Entertainment
ഹോം കണ്ട് ലാലേട്ടന്‍, ഫാലിമി കണ്ട് മമ്മൂക്ക; അവരുടെ വാക്കുകള്‍ ഒരിക്കലും മറക്കില്ല: മഞ്ജു പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 05, 09:05 am
Saturday, 5th April 2025, 2:35 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മഞ്ജു പിള്ള. സിനിമാ-സീരിയല്‍ രംഗത്ത് ഒരുപോലെ സജീവമായ നടി 1991ല്‍ തത്തമ്മേ പൂച്ച പൂച്ച എന്ന ടെലിഫിലിമിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്.

വര്‍ഷങ്ങളോളം ഹാസ്യ വേഷങ്ങള്‍ തന്നെയായിരുന്നു മഞ്ജു ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് സ്വഭാവവേഷങ്ങളും അവതരിപ്പിച്ചു. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന മഹാ സീരിയലിലും മഞ്ജു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

2021ല്‍ പുറത്തിറങ്ങിയ ഹോം എന്ന ചിത്രത്തിലെ ആനിയമ്മയെന്ന കഥാപാത്രമാണ് മഞ്ജുവിന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവാകുന്നത്. പിന്നീട് 2023ല്‍ എത്തിയ ഫാലിമി എന്ന സിനിമയിലെ രമയെന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഹോം, ഫാലിമി എന്നീ സിനിമകള്‍ കണ്ട ശേഷം മോഹന്‍ലാലില്‍ നിന്നും മമ്മൂട്ടിയില്‍ നിന്നും ലഭിച്ച റെസ്‌പോണ്‍സിനെ കുറിച്ച് പറയുകയാണ് മഞ്ജു പിള്ള. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

ഹോം കഴിഞ്ഞപ്പോഴും ഫാലിമി വന്നപ്പോഴുമൊക്കെ ഒരുപാട് നല്ല റെസ്‌പോണ്‍സ് ലഭിച്ചിരുന്നു. ഹോം സിനിമ കണ്ടിട്ട് ലാലേട്ടന്‍ എന്നെ ഫോണ്‍ ചെയ്തിരുന്നു. ‘ഹോം കണ്ടു. അസ്സലായി’ എന്ന് പറഞ്ഞു.

അതുപോലെ മമ്മൂക്ക ഫാലിമി കണ്ടിട്ട് വിളിച്ചിരുന്നു. അദ്ദേഹം എന്നെ നേരിട്ട് കണ്ടപ്പോള്‍ ‘നന്നാകുന്നുണ്ട്. അടിപൊളി ആകുന്നുണ്ട്’ എന്നൊക്കെ പറഞ്ഞു. അത്തരത്തില്‍ ഒരുപാട് നല്ല റെസ്‌പോണ്‍സ് എനിക്ക് ലഭിച്ചിരുന്നു. അതൊന്നും ഞാന്‍ മറക്കില്ല,’ മഞ്ജു പിള്ള പറഞ്ഞു.

കോമഡി ഷോയില്‍ ആരാണ് പ്രചോദനമായത് എന്ന ചോദ്യത്തിനും നടി അഭിമുഖത്തില്‍ മറുപടി പറയുന്നു. കെ.പി.എ.സി ലളിത, കല്‍പന, ഉര്‍വശി, മല്ലിക സുകുമാരന്‍ എന്നിവരുടെ പേരുകളാണ് മഞ്ജു പറഞ്ഞത്.

‘കോമഡി ഷോയില്‍ എനിക്ക് പ്രചോദനം നല്‍കിയത് ലളിതാമ്മയും കല്‍പന ചേച്ചിയുമൊക്കെയാണ്. പിന്നെ ഉര്‍വശി ചേച്ചി, മല്ലിക ചേച്ചി (മല്ലിക സുകുമാരന്‍) ഇവരൊക്കെ പ്രചോദനമായിട്ടുണ്ട്. മല്ലിക ചേച്ചിയുമായിട്ടൊക്കെ ഞാന്‍ വളരെ ഫ്രണ്ട്‌ലിയാണ്,’ മഞ്ജു പിള്ള പറയുന്നു.


Content Highlight: Manju Pillai Talks About Comments Of Mohanlal And Mammootty After Seeing Home And Falimy Movie