national news
പഹല്‍ഗാം ഭീകരാക്രമണം; പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ക്വാജ ആസിഫിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 29, 12:39 pm
Tuesday, 29th April 2025, 6:09 pm

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ക്വാജ ആസിഫിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തു. പ്രകോപനപരവും വര്‍ഗീയപരവുമായ ഉള്ളടക്കം പ്രചരിപ്പിച്ചെന്നാരോപിച്ച് 63 ദശലക്ഷം സബ്സ്‌ക്രൈബര്‍മാരുള്ള 16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ ഇന്ത്യയില്‍ നിരോധിച്ചതിന് പിന്നാലെയാണ് ഈ നടപടി.

പാകിസ്ഥാന്‍ 30 വര്‍ഷത്തോളമായി അമേരിക്കക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ക്കും വേണ്ടി ഭീകരവാദത്തെ പിന്തുണച്ചിരുന്നെന്ന് ക്വാജ ആസിഫ് സ്‌കൈ ന്യൂസിനോട് പറഞ്ഞിരുന്നു. കൂടാതെ പഹല്‍ഗാം ആക്രമണം ഇന്ത്യ തന്നെ നടത്തിയതാണെന്നും പാകിസ്ഥാനില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഇപ്പോള്‍ ഇല്ലെന്നും ആസിഫ് പറഞ്ഞിരുന്നു.

എപ്പോള്‍ വേണമെങ്കിലും പാകിസ്ഥാനെതിരെ ആക്രമണം അഴിച്ചുവിടുമെന്നും ഖ്വാജ ആസിഫ് പറയുകയുണ്ടായി. പാകിസ്ഥാന്‍ അതീവ ജാഗ്രതയിലാണെന്നും പാകിസ്ഥാന്റെ ആണവ ശേഷി വെറുതെയല്ലെന്നും ഖ്വാജ ആസിഫ് പരാമര്‍ശം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആസിഫിന്റെ എക്സ് അക്കൗണ്ട് ഇന്ത്യ ബ്ലോക്ക് ചെയ്തത്.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന് ആസിഫ് ഒരു അഭിമുഖത്തില്‍ ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം അതില്‍ നിന്ന് പിന്മാറി. മൂന്ന് ദിവസത്തിനുള്ളില്‍ ഒരു യുദ്ധം ഉണ്ടാകുമെന്ന് പ്രവചിച്ചിട്ടില്ലെന്നും അടുത്ത മൂന്ന് മുതല്‍ നാല് ദിവസം നിര്‍ണായകമാകുമെന്നാണ് പറഞ്ഞതെന്നും ആസിഫ് പറഞ്ഞു.

ഡോണ്‍ ന്യൂസ്, ഇര്‍ഷാദ് ഭട്ടി, സാമ ടിവി, എ.ആര്‍.വൈ ന്യൂസ്, ബി.ഒ.എല്‍ ന്യൂസ്, റാഫ്താര്‍, ദി പാകിസ്ഥാന്‍ റഫറന്‍സ്, ജിയോ ന്യൂസ്, സാമ സ്പോര്‍ട്സ്, ജി.എന്‍.എന്‍, ഉസൈര്‍ ക്രിക്കറ്റ്, ഉമര്‍ ചീമ എക്സ്‌ക്ലൂസീവ്, അസ്മ ഷിറാസി, മുനീബ് ഫാറൂഖ്, സുനോ ന്യൂസ്, റാസി നാമ തുടങ്ങിയ ചാനലുകളെയാണ് ഇന്ത്യ ബ്ലോക്ക് ചെയ്തത്.

‘ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ ദാരുണമായ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കും സൈന്യത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കുമെതിരെ പ്രകോപനപരവും വര്‍ഗീയമായി സെന്‍സിറ്റീവ് ആയതുമായ ഉള്ളടക്കം, തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരണങ്ങള്‍, തെറ്റായ വിവരങ്ങള്‍ എന്നിവ പ്രചരിപ്പിച്ചതിന്, ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ നിരോധിച്ചു,’ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം പഹല്‍ഗാം ആക്രമണത്തെക്കുറിച്ചുള്ള ബി.ബി.സിയുടെ റിപ്പോര്‍ട്ടിങ്ങിനെയും ഇന്ത്യ ശക്തമായി എതിര്‍ത്തിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ചുള്ള ബി.ബി.സിയുടെ റിപ്പോര്‍ട്ടിങ്ങില്‍ രാജ്യത്തിന്റെ ശക്തമായ വികാരം ബി.ബി.സി ഇന്ത്യ മേധാവി ജാക്കി മാര്‍ട്ടിന് അയച്ച കത്തില്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. മാത്രമല്ല പഹല്‍ഗാം ദുരന്തത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിങ്ങില്‍ ഭീകരവാദികളെ ‘തീവ്രവാദികള്‍’ എന്ന് വിശേഷിപ്പിച്ചതിനെതിരെയും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ഭീകരരെ തീവ്രവാദികളായി വിശേഷിപ്പിക്കുന്നത് സംബന്ധിച്ച് ബി.ബി.സിക്ക് ഒരു ഔദ്യോഗിക കത്ത് അയച്ചിട്ടുണ്ടെന്നും ബി.ബി.സിയുടെ റിപ്പോര്‍ട്ടിങ്ങ്‌ വിദേശകാര്യ മന്ത്രാലയത്തിന്റെ എക്സ്റ്റേണല്‍ പബ്ലിസിറ്റി വിഭാഗം നിരീക്ഷിക്കുമെന്നും ഒരു ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Pahalgam terror attack: Pakistan Defense Minister Khwaja Asif’s ex-account blocked in India