ന്യൂദൽഹി: ഇന്ത്യയിൽ ആദ്യമായി ആധാർ നേടിയ വ്യക്തി രഞ്ജന സോനാവാനെ ഇപ്പോഴും ക്ഷേമ പദ്ധതികളിൽ നിന്ന് പുറത്ത്. ആധാർ കാർഡ് ലഭിച്ച ആദ്യ ഇന്ത്യക്കാരിയായി പതിനഞ്ച് വർഷങ്ങൾക്ക് ശേഷവും, സർക്കാർ നൽകുന്ന അടിസ്ഥാന ക്ഷേമപദ്ധതികൾ പോലും രഞ്ജന സോനാവാനെയ്ക്ക് ലഭ്യമല്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിലെ തെംബ്ലി ഗ്രാമത്തിൽ താമസിക്കുന്ന 54 കാരിയായ രഞ്ജനയുടെ ബാങ്ക് അക്കൗണ്ടുമായി ആധാർ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും, സംസ്ഥാനത്തിന്റെ ലഡ്കി ബഹിൻ പദ്ധതിയിൽ നിന്ന് പുറത്താക്കിയതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.
പദ്ധതി പ്രകാരം പ്രതിമാസം 1,500 രൂപ സ്റ്റൈപ്പൻഡ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നുണ്ടെന്ന് സർക്കാർ ഉദ്യോഗസ്ഥർ തറപ്പിച്ചുപറയുന്നുണ്ടെങ്കിലും സോനാവാനെക്ക് ഒരു രൂപ പോലും കിട്ടിയിട്ടില്ല. ബാങ്കുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അവരുടെ കുടുംബം ആവർത്തിച്ച് അന്വേഷണം നടത്തി. ഫണ്ട് സ്വീകരിക്കുന്ന അക്കൗണ്ട് അവരുടെ പേരിൽ ആയിരിക്കില്ലെന്നോ അല്ലെങ്കിൽ അവർക്ക് നിയന്ത്രിക്കാൻ കഴിയാത്ത ഒരു ജോയിന്റ് അക്കൗണ്ടിലേക്കാവും പണം പോയിട്ടുണ്ടാവുക എന്നാണ് മറുപടി ലഭിച്ചത്.
ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലെ സാങ്കേതികവും ഉദ്യോഗസ്ഥപരവുമായ തകരാറുകൾ മൂലം ആയിരക്കണക്കിന് സ്ത്രീകൾക്ക് ക്ഷേമ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.
2010ൽ സോനാവാനെ സർക്കാർ സബ്‌സിഡികളും ക്ഷേമ പദ്ധതികളും സുഗമമാക്കുമെന്ന് വാഗ്ദാനം ചെയ്ത ഒരു ഡിജിറ്റൽ ഐഡന്റിറ്റി സിസ്റ്റമായ ആധാറിന്റെ മുഖമായി മാറി. എന്നാൽ ഒരു ദശാബ്ദത്തിലേറെയായി ഈ സംവിധാനം അത് ശാക്തീകരിക്കാൻ ഉദ്ദേശിച്ചവർക്ക് ഗുണമുണ്ടാക്കുന്നില്ലെന്ന് സോനാവാനെയുടെ അനുഭവത്തിൽ നിന്ന് മനസിലാക്കാമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.
2019 വരെ ആധാർ പദ്ധതിക്ക് ഇന്ത്യൻ സർക്കാരിന് ഏകദേശം 11,000 കോടി മുതൽ 13,600 കോടി വരെ ചെലവായിട്ടുണ്ട്. ആ ചെലവ് ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്.
ആധാർ അധിഷ്ഠിത ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി) സംവിധാനത്തിലെ ആഴത്തിലുള്ള ഘടനാപരമായ പ്രശ്നങ്ങളാണ് ഇവിടെ വെളിവാകുന്നത്. ക്ഷേമ പദ്ധതികളുടെ വിതരണത്തിൽ സുതാര്യതയും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനാണ് ഡി.ബി.ടി അവതരിപ്പിച്ചതെങ്കിലും, സാങ്കേതിക തകരാറുകൾ, പിശകുകൾ, ഉത്തരവാദിത്തമില്ലായ്മ എന്നിവ കാരണം ഡി.ബി.ടി സംവിധാനം വേണ്ടത്ര കാര്യക്ഷമമല്ല.
പഠനങ്ങൾ കാണിക്കുന്നത് ഡി.ബി.ടി സ്വീകർത്താക്കളിൽ ഏകദേശം 73 ശതമാനം പേർക്കും പേയ്‌മെന്റ് പ്രോസസ്സിങ് പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ്. തെറ്റായ ബാങ്ക് അക്കൗണ്ടിലേക്കോ ഒന്നിലധികം അക്കൗണ്ടുകളിലേക്കോ ആധാർ ലിങ്ക് ചെയ്യുന്നത് പോലുള്ള ആധാർ സീഡിംഗ് പിശകുകളാണ് ഏകദേശം 18 ശതമാനം പ്രശ്നങ്ങൾക്കും കാരണം. പി.എം-കിസാൻ പോലുള്ള പദ്ധതികളിൽ പകുതിയിലധികവും പേയ്‌മെന്റ് പരാജയങ്ങൾ ഉണ്ടാകുന്നത് ആധാറുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകൾ കാരണമാണ്.
ആധാർ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്ന രീതിയിലെ അവ്യക്തത പ്രശ്നം കൂടുതൽ വഷളാക്കുന്നു. ആധാർ പേയ്‌മെന്റ്സ് ബ്രിഡ്ജ് സിസ്റ്റം (എ.പി.ബി.എസ്) പ്രകാരം പേയ്‌മെന്റുകൾക്കായി അവരുടെ ഏത് ബാങ്ക് അക്കൗണ്ടാണ് ഉപയോഗിക്കുന്നതെന്ന് ആളുകൾക്ക് പലപ്പോഴും അറിയില്ല. ഈ സിസ്റ്റം ബാങ്ക് അക്കൗണ്ട് നമ്പറിന് പകരം ആധാർ നമ്പർ ആണ് ഉപയോഗിക്കുന്നത്. ലിങ്കിങ് വിവരങ്ങളിലേക്ക് ആക്‌സസ് ഉള്ള ഒരേയൊരു സംവിധാനമായ നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) ആണ് ഇത് നടത്തുന്നത്.
തൽഫലമായി രഞ്ജനയ്ക്കും മറ്റു പലർക്കും അവരുടെ ആനുകൂല്യങ്ങൾ ലഭ്യമാകുന്നില്ല. മാത്രമല്ല ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കണമെന്ന് അവർക്ക് അറിയുന്നുമില്ല.
Content Highlight: Why first Indian to get Aadhaar can’t receive welfare payments