Advertisement
Entertainment news
വിജയ്ക്ക് ജാതിയും മതവും ഇല്ല; സ്‌ക്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ ജാതിയുടെ സ്ഥനാത്ത് 'തമിഴന്‍'; വെളിപ്പെടുത്തലുമായി എസ്.എ. ചന്ദ്രശേഖര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Sep 14, 04:49 am
Tuesday, 14th September 2021, 10:19 am

ചെന്നൈ: നടന്‍ വിജയ്‌യുടെ മതവും ജാതിയും ഉയര്‍ത്തിയുള്ള വിവാദങ്ങള്‍ക്ക് മറുപടിയുമായി അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍. വിജയ്ക്ക് ജാതിയും മതവും ഇല്ലെന്നും സ്‌ക്കൂളില്‍ ചേര്‍ത്തിയപ്പോള്‍ മതം, ജാതി എന്നീ കോളങ്ങളില്‍ തമിഴന്‍ എന്നാണ് ചേര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.

സായം എന്ന പുതിയ സിനിമയുടെ മ്യൂസിക് ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ ജാതിയെ കുറിച്ച് പറയുന്ന സിനിമയാണ് സായം.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജാതി എങ്ങനെ പ്രചരിപ്പിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് സിനിമ സംസാരിക്കുന്നെന്നും സമൂഹത്തിന് ഉപകാരപ്രദമായ സിനിമകള്‍ ചെയ്യുന്ന സിനിമക്കാരെ താന്‍ ഇഷ്ടപ്പെടുന്നെന്നും അദ്ദേഹം പറഞ്ഞു.

ജാതി ഒഴിവാക്കാന്‍ പ്രായോഗികമായി നമ്മള്‍ എന്താണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. തന്റെ മകന്‍ വിജയ്‌യെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ ജാതി, മതം കോളങ്ങളില്‍ തമിഴന്‍ എന്നാണ് രേഖപ്പെടുത്തിയത്. സ്‌കൂള്‍ അധികൃതര്‍ ആദ്യം അപേക്ഷാ ഫോം സ്വീകരിക്കാന്‍ വിസമ്മതിച്ചെന്നും എസ്.എ ചന്ദ്രശേഖര്‍ വെളിപ്പെടുത്തി.

‘ആദ്യം അപേക്ഷാ ഫോം സ്വീകരിക്കാന്‍ അവര്‍ വിസമ്മതിച്ചു. സ്‌കൂള്‍ അടച്ചുപൂട്ടിക്കുമെന്നും ഇതിനായി പ്രതിഷേധം താന്‍ നടത്തുമെന്ന് പറഞ്ഞ് അവരെ ഭീഷണിപ്പെടുത്തി. അതിനുശേഷം മാത്രമാണ് സ്‌ക്കൂള്‍ അധികൃതര്‍ ഇത് അംഗീകരിച്ചത്. അന്നുമുതല്‍, വിജയ്‌യുടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളിലും, ജാതി പരാമര്‍ശിക്കുന്നിടത്തെല്ലാം, അത് തമിഴന്‍ എന്നാണ് കൊടുത്തിട്ടുള്ളതെന്ന് നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും’ അദ്ദേഹം പറഞ്ഞു.

നമ്മളാണ് ജാതിക്ക് പ്രാധാന്യം നല്‍കുന്നത്. താന്‍ ചെയ്തതുപോലെ, മനസുവെച്ചാല്‍, നമ്മുടെ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കുമ്പോള്‍ നമുക്കെല്ലാവര്‍ക്കും ജാതി പരാമര്‍ശിക്കുന്നത് ഒഴിവാക്കാം. ഇതുവഴി അടുത്ത 20 വര്‍ഷത്തിനുള്ളില്‍ നമുക്ക് ജാതി ഇല്ലാതാക്കാമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ പല നിലപാടുകള്‍ക്കെതിരെ വിജയ് രംഗത്ത് എത്തിയതോടെ വ്യാപകമായി വിജയുടെ മതം പറഞ്ഞ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.

വിജയ്‌യുടെ മുഴുവന്‍ പേര് ജോസഫ് ചന്ദ്രശേഖര്‍ വിജയ് എന്നാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിന് തന്റെ പേര് ജോസഫ് ചന്ദ്രശേഖര്‍ വിജയ് എന്ന് തന്നെയാണെന്നും അതില്‍ എന്താണ് കുഴപ്പമെന്നും വിജയ് ചോദിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Vijay has no caste or religion; Caste status ‘Tamizhan’ in school certificate; S.A Chandrasekhar