World News
റഫയില്‍ പുതിയ സുരക്ഷാ ഇടനാഴി നിര്‍മിച്ച് ഇസ്രഈല്‍; ഫലസ്തീനികളോട് ഒഴിഞ്ഞ് പോകാനും നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 12, 06:06 pm
Saturday, 12th April 2025, 11:36 pm

ടെല്‍ അവീവ്: ഗസയിലെ തെക്കന്‍ നഗരമായ റഫയെ ഗസയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്ന പുതിയ സുരക്ഷാ ഇടനാഴിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതായി ഇസ്രഈല്‍ ഇന്ന് (ശനി) പ്രഖ്യാപിച്ചു. ഉടന്‍തന്നെ അതിര്‍ത്തിയുടെ ചെറിയ തീരദേശ പ്രദേശങ്ങളിലേക്ക് കൂടി നിര്‍മാണം വ്യാപിപ്പിക്കുമെന്ന് ഇസ്രഈല്‍ സൈന്യം അറിയിച്ചിട്ടുണ്ട്.

ഗസയിലെ ബാക്കിയുള്ള സ്ഥലങ്ങളിലേക്കും സൈന്യത്തിന്റെ പ്രവര്‍ത്തങ്ങള്‍ വ്യാപിപ്പിക്കുമെന്നും ഫലസ്തീനികള്‍ ഉടന്‍തന്നെ അവരുടെ താമസസ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകേണ്ടിവരുമെന്നും ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സ് പ്രസ്താവന വഴി അറിയിച്ചു. ബന്ദികളെ മോചിപ്പിക്കാനും ഹമാസിനെ തകര്‍ക്കാനും ഫലസ്തീനികള്‍ കൂടെ നില്‍ക്കണമെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗം ഇതാണെന്നും കാറ്റ്‌സിന്റെ പ്രസ്താവനയിലുണ്ട്.

റഫയ്ക്കും ഖാന്‍ യൂനിസിനും ഇടയില്‍ ഒരുകാലത്ത് നിലനിന്നിരുന്ന ജൂത സ്ഥലത്തിന്റെ പേരായ മൊറാഗ് എന്ന പുതിയ സുരക്ഷാ ഇടനാഴിയിലേക്ക് കഴിഞ്ഞ ആഴ്ച ഇസ്രഈല്‍ സൈന്യത്തെ വിന്യസിച്ചിരുന്നു. റഫയുടെ ഭൂരിഭാഗ പ്രദേശവും ഒന്നാകെ ഒഴിപ്പിക്കുന്ന നടപടിയാണ് ഇപ്പോള്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

അതേസമയം ഗസയുടെ ഭൂരിഭാഗവും പിടിച്ചെടുക്കുമെന്നും ബന്ദികളായിട്ടുള്ള ബാക്കി 59 പേരെയും മോചിപ്പിക്കാനും പുതിയ വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ അംഗീകരിക്കാനും ഹമാസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഇസ്രഈല്‍ അറിയിച്ചു.

ഗസയില്‍ ഭക്ഷണം, ഇന്ധനം, മാനുഷിക സഹായം എന്നിവയ്ക്ക് ഒരു മാസത്തെ ഉപരോധംകൂടി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഫലസ്തീനികളെ കടുത്ത ക്ഷാമത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ഇസ്രഈലിന്റെ ഈ തീരുമാനത്തെ മനുഷ്യാവകാശ സംഘടനകള്‍ യുദ്ധകുറ്റമായാണ് കണക്കാക്കുന്നത്.

2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രഈലില്‍ ഹമാസ് നടത്തിയ പ്രത്യാക്രമണത്തിന് ശേഷമാണ്‌ ഗസയിലെ യുദ്ധം ആരംഭിച്ചത്. അതില്‍ ഏകദേശം 1,200 പേര്‍ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കി ഗസയിലേക്ക് ഹമാസ് കൊണ്ടുപോവുകയും ചെയ്തിരുന്നു.

പിന്നാലെ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 61,709 ഗസ നിവാസികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. 47,498 പേരുടെ മരണമായിരുന്നു ആദ്യം സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ വെടിനിര്‍ത്തലിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിക്കുകയായിരുന്നു.

Content Highlight: Israel builds new security corridor in Rafah; Palestinians ordered to evacuate