വിജയ് ദേവരകൊണ്ടക്ക് തെന്നിന്ത്യയില്‍ വലിയ ശ്രദ്ധ നേടി കൊടുത്ത സിനിമയാണ് 2017ല്‍ പുറത്ത് വന്ന അര്‍ജുന്‍ റെഡ്ഡി. തമിഴ്, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം റിലീസ് സമയത്ത് വലിയ തരംഗമായിരുന്നു. എന്നാല്‍ പിന്നീട് ചിത്രത്തിലെ സ്ത്രീവിരുദ്ധതയും ടോക്‌സിക് റിലേഷന്‍ഷിപ്പും ചൂണ്ടിക്കാണിച്ച് നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നു.
അര്‍ജുന്‍ റെഡ്ഡിയില്‍ സ്ത്രീവിരുദ്ധമായി ഒന്നുമില്ല എന്ന് പറയുകയാണ് വിജയ് ദേവരകൊണ്ട. സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനായ കോഫി വിത്ത് കരണ്‍ എന്ന ഷോയിലായിരുന്നു വിജയ് ദേവരകൊണ്ടയുടെ പ്രതികരണം.
‘ഒരു കഥാപാത്രവുമായി താദാത്മ്യപ്പെടാനായില്ലെങ്കില്‍ അത് അവതരിപ്പിക്കാന്‍ എനിക്ക് സാധിക്കില്ല. അതുകൊണ്ട് അര്‍ജുന്‍ റെഡ്ഡിയെ ഞാന്‍ പിന്തുണക്കും. അത് ഒരു ആക്റ്ററിന്റെ കാഴ്പ്പാടാണ്. ആ കഥാപാത്രത്തെ ജഡ്ജ് ചെയ്യാന്‍ നിന്നാല്‍ അത് എനിക്ക് അവതരിപ്പിക്കാന്‍ പറ്റില്ല.
അതില്‍ സ്ത്രീവിരുദ്ധമായത് ഒന്നും ഞാന്‍ കണ്ടിട്ടില്ല. രണ്ട് പേരുടെ വളരെ യുണീക്കായിട്ടുള്ള റിലേഷന്‍ഷിപ്പാണ് അതെന്നാണ് എനിക്ക് തോന്നിയത്. അങ്ങനെയായിരുന്നു അവരുടെ റിലേഷന്‍ഷിപ്പ്, അവര്‍ക്ക് അത് സ്‌നേഹമായിരുന്നു. അത് ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ ഞാന്‍ ആളല്ല. എന്നാല്‍ ടോക്‌സിക് റിലേഷനിലൂടെ കടന്നു പോയവരെ ആ സിനിമ വേദനിപ്പിച്ചു,’ വിജയ് പറഞ്ഞു.
വിജയ്‌ക്കൊപ്പം ചാറ്റ് ഷോയ്‌ക്കെത്തിയ അനന്യ പാണ്ഡേ ചിത്രത്തെ വിമര്‍ശിക്കുകയാണുണ്ടായത്. ‘സിനിമയിലെ പാട്ടുകള്‍ എനിക്ക് ഇഷ്ടമാണ്. അഭിനേതാക്കളുടെ പ്രകടനവും ഗംഭീരമായിരുന്നു. എന്നാല്‍ എനിക്ക് സ്വീകാര്യമായ ഒരു റിലേഷന്‍ഷിപ്പ് അല്ല അത്. അങ്ങനെയൊന്നില്‍ ഞാന്‍ ഓക്കെ ആയിരിക്കില്ല. അത് പേടിപ്പെടുത്തുന്നതാണ്. സിനിമയില്‍ കാണുമ്പോള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയാവുന്നതില്‍ കുഴപ്പമില്ല എന്ന് വിചാരിക്കുന്നവരുണ്ട്. കാരണം സിനിമ സ്വാധീനമുള്ള മാധ്യമമാണ്,’ അനന്യ പറഞ്ഞു.