Entertainment
നാരായണീൻ്റെ മൂന്നാൺമക്കൾ; കസിൻസ് തമ്മിലുള്ള ബന്ധത്തെ കുറിച്ച് എവിടെയും സംഭവിക്കാത്ത അസ്വാഭാവികതയൊന്നും തോന്നിയില്ല: സജിത മഠത്തിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 30, 12:31 pm
Wednesday, 30th April 2025, 6:01 pm

നവാഗതനായ ശരൺ വേണുഗോപാൽ തിരക്കഥയും സംവിധാനം ചെയ്ത ചിത്രമാണ് നാരായണീൻറെ മൂന്നാൺമക്കൾ. സിനിമ തിയേറ്ററിൽ വിജയം കണ്ടില്ലെങ്കിലും ഒ.ടി.ടിയിൽ എത്തിയതിന് ശേഷം വലിയ രീതിയിൽ ചർച്ചയായിരുന്നു. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് നാരായണീൻ്റെ മൂന്നാൺമക്കൾ. ഗുഡ് വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് ചിത്രം നിർമിച്ചത്. സുരാജ് വെഞ്ഞാറമൂട്, ജോജു ജോർജ്, അലൻസിയർ, സജിത മഠത്തിൽ, തോമസ്, ഗാർഗി എന്നിവരാണ് പ്രധാനകഥാപാത്രത്തിനെ അവതരിപ്പിച്ചത്.

നാരായണീൻ്റെ മൂന്നാൺമക്കൾ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നടി സജിത മഠത്തിൽ. കിങ് ഓഫ് കൊത്ത എന്ന സിനിമക്ക് ശേഷം താൻ അഭിനയിച്ച് തിയേറ്ററിൽ എത്തിയ സിനിമയായിരുന്നു നാരായണീൻ്റെ മൂന്നാൺമക്കൾ എന്ന് സജിത മഠത്തിൽ പറയുന്നു. സിനിമയിലെ ജയശ്രീ എന്ന കഥാപാത്രത്തിന്റെ ഭംഗി സംവിധായകനായ ശരൺ വേണുഗോപാൽ കഥ പറയുമ്പോൾ തന്നെ മനസിലായിരുന്നുവെന്നും താൻ പറയുന്ന രീതിയിലുള്ള ഡയലോഗുകളായിരുന്നു ചിത്രത്തിൽ തനിക്കുണ്ടായതെന്നും സജിത പറഞ്ഞു.

താൻ വളർന്നത് വലിയൊരു കൂട്ടുകുടുംബത്തിലെ ആണെന്നും ഈ സിനിമയിലെ പല കഥാസന്ദർഭങ്ങളും തൻ്റെ ചുറ്റും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടായിട്ടുണ്ടെന്നും സജിത കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ സിനിമയിലെ കസിൻസ് തമ്മിലുള്ള അടുത്ത ബന്ധത്തെ കുറിച്ച് എവിടെയും സംഭവിക്കാത്ത അസ്വാഭാവികതയൊന്നും തോന്നിയില്ലെന്നും സജിത മഠത്തിൽ വ്യക്തമാക്കി. ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

‘കിങ് ഓഫ് കൊത്ത എന്ന സിനിമക്ക് ശേഷം തിയേറ്ററിൽ എത്തിയ സിനിമയായിരുന്നു ‘നാരായണീൻ്റെ മൂന്നാൺമക്കൾ’. സിനിമയിലെ ജയശ്രീ എന്ന കഥാപാത്രത്തിന്റെ ഭംഗി സംവിധായകനായ ശരൺ വേണുഗോപാൽ കഥ പറയുമ്പോൾ തന്നെ മനസിലായിരുന്നു.

എൻ്റെ മകൻ ഇന്ത്യയ്ക്ക് പുറത്താണ് ജോലി ചെയ്യുന്നത്. സിനിമ റിലീസ് ചെയ്‌താൽ പോയി കാണണം എന്നവനോട് പറഞ്ഞിരുന്നു. അവനാണ് എന്നും എൻ്റെ പ്രധാന ക്രിട്ടിക്.

സിനിമ കണ്ടശേഷം സിനിമയിൽ എന്റെ കഥാപാത്രവും മകളും തമ്മിലെ വഴക്ക് സീൻ അവൻ ഫോട്ടോ എടുത്ത് അയച്ചുതന്നു. അമ്മ തന്നെയാണോ അമ്മയുടെ ഡയലോഗുകൾ എഴുതിയത് എന്ന് ചോദിക്കുകയും ചെയ്തു. ഞാനതുകേട്ട് കുറെ ചിരിച്ചു. ഞാനവനോടും അതേ ഡയലോഗ് പറയാറുണ്ടത്രെ! തിയേറ്ററിൽ വലിയ വിജയമാകാതെ പോയ സിനിമ ഒ.ടി.ടിയിലെത്തിയപ്പോൾ ഒരുപാട് നല്ല അഭിപ്രായങ്ങൾ ലഭിച്ചു.

ഞാൻ വളർന്നത് വലിയൊരു കൂട്ടുകുടുംബത്തിലാണ്. ആ സിനിമയിലെ പല കഥാസന്ദർഭങ്ങളും എൻ്റെ ചുറ്റും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഈ സിനിമയിലെ കസിൻസ് തമ്മിലുള്ള അടുത്ത ബന്ധത്തെ കുറിച്ച് എവിടെയും സംഭവിക്കാത്ത അസ്വാഭാവികതയൊന്നും തോന്നിയില്ല,’ സജിത മഠത്തിൽ പറയുന്നു.

Content Highlight: Sajitha Madathil Talks About Narayaneente Moonnanmakkal Movie