തൃശൂര്‍: എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ മെത്രാപൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഗാന്ധിജിയെ വധിച്ചു, ഗുജറാത്തില്‍ ആയിരങ്ങളെ കൊന്നു, ബാബരി മസ്ജിദ് തകര്‍ത്തു, ഇപ്പോള്‍ ഒരു സിനിമയെ കൊന്നു, കൊലപാതകങ്ങള്‍ തുടരുന്നുവെന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലൂടെയാണ് മെത്രാപൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പ്രതികരിച്ചത്.
മുരളി ഗോപി തിരക്കഥ ഒരുക്കിയ എമ്പുരാന്‍ ആരംഭിച്ചത് 2002ലെ ഗുജറാത്ത് കലാപം കാണിച്ചു കൊണ്ടായിരുന്നു. സിനിമയുടെ ആദ്യത്തെ 20 മിനിറ്റില്‍ കലാപമായിരുന്നു പശ്ചാത്തലം. കലാപത്തിന് കാരണക്കാരായവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്ന പ്രസ്താവനയടക്കം എമ്പുരാനില്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ സംഘപരിവാര്‍ അണികള്‍ ഉള്‍പ്പെടെ അണിയറ പ്രവര്‍ത്തകരെ വിമര്‍ശിച്ച് രംഗത്തെത്തുകയായിരുന്നു.
അതോടെ ഇന്‍ഡസ്ട്രിയിലെ ഏറ്റവും ചെലവേറിയ ചിത്രമായി എത്തിയ എമ്പുരാന്‍ ആദ്യ ഷോയ്ക്ക് പിന്നാലെ വ്യാപകമായ സൈബര്‍ ആക്രമണം നേരിടുകയായിരുന്നു. കലാപത്തെ കുറിച്ച് പറഞ്ഞ വസ്തുതകള്‍ ചില തീവ്ര ഹിന്ദുത്വ വാദികളെ ചൊടിപ്പിക്കുകയായിരുന്നു.
മോഹന്‍ലാലും പൃഥ്വിരാജ് സുകുമാരനും പല ഭാഗങ്ങളില്‍ നിന്നുള്ള വ്യാപകമായ സൈബര്‍ ആക്രമണമാണ് നേരിട്ടത്. പിന്നാലെ സിനിമയിലെ 17 ഭാഗങ്ങള്‍ വെട്ടാനുള്ള തീരുമാനം ഉണ്ടാവുകയും സിനിമയിലെ വില്ലന്‍ കഥാപാത്രത്തിന്റെ പേര് മാറ്റാനും തീരുമാനമുണ്ടായി. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍ എത്തുകയും ചെയ്തിരുന്നു.
Content Highlight: Gandhiji was assassinated, thousands were killed in Gujarat, Babri Masjid was demolished, and now a movie has been killed. The killings continue; Yuhanon Mar Milithios on the Empuran issue