‍ പുള്ളി പുള്ളിയുടെ വേര്‍ഷന്‍ അവതരിപ്പിക്കുമായിരിക്കും. ഇപ്പോള്‍ നമ്മളായിട്ട് പോയി ഒന്നും പറയേണ്ടതില്ല എന്ന് കരുതി ആര്‍ക്കും മാറി നില്‍ക്കാമല്ലോ.

നമ്മുടെ സമൂഹത്തില്‍ നോക്കി കഴിഞ്ഞാല്‍ ഭയങ്കര അരിശമുള്ളവരുണ്ട്, ഡിപ്ലോമസിയില്‍ സംസാരിക്കുന്നവരുണ്ട്, പാവമായിട്ടുള്ളവരുണ്ട്. ഭയങ്കര കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവരുണ്ട്.

ഒരു സൊസൈറ്റി ആകുമ്പോള്‍ പല ടൈപ്പ് ആളുകളുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ ഈ ഘട്ടത്തില്‍ ഒരു പറച്ചിലിന്റെ ആവശ്യം ഇല്ലെന്ന് അദ്ദേഹത്തിന് തോന്നിക്കാണും.

ഇവിടെ സൈലന്റ് ആയി ഇരിക്കുന്നതാണ് നല്ലതെന്ന് തോന്നാം. സൈലന്‍സും ഒരു പ്രതികരണമാണല്ലോ. ചില സമയത്ത് മൗനം എന്ന് പറയുന്നതും ഒരു ഉത്തരമാണ്,’ ലിസ്റ്റിന്‍ പറഞ്ഞു.

എമ്പുരാന്റെ കാര്യത്തില്‍ പൃഥ്വിരാജിനെ മാത്രം ഒറ്റപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ലെന്നും ലിസ്റ്റിന്‍ പറഞ്ഞു.

‘ഒരു സംവിധായകനെ മാത്രം എങ്ങനെയാണ് നമ്മള്‍ ഒറ്റപ്പെടുത്തുന്നത്. വേറൊരാളുടെ കഥ അദ്ദേഹം സംവിധാനം ചെയ്ത് വെച്ചിരിക്കുകയാണ്. പുള്ളിയല്ല കഥയും തിരക്കഥയും സംഭാഷണവും എഴുതിയത്.

മുരളി ഗോപി എഴുതിയ കഥ പൃഥ്വിരാജിനെ കേള്‍പ്പിച്ചു. അദ്ദേഹം ഓക്കെയായി. അവര്‍ ഇത് ഹീറോയെ കേള്‍പ്പിച്ചു അദ്ദേഹം ഓക്കെയായി. പിന്നീട് പ്രൊഡ്യൂസറും ഓക്കെ ആകുമ്പോഴാണല്ലോ ഒരു സിനിമ ഉണ്ടാകുന്നത്. സിനിമയെന്ന് പറയുന്നത് എല്ലാവര്‍ക്കും പങ്കുള്ള ഒന്നാണ്.

പിന്നെ സിനിമയുടെ ഉള്ളടക്കത്തെ പറ്റി ഞാന്‍ അഭിപ്രായം പറയുന്നില്ല. എന്റെ സിനിമയാണെങ്കില്‍ എനിക്ക് പറയാമായിരുന്നു.

ഈ വിവാദത്തിനിടെ ഞാന്‍ രാജുവിനെ വിളിച്ചിരുന്നു. അദ്ദേഹം സാധാരണ രീതിയില്‍ അല്ല സംസാരിച്ചത്. അദ്ദേഹം ഡെസ്പായിരുന്നു. ഇത് ഇങ്ങനെ വന്ന് ഭവിക്കുമെന്ന് അവരും കരുതിക്കാണില്ല.

എത്രയെത്ര സംഭവങ്ങല്‍, അംശങ്ങള്‍ ഇതൊക്കെ എത്രയെത്ര സിനിമകളില്‍ കാണിക്കുന്നു. പല സിനിമകളിലും പലരും പറയാറുണ്ട്. പിന്നെ മേജര്‍ രവി ചേട്ടന്‍ പറഞ്ഞതിന് ശേഷം ഇതിനെ കുറിച്ച് കേട്ടുകേള്‍വിപോലുമില്ലാത്തവര്‍ പ്രതികരിച്ചു തുടങ്ങി.

ഒറ്റ തിരിഞ്ഞ് ആക്രമിച്ചു. ഒരാളിലേക്ക് കുറ്റം ചുമത്താന്‍ വളരെ ഈസിയാണ്. ആരും അതില്‍ റെസ്‌പോണ്ട് ചെയ്യുന്നതുപോലെയും തോന്നിയില്ല. പൃഥ്വി ഇതെല്ലാം കാണുന്നുണ്ടല്ലോ.

സ്വാഭാവികമായും നമ്മള്‍ ഡൗണ്‍ ആകും. അുകൊണ്ട് തന്നെയാണ് മല്ലിക ചേച്ചി നന്നായി ഇതിനെകുറിച്ച് സംസാരിച്ചു. ഒറ്റപ്പെടുത്തുന്ന രീതി വന്നപ്പോഴാണ് അവര്‍ അവരുടെ മകന് വേണ്ടി സംസാരിച്ചത്,’ ലിസ്റ്റിന്‍ പറഞ്ഞു.

Content Highlight: Producer Listin Stephen about Murali Gopy’s Silence and Prithviraj