Advertisement
Film News
മാപ്പില്ലെന്ന് ഉറപ്പിക്കാം, വിറക്കാത്ത കയ്യും ഒടിയാത്ത നട്ടെല്ലും; മുരളി ഗോപിയുടെ കവര്‍ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 03, 05:12 pm
Thursday, 3rd April 2025, 10:42 pm

മുരളി ഗോപിയുടെ ഫേസ്ബുക്കിന്റെ പുതിയ കവര്‍ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍. എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദം കനക്കുമ്പോഴും മലയാളികള്‍ കാത്തിരുന്നത് മുരളി ഗോപിയുടെ പ്രതികരണമായിരുന്നു.

ഇപ്പോള്‍ തന്റെ ഫേസ്ബുക്കിന്റെ കവര്‍ ഫോട്ടോ മാറ്റിയിരിക്കുകയാണ് മുരളി ഗോപി. തൂലികയും മഷിക്കുപ്പിയുമുള്ള ചിത്രമാണ് അദ്ദേഹം തന്റെ ഫേസ്ബുക്കിന്റെ പുതിയ കവര്‍ ഫോട്ടോയായി വെച്ചിരിക്കുന്നത്.

പിന്നാലെ നിരവധി ആളുകളാണ് കമന്റ് ബോക്‌സില്‍ അദ്ദേഹത്തിന്റെ എഴുത്തിന് സപ്പോര്‍ട്ടുമായി വന്നിരിക്കുന്നത്. ‘തൂലിക പടവാള്‍ ആക്കിയ പടത്തലവന്‍’ എന്നാണ് ചില കമന്റുകളില്‍ മുരളി ഗോപിയെ കുറിച്ച് പറയുന്നത്. മാപ്പില്ലെന്ന് തന്നെയാണ് അദ്ദേഹം ഈ പോസ്റ്റിലൂടെ പറയുന്നത് എന്നാണ് മിക്കവരും കമന്റ് ചെയ്യുന്നത്.

‘തൂലിക പടവാളാവട്ടെ’, ‘എഴുതിയത് സത്യസന്ധതയോട് കൂടിയാണെങ്കില്‍ ആരുടേയും മുന്നില്‍ നട്ടെല്ല് വളക്കാതിരിക്കുക’, ‘വിറക്കാത്ത കയ്യും, ഒടിയാത്ത നട്ടെല്ലുമായി മുന്നോട്ട്’ എന്നും കമന്റുകളുണ്ട്.

ഒപ്പം വര്‍ഗീയതക്കെതിരെ ചലിക്കുന്ന ആ തൂലികയോട് എന്നും ബഹുമാനമുണ്ടെന്നും നിലപാടുള്ള എഴുത്തുകാരനാണെന്നും ഒരാള്‍ കമന്റിട്ടു. ‘തൂലിക ഒരു കുന്തമുനയെക്കാള്‍ ഭയപ്പെടുത്തട്ടെ’യെന്നും ‘തൂലികയും വാക്കും തുളഞ്ഞു കയറട്ടെ’യെന്നും കമന്റുകളുണ്ട്. എമ്പുരാന്റെ അടുത്ത ഭാഗം പെട്ടെന്ന് എഴുതൂവെന്നും ഇനിയും ആറ് വര്‍ഷം കാത്തിരിക്കാന്‍ ക്ഷമയില്ലെന്നും പോസ്റ്റിന് താഴെ കമന്റുകള്‍ വരുന്നുണ്ട്.

സിനിമ റിലീസായതിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് സുകുമാരന്‍, നായകനായ മോഹന്‍ലാല്‍, രചയിതാവായ മുരളി ഗോപി എന്നിവര്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളായിരുന്നു നേരിട്ടത്.

എമ്പുരാന്‍ വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്നും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് താന്‍ എല്ലാവരോടുമായി പറയുമെന്നും മുരളി ഗോപി പറഞ്ഞതായി ചില മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടയില്‍ പെരുന്നാള്‍ ദിവസം തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഈദ് ആശംസ കുറിച്ചതല്ലാതെ മറ്റ് പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല.

അതേസമയം മോഹന്‍ലാല്‍ ഒരു കുറിപ്പിലൂടെ ഖേദം പ്രകടിപ്പിക്കുകയും പൃഥ്വിരാജും നിര്‍മാതാവായ ആന്റണി പെരുമ്പാവൂരും അത് പങ്കുവെക്കുകയും ചെയ്തിരുന്നു. അപ്പോഴും മുരളി ഗോപിയുടെ പ്രതികരണത്തിനായിരുന്നു മലയാളികള്‍ കാത്തിരുന്നത്.

Content Highlight: Murali Gopy Updates His Facebook Cover Photo