മമ്മൂട്ടിയും മുരളിയും തമ്മിലുണ്ടായ വഴക്കിന് കാരണം മുരളിയുടെ സ്വഭാവമായിരിക്കാമെന്ന് നടനും ഡബ്ബിങ് ആര്‍ടിസ്റ്റുമായ പ്രൊഫ. അലിയാര്‍. ഇരുവരുമായും അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും വഴക്കിന്റെ കാരണത്തെ കുറിച്ച് തന്നോട് പറഞ്ഞിട്ടില്ലെന്നും എന്നാല്‍ ഇരുവരുടെയും സ്വഭാവം നന്നായി അറിയുന്ന ഒരാളെന്ന നിലയില്‍ മുരളിയായിരിക്കാം വഴക്കിന്റെ കാരണമെന്നും അലിയാര്‍ പറയുന്നു. കേരള വിഷന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുരളി കുടിച്ച മദ്യത്തിന്റെ ബില്‍ മമ്മൂട്ടി നല്‍കിയ സംഭവത്തിന് താന്‍ സാക്ഷിയാണെന്നും അലിയാര്‍ പറഞ്ഞു. ഇരുവരും പിണക്കത്തിലായിരുന്നെങ്കിലും മുരളി മരിച്ചപ്പോള്‍ മമ്മൂട്ടി തിരുവനന്തപുരത്തെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നതായും മുരളിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ മമ്മൂട്ടി പങ്കെടുത്തിരുന്നുവെന്നും അലിയാര്‍ പറയുന്നു.
‘അവര്‍ തമ്മിലുള്ള പിണക്കത്തിന് കാരണമെന്താണ് എനിക്കറിയില്ല. രണ്ട് പേരും എന്നോട് അക്കാര്യം പറഞ്ഞിട്ടില്ല. മമ്മൂട്ടി തിരുവനന്തപുരത്ത് വരുമ്പോള്‍ മുരളി സ്ഥലത്തുണ്ടെങ്കില്‍ കാണാന്‍ ആഗ്രഹിക്കും. വരികയും ദീര്‍ഘനേരം സംസാരിച്ചിരിക്കുകയും ചെയ്യും.
സിനിമകളില്‍ ഒരുമിച്ചഭിനയിക്കുകയും വലിയ അടുപ്പവും ലോഹ്യവുമൊക്കെയായിരുന്നു. ഒരു സമയത്ത് എന്തോ പറഞ്ഞ് ഒരു സൗന്ദര്യ പിണക്കത്തിന്റെ പേരില്‍ തെറ്റി. എനിക്ക് രണ്ട് പേരുടെയും സ്വഭാവം കുറച്ചൊക്കെ അറിയുന്നത് കൊണ്ട് മുരളിയായിരിക്കാം അതിന് കാരണക്കാരന്‍ എന്ന് എനിക്ക് തോന്നുന്നു.
ചിലപ്പോള്‍ ചില അഭിപ്രായങ്ങള്‍ പറയുമ്പോള്‍ തെറ്റിദ്ധാരണ കൊണ്ട് അകല്‍ച്ച സംഭവിക്കാം. അങ്ങനെ എന്തോ ഒരു ധാരണപ്പിശക് വന്നതാണ്. പക്ഷെ, മുരളിയുടെ ഭൗതിക ശരീരം അവസാനമായി തിരുവന്തപുരത്തെ സെനറ്റ് ഹാളില്‍ വെക്കുമ്പോള്‍ മമ്മൂട്ടി എറാണാകുളത്ത് നിന്ന് വന്നു. അദ്ദേഹം വരികയും അന്തിമോപചാരം അര്‍പ്പിക്കുകയും ചെയ്തു. അത്രയും ഇഷ്ടമായിരുന്നു.
മാത്രവുമല്ല, മുരളിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ നാട്ടില്‍ ഞങ്ങളൊരു സ്വീകരണം സംഘടിപ്പിച്ചപ്പോഴും മമ്മൂട്ടി വന്നു, അലിയാര്‍ പറഞ്ഞു.
content highlights: Prof. Aliyar speaks about the dispute between Mammootty and Murali,