ഇസ്‌ലാമാബാദ്: ഈ വര്‍ഷം പൂര്‍ത്തിയാവുന്നതിനിടെ രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്ന 30 ലക്ഷത്തോളം വരുന്ന അഫ്ഗാന്‍ പൗരന്മാരെ പുറത്താക്കാന്‍ പാക് ഭരണകൂടം ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. കൂട്ടപ്പുറത്താക്കലിനെതിരെ താലിബാനില്‍ നിന്നും ഐക്യരാഷ്ട്ര സംഘടനയടക്കമുള്ള മറ്റ് മനുഷ്യാവകാശ സംഘടനകളില്‍ നിന്ന് എതിര്‍പ്പ് ഉയരുന്നതിനിടെയാണ് പാകിസ്ഥാന്റെ തീരുമാനം.
2023ല്‍ തന്നെ പാകിസ്ഥാന്‍ അഫ്ഗാന്‍ പൗരന്മാരോട് ഒഴിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടിരുന്നു. സ്വമേധയ ഒഴിഞ്ഞു പോകാന്‍ 2025 ഏപ്രില്‍ ഒന്ന് വരെ സമയം അനുവദിക്കുകയും ചെയ്തു. ഈദിന്റെ പശ്ചാത്തലത്തില്‍ ഇത് ഏപ്രില്‍ 10 വരെ നീട്ടി നല്‍കുകയും ചെയ്തു.
നിര്‍ദേശം വന്നതോടെ 2023 മുതല്‍ ഇതിനകം 85000 അഫ്ഗാന്‍ പൗരന്മാര്‍ പാകിസ്ഥാനില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ട്.
ഇനിയും 30 ലക്ഷം അഫ്ഗാനികള്‍ ഇപ്പോഴും പാകിസ്ഥാനില്‍ അവശേഷിക്കുന്നുണ്ടെന്നാണ് പാകിസ്ഥാന്‍ അധികൃതര്‍ പറയുന്നത്. ഇവരില്‍ 1,344,584 പേര്‍ക്ക് രജിസ്‌ട്രേഷന്‍ കാര്‍ഡുകള്‍ ഉണ്ട്. 807,402 പേര്‍ക്ക് അഫ്ഗാന്‍ പൗരത്വ കാര്‍ഡുകളുമുണ്ട്. ഒരുരേഖകളുമില്ലാത്ത 10ലക്ഷം അഫ്ഗാനികളുമുണ്ട്.
രജിസ്‌ട്രേഷന്‍ തെളിവുള്ളവര്‍ക്ക് ജൂണ്‍ 30 വരെ പാകിസ്ഥാനില്‍ തുടരാം. അതേസമയം മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാന്‍ തയ്യാറാകുന്ന അഫ്ഗാനികള്‍ മാര്‍ച്ച് 31നകം പാകിസ്ഥാന്‍ വിട്ട് പോകണമെന്ന് പാക് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2021ല്‍ താലിബാന്‍ അഫ്ഗാനില്‍ ഭരണം ഏറ്റെടുത്തതോടെയാണ് അഫ്ഗാനികള്‍ മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. ഇതില്‍ നിരവധി പേര്‍ക്ക് മനുഷ്യാവകാശ സംഘടനകളുടേയും മാധ്യമങ്ങളുടേയും സഹായത്തോടെ യു.എസിലേക്ക് കുടിയേറാന്‍ അനുമതി ലഭിച്ചു. എന്നാല്‍ ട്രംപ് അധികാരമേറ്റെടുത്തതോടെ അഭയാര്‍ത്ഥികള്‍ക്കുള്ള പദ്ധതികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇതോടെ 20,000 അഫ്ഗാനികള്‍ ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്.
വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ റെഫ്യൂജി ഏജന്‍സിയെയോ താലിബാന്‍ സര്‍ക്കാരിനെയോ ഉള്‍പ്പെടുത്താതെ പാകിസ്ഥാന്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുകയാണെന്ന് അഫ്ഗാനിസ്ഥാന്‍ അഭയാര്‍ത്ഥി മന്ത്രാലയത്തിന്റെ വക്താവ് അബ്ദുള്‍ മുത്തലിബ് ഹഖാനി ആരോപിച്ചു.
Content Highlight: Pakistan plans to expel 3 million Afghan refugees this year