Sports News
ആദ്യ വിജയത്തിന് ശേഷം രാജസ്ഥാന് സന്തോഷവാര്‍ത്ത; സഞ്ജുവും പിള്ളേരും ഇനി ഡബിള്‍ സ്‌ട്രോങ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 31, 12:39 pm
Monday, 31st March 2025, 6:09 pm

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. റോയല്‍സിന്റെ തട്ടകമായ ഗുവാഹത്തിയിലെ ബര്‍സാപര സ്‌റ്റേഡിയത്തില്‍ ആറ് റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് രാജസ്ഥാന്‍ നേടിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ രാജസ്ഥാന് വേണ്ടി സീസണിലെ ആദ്യ വിജയം രേഖപ്പെടുത്താനും ക്യാപ്റ്റന്‍ പരാഗിന് സാധിച്ചു.

എന്നാല്‍ രാജസ്ഥാന്‍ ആരാധകര്‍ക്ക് ഇപ്പോള്‍ മറ്റൊരു സന്തോഷവാര്‍ത്തയാണ് വന്നിരിക്കുന്നത്. കൈവിരലിന് പരിക്ക് പറ്റി, ആദ്യത്തെ മൂന്ന് മത്സരങ്ങില്‍ ടീമിന്റെ ക്യാപ്റ്റന്‍സിയില്‍ നിന്നും വിക്കറ്റ് കീപ്പിങ് റോളില്‍ നിന്നും മാറി നിന്ന സഞ്ജു സാംസണ്‍ ഫുള്‍ ടൈം പ്ലെയറായി ടീമിലേക്ക് തിരിച്ചെത്താനിരിക്കുകയാണ്. പരിക്ക് കാരണം ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ ടീമിന് വേണ്ടി ബാറ്റിങ് റോളില്‍ മാത്രമായിരുന്നു സഞ്ജു ഇറങ്ങിയത്. ആദ്യ മൂന്ന് മത്സരങ്ങള്‍ക്ക് ടീം ക്യാപ്റ്റനാക്കിയത് റിയാന്‍ പരാഗിനെയായിരുന്നു.

ക്രിക്ബസ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നിന്ന് ക്യാപ്റ്റന്‍സിയും വിക്കറ്റ് കീപ്പിങ്ങും ഉള്‍പ്പെടെയുള്ള ചുമതലകള്‍ തിരിച്ചെടുക്കാനുള്ള അനുമതിക്കായി സഞ്ജു കാത്തിരിക്കുകയാണ്. ഫിറ്റ്‌നസ് ക്ലിയറന്‍സിന് ശേഷം അടുത്ത മത്സരത്തില്‍ ടീമില്‍ പൂര്‍ണ ഉത്തരവാദിത്തത്തോടെ സഞ്ജു തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്.

‘ബാക്കിയുള്ള മത്സരങ്ങള്‍ക്ക് അദ്ദേഹം അനുമതി തേടും, ഏകദേശം ഒരു ആഴ്ച അകലെയുള്ള രാജസ്ഥാന്റെ അടുത്ത മത്സരത്തില്‍ നിന്ന് അദ്ദേഹം നായകനായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു,’ ക്രിക്ബസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

2025ലെ ഇതുവരെയുള്ള മൂന്ന് മത്സരങ്ങളില്‍ നിന്ന് സഞ്ജു 99 റണ്‍സാണ് നേടിയത്. ഹൈദരാബാദിനെതിരെയുള്ള മത്സരത്തില്‍ നിന്ന് 37 പന്തില്‍ നിന്ന് 66 റണ്‍സ് നേടിയതാണ് സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇനി വരാനിരിക്കുന്ന മത്സരങ്ങളില്‍ നിന്ന് സഞ്ജു മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഏപ്രില്‍ അഞ്ചിന് പഞ്ചാബ് കിങ്‌സിനോടാണ് രാജസ്ഥാന്റെ അടുത്ത മത്സരം.

 

Content Highlight: Sanju Samson is awaiting approval from the Centre of Excellence to resume duties including captaincy and wicketkeeping