സിനിമയിലും കുട്ടികളിലും വർധിച്ച് വരുന്ന ലഹരി ഉപയോഗത്തെ കുറിച്ച് സംസാരിക്കുകയാണ് അജു വർഗീസ്. ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഇന്ത്യൻ ഭരണഘനയും നിയമവും അനുസരിച്ച് നടക്കാൻ തയ്യാറാകണമെന്നും തനിക്ക് അധികാരമുണ്ടെങ്കിൽ എല്ലാത്തിലും കൃത്യമായ ഉത്തരങ്ങൾ നൽകാമെന്നും അജു വർഗീസ് പറഞ്ഞു.
പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികളെ ഒരു രീതിയിലും കുറ്റപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ അവരുടെ ചുറ്റുപാടിൻ്റെ പ്രതിഫലനമാണെന്നും അജു പറയുന്നു. ഒരുപാട് ട്രോമ അനുഭവിക്കുന്ന ബാല്യങ്ങളാണ് ഇന്ന് ഉള്ളതെന്നും അവരെ ക്ലീൻ ചെയ്യുക എന്നതാണ് ഓരോരുത്തരുടേയും ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു അജു വർഗീസിന്റെ പ്രതികരണം.
‘ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഇന്ത്യൻ ഭരണഘനയും നിയമവും അനുസരിച്ച് നടക്കാൻ തയ്യാറാകണം. കൃത്യമായ ഉത്തരം പറയണമെങ്കിൽ എനിക്ക് അധികാരം തന്നാൽ പറയാം. ഒരു മന്ത്രിയോ എം.പിയോ എം.എൽ.എയോ ആണെങ്കിൽ ഞാൻ കൃത്യമായ ഉത്തരം തരാം. ഞാൻ തമാശവവത്കരിക്കുന്നതല്ല. എനിക്ക് തോന്നുന്നത് ഈ ചോദ്യങ്ങൾ ഉന്നയിക്കേണ്ടത് സിനിമയിലെ തന്നെ പവർ പൊസിഷനിൽ ഇരിക്കുന്നവരോടാണ്.
ഏത് ലഹരിയാണെങ്കിലും അത് സമൂഹത്തിന് നല്ലതല്ല. എനിക്ക് തോന്നുന്ന ഒരു കാര്യം, മാതാപിതാക്കൾക്ക് അവരുടെ മക്കൾക്ക് കൃത്യമായ ശ്രദ്ധ കൊടുക്കാൻ ഇപ്പോൾ കഴിയുന്നില്ല. പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികളെ ഒരു രീതിയിലും കുറ്റപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവർ അവരുടെ ചുറ്റുപാടിൻ്റെ പ്രതിഫലനമാണ്.
ഏതെങ്കിലും രീതിയിലുള്ള മോശം വൈബ് കിട്ടിയാൽ അത് അവരിൽ പകരും, അവരത് അബ്‌സോർബ് ചെയ്യും. അവരെ ക്ലീൻ ചെയ്തെടുക്കുക എന്നതാണ് നമ്മൾ ഓരോരുത്തരുടേയും ഉത്തരവാദിത്തം. അത് ഓരോ വീട്ടിൽ നിന്നും തുടങ്ങണം. ഒരുപാട് ട്രോമ അനുഭവിക്കുന്ന കുട്ടിക്കാലമുള്ള ബാല്യമാണ് ഇപ്പോഴുള്ളത്,’ അജു വർഗീസ് പറയുന്നു.
Content Highlight: Actor Aju Varghese reacts on the increasing drug usage among children