സാന്‍ഫ്രാന്‍സിസ്‌കോ: സമൂഹമാധ്യമങ്ങളിലെ ഗിബ്ലി തരംഗത്തില്‍ നേട്ടം കൊയ്ത് ഓപ്പണ്‍ എ.ഐ ചാറ്റ്‌ബോട്ടായ ചാറ്റ് ജി.പി.ടിയും. ഗിബ്ലി ചിത്രങ്ങളും വീഡിയോകളും നിര്‍മിക്കാന്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഇരച്ച് എത്തിയപ്പോള്‍ ചാറ്റ് ജി.പി.ടിയുടെ ഉപയോഗം അതിന്റെ സര്‍വകാല റെക്കോര്‍ഡിലെത്തി.
ഈ വര്‍ഷം ആദ്യമായി ചാറ്റ് ജി.പി.ടിയുടെ ശരാശരി പ്രതിവാര സജീവ ഉപയോക്താക്കളുടെ എണ്ണം 150 മില്യണ്‍ കടന്നതായി മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ സിമിലര്‍വെബിന്റെ കണക്കുകളില്‍ പറയുന്നു.
ഓപ്പണ്‍ എ.ഐ സി.ഇ.ഒ സാം ആള്‍ട്ട്മാന്‍ തിങ്കളാഴ്ച പങ്കുവെച്ച ഒരു എക്‌സ് പോസ്റ്റില്‍ അവസാന മണിക്കൂറില്‍ തങ്ങള്‍ പത്ത് ലക്ഷം ഉപയോക്താക്കളെ ചേര്‍ത്തതായി പറഞ്ഞിരുന്നു. ചാറ്റ് ജി.പി.ടിയുടെ ലോഞ്ചിന് ശേഷമുള്ള ആദ്യ അഞ്ച് ദിവസങ്ങളിലാണ് ഇതിന് മുമ്പ് ഇത്രയും ആള്‍ക്കാര്‍ ആപ്പില്‍ പങ്കാളിയായത്.
ഡൗണ്‍ലോഡുകള്‍ക്ക് പുറമെ ആക്ടീവ് യൂസേഴ്‌സ്, ആപ്പ് സബ്സ്‌ക്രിപ്ഷന്‍ വരുമാനം എന്നിവയിലും ഒരാഴ്ച്ചയായി സര്‍വകാല റെക്കോഡിലാണ് ചാറ്റ് ജി.പി.ടി. തുടക്കത്തില്‍ ചാറ്റ് ജി.പി.ടിയുടെ പെയ്ഡ് വേര്‍ഷനായ ചാറ്റ് ജി.പി.ടി ഫോര്‍ ഉപയോഗിച്ച് മാത്രമായിരുന്നു ഗിബ്ലി ചിത്രങ്ങള്‍ നിര്‍മിക്കാന്‍ സാധിച്ചിരുന്നുള്ളു.
എന്നാല്‍ പിന്നീട് ഇതിന് ജനപ്രീതി വര്‍ധിച്ചതോടെ കമ്പനി അതിന്റെ ജി.പി.ടി ഫോര്‍ മോഡലിലേക്കും ഇമേജ് ജനറേഷന്‍ സാധ്യമാക്കി. ഇതോടേ ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഇത് സെര്‍വറുകള്‍ തകരാറിലാക്കുകയും കമ്പനി ഈ ഫീച്ചറിന്റെ ഉപയോഗം പരിമിതപ്പെടുത്തുകയും ചെയ്തു.
അതേസമയം ഗിബ്ലി ചിത്രങ്ങള്‍ വൈറലായതോടെ ചിത്രത്തെ സംബന്ധിച്ച കോപ്പി റൈറ്റ് പ്രശ്‌നങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്. ആനിമേറ്റഡ് ചിത്രങ്ങള്‍ നിര്‍മിക്കുന്ന ജാപ്പനീസ് അനിമേഷന്‍ സ്റ്റുഡിയോയാണ് സ്റ്റുഡിയോ ഗിബ്ലി. 1985 ചലച്ചിത്ര നിര്‍മാതാക്കളായ ഹയാവോ മിയാസാക്കി, ഇസാവോ തകഹാറ്റ എന്നിവര്‍ ചേര്‍ന്നാണ് ഈ സ്റ്റുഡിയോ സ്ഥാപിച്ചത്. സ്പിരിറ്റഡ് എവേ, മൈ നെയ്ബര്‍ ടൊട്ടോറോ എന്നിവ സ്റ്റുഡിയോ ഗിബ്ലി നിര്‍മിച്ച ചിത്രങ്ങളാണ്.
2016ല്‍ സ്റ്റുഡിയോ ഗിബ്ലി സഹസ്ഥാപകനായ മിയാസാക്കി തനിക്ക് എ.ഐ ജനറേറ്റഡ് ഇമേജുകളോട് തീര്‍ത്തും വെറുപ്പാണെന്നും തന്റെ ജോലിയില്‍ എ.ഐ സാങ്കേതികവിദ്യ ഉള്‍പ്പെടുത്താന്‍ താന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഗിബ്ലിയില്‍ എ.ഐയുടെ കടന്നുവരവ് വൈറലാകുന്നത്.
Content Highlight: Open AI gains in ‘Ghibli’ effect; Chat GPT usage hits record high