Entertainment
അത്ഭുത ദ്വീപ്2, വിനയന്‍ സാറിന് ഒരു ആഗ്രഹമുണ്ട്; അതിന് ചില മുന്നൊരുക്കങ്ങള്‍ ആവശ്യം: ഗിന്നസ് പക്രു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 19, 04:06 am
Saturday, 19th April 2025, 9:36 am

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് വിനയന്‍. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ എത്തിയ മികച്ച സിനിമകളില്‍ ഒന്നായിരുന്നു അത്ഭുത ദ്വീപ്.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ ചിത്രം 2005ലാണ് പുറത്തിറങ്ങിയത്. ചിത്രത്തില്‍ ഉയരം കുറഞ്ഞ ആളുകളുടെ കഥയാണ് പറഞ്ഞിരുന്നത്. പ്രധാനവേഷത്തില്‍ എത്തിയിരുന്നത് ഗിന്നസ് പക്രു ആയിരുന്നു. അത്ഭുതദ്വീപിലെ വേഷത്തിലൂടെ ഏറ്റവും പൊക്കം കുറഞ്ഞ നടനെന്ന ഗിന്നസ് റെക്കോഡ് പക്രു സ്വന്തമാക്കിയിരുന്നു.

അദ്ദേഹത്തിന് പുറമെ പൃഥ്വിരാജ് സുകുമാരന്‍, ജഗതി, കല്‍പന, ജഗദീഷ്, ഇന്ദ്രന്‍സ് എന്നിവരായിരുന്നു മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നത്. ഈയിടെ അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു.

ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് ഗിന്നസ് പക്രു. താനും എല്ലാവരെയും പോലെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്നാണ് അദ്ദേഹം പറയുന്നത്. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗിന്നസ് പക്രു.

‘ഞാനും എല്ലാവരെയും പോലെ തന്നെ വളരെ ആകാംക്ഷയോടെയാണ് അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നത്. ആ സിനിമയെ ഇഷ്ടപ്പെടുന്ന കുറേ ആളുകളുണ്ട്. അവരൊക്കെ കാത്തിരിക്കുകയാണ്.

വലിയ രീതിയുള്ള പടം ചെയ്യണമെന്നാണ് വിനയന്‍ സാറിന്റെ മനസിലുള്ളത്. ആ സിനിമ ഇറങ്ങിയിട്ട് ഇപ്പോള്‍ 20 വര്‍ഷമായി. അതിന് ശേഷം വരുന്നത് അത്രയും മികച്ച രീതിയില്‍ ഉള്ളതാകണം.

അങ്ങനെയൊരു ആഗ്രഹം അദ്ദേഹത്തിനുണ്ട്. അതിന് ചില മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. വിനയന്‍ സാര്‍ അതാണ് ചെയ്യുന്നത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. വിനയന്‍ സാറിന്റെ രീതി എങ്ങനെയാണെന്ന് ചോദിച്ചാല്‍, ഓരോന്നും അപ്‌ഡേറ്റ് ചെയ്യുന്ന ആളല്ല.

ഒരു സുപ്രഭാതത്തില്‍ ചിലപ്പോള്‍ പെട്ടെന്ന് കോള്‍ വരും. ‘എടാ നമ്മള്‍ ഈ ദിവസം തുടങ്ങാന്‍ പോകുകയാണ്’ എന്ന് പറയും. അത്രയേയുള്ളൂ. അതിനുവേണ്ടി കാത്തിരിക്കുകയാണ് ഞാന്‍,’ ഗിന്നസ് പക്രു പറയുന്നു.


Content Highlight: Guinness Pakru Talks About Vinayan And Athbhutha Dweepu 2 Movie