സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ മലയാളത്തിന് സമ്മാനിച്ച നടനാണ് ഷറഫുദ്ദീന്‍. അല്‍ഫോണ്‍സിന്റെ നേരം എന്ന സിനിമയിലൂടെ 2013ലാണ് നടന്‍ സിനിമയില്‍ എത്തുന്നത്. പിന്നീട് ഓം ശാന്തി ഓശാന, ഹോംലി മീല്‍സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
എന്നാല്‍ 2015ല്‍ എത്തിയ അല്‍ഫോണ്‍സ് പുത്രന്‍ – നിവിന്‍ പോളി ചിത്രമായ പ്രേമത്തിലൂടെയാണ് ഷറഫുദ്ദീന്‍ ശ്രദ്ധിക്കപ്പെടുന്നത്. ആ സിനിമയില്‍ ഗിരിരാജന്‍ കോഴി ആയിട്ടാണ് അദ്ദേഹം അഭിനയിച്ചത്.ശേഷം നിരവധി സിനിമകളില്‍ ഹാസ്യ നടനായി എത്തിയ ഷറഫുദ്ദീന്‍ പിന്നീട് നായകനായും വില്ലനായും എത്തിയിരുന്നു. ഷറഫുദ്ദീന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് പടക്കളം. ചിത്രത്തില്‍ സന്ദീപ് പ്രദീപും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ഇപ്പോള്‍ നേരം സിനിമ കണ്ട് സന്ദീപ് തനിക്ക് മെസേജ് അയച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ഷറഫുദീന്‍.
നേരം തന്റെ ആദ്യത്തെ സിനിമയാണെന്നും അന്ന് അത് കണ്ട് തനിക്ക് മെസേജ് അയക്കുക എന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്നും ഷറഫുദീന്‍ പറയുന്നു. ഈ സിനിമയുടെ സെറ്റില്‍ വന്നപ്പോളാണ് സന്ദീപ് താനാണ് മെസേജ് അയച്ചിരുന്നതെന്ന് പറഞ്ഞതെന്നും ആ ആളാണ് ഇപ്പോള്‍ തന്റെ കൂടെ സിനിമയില്‍ അഭിനയിക്കുന്നതെന്നും ഷറഫുദ്ദീന്‍ പറയുന്നു. തന്നെ നേരം കണ്ടപ്പോഴും നോട്ടീസ് ചെയ്യാന്‍ ആളുകളുണ്ടായിരുന്നുവെന്ന് പറയുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു ഷറഫുദീന്‍.
‘നേരം എന്റെ ആദ്യത്തെ സിനിമയാണ്. അതില്‍ എന്നെ കണ്ട് ഒരാള്‍ മെസേജ് അയച്ചു എന്ന് പറഞ്ഞാല്‍, അതില്‍ എന്നെ കണ്ട് ശ്രദ്ധിച്ചു എന്നൊരു കാര്യം ഞാന്‍ മനസിലാക്കണമല്ലോ. കാരണം ആ സിനിമയില്‍ ഞാനൊരു ചെറിയ വേഷമാണല്ലോ ചെയ്തത്. അത്രയും സിനിമ ഫോളോ ചെയ്യുന്ന ആള്‍ക്കെ അത് കണ്ടിട്ട് മെസേജ് അയക്കാന്‍ പറ്റുകയുള്ളൂ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അത് വളരെ സന്തോഷമുള്ള കാര്യമാണ്.
ഈ സിനിമയുടെ സെറ്റില്‍ വന്നപ്പോഴാണ് അവന്‍ അത് പറഞ്ഞത്. ഭയങ്കര സന്തോഷം തോന്നി. നമ്മളെ അന്ന് നോട്ട് ചെയ്തല്ലോ. അന്ന് എനിക്ക് മെസേജ് അയച്ച സന്ദീപും ഞാനും ഇന്ന് ഒരുമിച്ച് സിനിമയില്‍ അഭിനയിക്കുമ്പോള്‍ അന്നും എന്നെ നോട്ട് ചെയ്യാന്‍ ആളുണ്ടായിരുന്നല്ലോ എന്നൊരു സന്തോഷമുണ്ടായിരുന്നു,’ ഷറഫുദീന്‍ പറഞ്ഞു.
ഫാലിമി, ആലപ്പുഴ ജിംഖാന എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ് സന്ദീപ്.
Content Highlight: Sharafudeen is talking about how Sandeep sent him a message after watching the movie Neram