Cricket
ചെന്നൈയുടെ തോല്‍വിയുടെ കാരണം അതാണ്...; തുറന്ന് പറഞ്ഞ് കൈഫും സഞ്ജയും
സ്പോര്‍ട്സ് ഡെസ്‌ക്
3 days ago
Monday, 31st March 2025, 5:10 pm

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. റോയല്‍സിന്റെ തട്ടകമായ ഗുവാഹത്തിയിലെ ബര്‍സാപര സ്‌റ്റേഡിയത്തില്‍ ആറ് റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് രാജസ്ഥാന്‍ നേടിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ രാജസ്ഥാന് വേണ്ടി സീസണിലെ ആദ്യ വിജയം രേഖപ്പെടുത്താനും ക്യാപ്റ്റന്‍ പരാഗിന് സാധിച്ചു.

വമ്പന്‍ ബാറ്റിങ് നിരയുണ്ടായിട്ടും ചെന്നൈ സ്വന്തം തട്ടകത്തില്‍ പരാജയപ്പെട്ടപ്പോള്‍ മുന്‍ താരങ്ങളില്‍ നിന്ന് ടീമിന് വലിയ വിമര്‍ശനങ്ങളാണ് നേരിടേണ്ടിവന്നത്. ഇപ്പോള്‍ ചെന്നൈ പുറത്തായതിന്റെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ മുഹമ്മദ് കൈഫ്.

ഓള്‍ റൗണ്ടര്‍ ശിവം ദുബെയുടെ വിക്കറ്റാണ് ചെന്നൈയെ തോല്‍വിയിലെത്തിച്ചതെന്നാണ് കൈഫ് പറഞ്ഞത്. മത്സരത്തില്‍ ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ശിവം ദുബെയെ ഹസരംഗയാണ് പുറത്താക്കിയത്. മിന്നല്‍ ഷോട്ടില്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ ഐതിഹാസികമായ ക്യാച്ചിലാണ് ദുബെ പുറത്തായത്. 18 റണ്‍സാണ് ദുബെയ്ക്ക് നേടാന്‍ സാധിച്ചത്. മാത്രമല്ല നിര്‍ണായകമായ 18ാം ഓവറില്‍ രാജസ്ഥാന് വേണ്ടി മഹേഷ് തീക്ഷണ മികച്ച ബൗളിങ് പ്രകടനവും കാഴ്ചവെച്ചെന്ന് കൈഫ് പറഞ്ഞു.

കൈഫ് പറഞ്ഞത്

‘ശിവം ദുബെയുടെ വിക്കറ്റാണ് മത്സരത്തിന്റെ വഴിത്തിരിവായത്. റിയാന്‍ പരാഗ് ഒരു മികച്ച ക്യാച്ച് എടുത്തു. സി.എസ്.കെയുടെ ചേസിങ്ങിന്റെ 18ാം ഓവറില്‍ മഹേഷ് തീക്ഷണ പന്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. രവീന്ദ്ര ജഡേജയ്ക്കും എം.എസ്. ധോണിക്കും പന്തെറിഞ്ഞിട്ടും അദ്ദേഹം വെറും 6 റണ്‍സ് മാത്രമാണ് വഴങ്ങിയത്,’ കൈഫ് സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

എന്നാല്‍ മുഹമ്മദ് കൈഫിന്റെ അഭിപ്രായത്തോട് വിയോജിച്ച സഞ്ജയ് ബംഗാര്‍, പവര്‍പ്ലെ ഓവറുകളില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിങ് പ്രകടനമാണ് ചെന്നൈയുടെ മത്സരത്തില്‍ വഴിത്തിരിവായതെന്ന് പരാമര്‍ശിച്ചു.

‘പവര്‍പ്ലെ ഓവറുകളില്‍ രാജസ്ഥാന്‍ കളി ജയിച്ചു എന്ന് ഞാന്‍ കരുതുന്നു. ബാറ്റിങ്ങില്‍ നിതീഷ് മികച്ച പ്രകടനം കാഴ്ചവെച്ചു. ഒരു വിക്കറ്റ് നഷ്ടപ്പെട്ടിട്ടും അവര്‍ 79 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പവര്‍പ്ലെയില്‍ ആര്‍.ആര്‍ മുന്നേറി,’ സഞ്ജയ് പറഞ്ഞു.

 

Content Highlight: Mohammad Kaif And Sanjay Bangar Talking About Chennai Lose Against Rajasthan