IPL
20ാം ഓവറില്‍ 303 സ്‌ട്രൈക്ക് റേറ്റില്‍ 209 റണ്‍സ്; ചരിത്ര നേട്ടവുമായി സ്‌റ്റോയ്‌നിസ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 12, 05:34 pm
Saturday, 12th April 2025, 11:04 pm

ഐ.പി.എല്‍ 2025ലെ 27ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 245 റണ്‍സ് പടുത്തുയര്‍ത്തിയാണ് പഞ്ചാബ് കിങ്‌സ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. സണ്‍റൈസേഴ്‌സിന്റെ തട്ടകമായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അടക്കമുള്ള താരങ്ങളുടെ മികവിലാണ് പഞ്ചാബ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ടോസ് നേടിയ പഞ്ചാബ് നായകന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങ്ങും അടിത്തറയിട്ട ഇന്നിങ്‌സ് ശ്രേയസ് അയ്യര്‍ കെട്ടിപ്പൊക്കുകയും മാര്‍ക്കസ് സ്റ്റോയ്‌നിസ് തന്റെ തകര്‍പ്പന്‍ ഫിനിഷിങ്ങിലൂടെ അവസാനിപ്പിക്കുകയുമായിരുന്നു.

ശ്രേയസ് അയ്യര്‍ 26 പന്തില്‍ 82 റണ്‍സ് നേടിയപ്പോള്‍ പ്രഭ്‌സിമ്രാന്‍ 23 പന്തില്‍ 42 റണ്‍സും പ്രിയാന്‍ഷ് ആര്യ 13 പന്തില്‍ 36 റണ്‍സും അടിച്ചെടുത്തു. 11 പന്തില്‍ പുറത്താകാതെ 34 റണ്‍സാണ് സ്റ്റോയ്‌നിസ് നേടിയത്.

മുഹമ്മദ് ഷമിയെറിഞ്ഞ അവസാന ഓവറില്‍ നേരിട്ട അഞ്ച് പന്തില്‍ നിന്നും നാല് സിക്‌സര്‍ ഉള്‍പ്പടെ 26 റണ്‍സാണ് സ്റ്റോയ്‌നിസ് അടിച്ചെടുത്തത്. ഇതോടെ നാല് ഓവറില്‍ നിന്നും 75 റണ്‍സ് ഷമിക്ക് വിട്ടുകൊടുക്കേണ്ടി വന്നു.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും മാര്‍കസ് സ്‌റ്റോയ്‌നിസിന്റെ പേരില്‍ കുറിക്കപ്പെട്ടു. 20ാം ഓവറുകളില്‍ ഏറ്റവുമധികം സ്‌ട്രൈക്ക് റേറ്റുള്ള താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.

ഐ.പി.എല്‍ കരിയറില്‍ 20ാം ഓവറില്‍ 209 റണ്‍സാണ് താരം അടിച്ചെടുത്തത്, അതാകട്ടെ 302.90 സ്‌ട്രൈക്ക് റേറ്റിലും.

 

ഐ.പി.എല്ലില്‍ 20ാം ഓവറില്‍ ഏറ്റവുമധികം സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സടിച്ച താരങ്ങള്‍ (ചുരുങ്ങിയത് 150 റണ്‍സ്)

(താരം – റണ്‍സ് – സ്‌ട്രൈക്ക് റേറ്റ് എന്നീ ക്രമത്തില്‍)

മാര്‍കസ് സ്‌റ്റോയ്‌നിസ് – 209 – 302.90*

രോഹിത് ശര്‍മ – 257 – 282.4

എ.ബി. ഡി വില്ലിയേഴ്‌സ് – 225 – 255.7

എം.എസ്. ധോണി – 835 – 245.59

ഹര്‍ദിക് പാണ്ഡ്യ – 263 – 242.62

അതേസമയം, പഞ്ചാബ് ഉയര്‍ത്തിയ 246 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് അതിവേഗം വിജയത്തിലേക്ക് കുതിക്കുകയാണ്. നിലവില്‍ 14 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 186 എന്ന നിലയിലാണ് ഓറഞ്ച് ആര്‍മി.

സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മയുടെ ഇന്നിങ്‌സിന്റെ ബലത്തിലാണ് സണ്‍റൈസേഴ്‌സ് വിജയലക്ഷ്യം മറികടക്കാന്‍ ഒരുങ്ങുന്നത്. 40ാം പന്തില്‍ സെഞ്ച്വറി നേടിയ താരം നിലവില്‍ 44 പന്തില്‍ നിന്നും 108 റണ്‍സാണ് നേടിയത്. നാല് പന്തില്‍ മൂന്ന് റണ്‍സുമായി ഹെന്‌റിക് ക്ലാസനാണ് ഒപ്പമുള്ളത്. 37 പന്തില്‍ 66 റണ്‍സടിച്ച ട്രാവിസ് ഹെഡിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

പ്രിയാന്‍ഷ് ആര്യ, പ്രഭ്സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), മാര്‍കസ് സ്റ്റോയ്‌നിസ്, നെഹല്‍ വധേര, ഗ്ലെന്‍ മാക്സ്‌വെല്‍, ശശാങ്ക് സിങ്, മാര്‍കോ യാന്‍സെന്‍, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ലോക്കി ഫെര്‍ഗൂസണ്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, സീഷന്‍ അന്‍സാരി, മുഹമ്മദ് ഷമി, ഇഷാന്‍ മലിംഗ.

Content Highlight: IPL 2025: PBKS vs SRH: Marcus Stoinis tops the record of highest strike rate in 20th Over of IPL