Kerala News
എമ്പുരാനിലേത് ക്രിസ്ത്യന്‍ വിരുദ്ധ ആശയങ്ങള്‍; നാലാമതും എമ്പുരാനെതിരെ വിമര്‍ശനവുമായി ഓര്‍ഗനൈസര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
3 days ago
Monday, 31st March 2025, 5:58 pm

തിരുവനന്തപുരം: എമ്പുരാനെതിരെ നാലാമത്തെ ലേഖനവുമായി ആര്‍.എസ്.എസ് മുഖപത്രം ഓര്‍ഗനൈസര്‍ വീണ്ടും രംഗത്ത്. എമ്പുരാനിലേത് ക്രിസ്ത്യന്‍ വിരുദ്ധ ആശയങ്ങളെന്ന് വിമര്‍ശിച്ചാണ് പുതിയ ലേഖനം പ്രസിദ്ധീരിച്ചിരിക്കുന്നത്.

സിനിമയിലെ സീനുകള്‍ ചിത്രീകരിച്ച സ്ഥലങ്ങളുടെ തെരഞ്ഞെടുപ്പില്‍ പോലും ദുരൂഹതയുണ്ടെന്നും ഇത്തരം വിമര്‍ശനങ്ങള്‍ ഇസ് ലാമിനെതിരെയായിരുന്നെങ്കില്‍ എന്താകുമായിരുന്നെന്ന് ചിന്തിക്കണമെന്നും ഓര്‍ഗനൈസറില്‍ ആരോപിക്കുന്നു.

ക്രിസ്തുമതത്തിനെതിരായത് കൊണ്ട് ആരും പ്രതികരിക്കുന്നില്ലെന്നും സിനിമയ്‌ക്കെതിരെ ക്രിസ്ത്യാനികള്‍ രംഗത്തെത്തണമെന്നും ഓര്‍ഗനൈസര്‍ അവകാശപ്പെടുന്നുണ്ട്. ദൈവപുത്രന്‍ തന്നെ തെറ്റ് ചെയ്യുമ്പോള്‍ എന്ന ഡയലോഗടക്കം പരാമര്‍ശിച്ചാണ് വിമര്‍ശനം.

നേരത്തെ എമ്പുരാനെതിരെയും  അണിയറ പ്രവര്‍ത്തകര്‍ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി ഓര്‍ഗനൈസര്‍ ലേഖനങ്ങള്‍ പുറത്തുവിട്ടിരുന്നു. പൃഥ്വിരാജിനെ കടന്നാക്രമിച്ചുകൊണ്ടുള്ള ലേഖനമാണ് ഓര്‍ഗനൈസര്‍ ഇന്ന് രാവിലെ പുറത്തിറക്കിയത്. കേന്ദ്രത്തിന് എതിരായ നിലപാടുകള്‍ എടുക്കുന്നയാളാണ് പൃഥ്വിരാജ് എന്നാണ് ആ.എസ്.എസ് മുഖപത്രം എഴുതിയത്.

പൃഥ്വിരാജിന് ഹിന്ദുക്കളുടെ കാര്യം വരുമ്പോള്‍ ഇരട്ടത്താപ്പാണെന്നും മുനമ്പം വിഷയത്തിലും ബംഗ്ലാദേശ് വിഷയത്തിലും ഒന്നും സംസാരിക്കാന്‍ പൃഥ്വിരാജ് താത്പര്യം കാണിച്ചില്ലെന്നും മൗനം പാലിക്കുന്നുവെന്നും ഓര്‍ഗനൈസര്‍ പറഞ്ഞിരുന്നു. പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളും കളിയാക്കാനുപയോഗിക്കുന്ന പേരുകളും ഉള്‍പ്പെടുത്തിയാണ് ആര്‍.എസ്.എസ് മുഖപത്രത്തിന്റെ ലേഖനം.

ഇന്നലെ (ഞായറാഴ്ച) എമ്പുരാനെതിരെയും മോഹന്‍ലാലിനെതിരെയും ഓര്‍ഗനൈസറിന്റെ വെബ് പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. എമ്പുരാനെതിരായ തങ്ങളുടെ പ്രതിഷേധം ഫലം കാണുകയാണെന്നും അതുകൊണ്ടാണ് സിനിമയിലെ 17 കട്ടുകള്‍ സെന്‍സര്‍ ചെയ്ത് കളയാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ തീരുമാനിച്ചതെന്നും ലേഖനത്തില്‍ പറയുകയുണ്ടായി.

ചിത്രം നിര്‍മിച്ച ഗോകുലം ഗോപാലന്‍ സ്‌ക്രിപ്റ്റ് കണ്ടില്ലേയെന്നും മോഹന്‍ലാല്‍ തിരക്കഥ വായിച്ചില്ലെന്ന് പറയുന്നത് അവിശ്വസനീയമാണെന്നും മുഖപത്രം വിമര്‍ശിച്ചിരുന്നു.

മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ ആരാധകരെ ചതിച്ചുവെന്ന് പറഞ്ഞ് ഓര്‍ഗനൈസര്‍ ഇന്നലെ രാവിലെ പുറത്തിറക്കിയ ലേഖനത്തില്‍ പറയുന്നുണ്ട്. എങ്ങനെയാണ് ഇത്തരത്തില്‍ ഒരു സിനിമ മോഹന്‍ലാല്‍ ഏറ്റെടുത്തതെന്നും ചോദ്യം ഉയര്‍ത്തി. 2002ലെ ഗുജറാത്ത് കലാപത്തില്‍ പൃഥ്വിരാജ് ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിച്ചുവെന്നും ഉള്ളടക്കങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ഓര്‍ഗനൈസര്‍ പ്രതികരിച്ചിരുന്നു.

Content Highlight: Empuran has anti-Christian views; Organizer criticizes Empuran for the fourth time