Entertainment
മോഹന്‍ലാലിന്റെയും ഗോകുലം ഗോപാലന്റെയും പേരില്ലാത്ത പോസ്റ്റര്‍ ആദ്യം, പിന്നാലെ ഫോട്ടോ മാറ്റി പോസ്റ്റ് ചെയ്ത് പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 31, 12:26 pm
Monday, 31st March 2025, 5:56 pm

മലയാളസിനിമ കണ്ട ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് എമ്പുരാന്‍. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ച്ചയായാണ് എമ്പുരാന്‍ പ്രേക്ഷകരിലേക്കെത്തിയത്. ബജറ്റും മേക്കിങ്ങും കൊണ്ട് ഇന്‍ഡസ്ട്രി കണ്ട ഏറ്റവും വലിയ ചിത്രമായ എമ്പുരാന്‍ ഇതിനോടകം 150 കോടിക്ക് മുകളില്‍ സ്വന്തമാക്കിക്കഴിഞ്ഞു. ചിത്രത്തെ ചൊല്ലി പല തരത്തിലുള്ള വിവാദങ്ങളും കൊടുമ്പിരി കൊണ്ടിരിക്കുകയാണ്.

ഗുജറാത്ത് കലാപത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം സംഘപരിവാറിനെ ചൊടിപ്പിക്കുകയും എമ്പുരാനെതിരെ വ്യാപകമായ സൈബര്‍ ആക്രമണം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. വിവാദത്തിന് പിന്നാലെ ഖേദപ്രകടനവുമായി മോഹന്‍ലാല്‍ രംഗത്തെത്തുകയും ചിത്രത്തിലെ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു.

ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള മോഹന്‍ലാലിന്റെ പോസ്റ്റ് പൃഥ്വിരാജ് ഷെയര്‍ ചെയ്യുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് മുമ്പും പല വിവാദങ്ങളിലും തന്റെ നിലപാട് മാറ്റാത്ത പൃഥ്വിരാജ് എമ്പുരാന്റെ കാര്യത്തില്‍ മോഹന്‍ലാലിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തതിനെ പലരും ചോദ്യം ചെയ്തിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജ് പങ്കുവെച്ച പുതിയ പോസ്റ്ററിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്.

ചിത്രത്തിലെ നായകന്‍ മോഹന്‍ലാലിന്റെയും നിര്‍മാതാവ് ഗോകുലം ഗോപാലന്റെയും പേര് ഇല്ലാത്ത പോസ്റ്ററാണ് പൃഥ്വി ഷെയര്‍ ചെയ്തത്. പൃഥ്വിയുടെ കഥാപാത്രമായ സയേദ് മസൂദിന്റെ ചിത്രമുള്ള പോസ്റ്ററാണ് പോസ്റ്റ് ചെയ്തത്. സംവിധായകാനായ പൃഥ്വിരാജിന്റെയും റൈറ്റര്‍ മുരളി ഗോപിയുടെയും പേര് മാത്രമേ പോസ്റ്ററിലുണ്ടായിരുന്നുള്ളൂ.

ഇതിന് മുമ്പ് പൃഥ്വി പങ്കുവെച്ച പോസ്റ്ററുകളിലെല്ലാം മോഹന്‍ലാലിന്റെ പേര് ടൈറ്റിലിന്റെ മുകളില്‍ ഉണ്ടായിരുന്നു. വിവാദങ്ങളില്‍ മറുപടി പറയാത്ത മുരളി ഗോപിയുടെ നിലപാടും പലരും ചര്‍ച്ച ചെയ്യുന്നുണ്ട്. ഇത് പല പേജുകളിലും ഗ്രൂപ്പുകളിലും ചര്‍ച്ചയായതോടെ ഫോട്ടോ മാറ്റി പോസ്റ്റ് ചെയ്തിരിക്കുകയാണ് പൃഥ്വിരാജ്. ഇത് ആദ്യമേ ചെയ്തുകൂടായിരുന്നോ എന്ന് കമന്റില്‍ പലരും ചോദിക്കുന്നുണ്ട്.

ഗുജറാത്ത് കലാപത്തിലെ പല ഭാഗങ്ങളും കട്ട് ചെയ്ത്, പ്രധാന വില്ലന്റെ പേര് മാറ്റി തുടങ്ങി നിരവധി മാറ്റം വരുത്തിയ എമ്പുരാന്റെ പുതിയ പതിപ്പ് ഇന്നുമുതല്‍ പ്രദര്‍ശനത്തിനെത്തി. മൂന്ന് മിനിറ്റ് ചിത്രത്തില്‍ നിന്ന് രണ്ട് മിനിറ്റ് 57 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഭാഗങ്ങളാണ് നീക്കം ചെയ്തത്. അവധിദിനമായ ഞായറാഴ്ചയാണ് ചിത്രം റീ സെന്‍സര്‍ ചെയ്തത് എന്ന കാര്യം വലിയ ചര്‍ച്ചയായിരുന്നു.

Content Highlight: Prithviraj’s new poster of Empuraan in discussion