Sports News
കുറച്ച് പാട്ട്, തെരുവില്‍ കുറച്ച് ഡാന്‍സ് ഇതൊന്നുമില്ലാതെ എന്ത് പിറന്നാള്‍; തെരുവില്‍ നിറഞ്ഞാടി പിറന്നാളാഘോഷിച്ച് ഗാംഗുലി; വൈറല്‍ വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jul 09, 10:09 am
Saturday, 9th July 2022, 3:39 pm

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ കണ്ട എക്കാലത്തേയും അഗ്രസ്സീവ് ക്യാപ്റ്റനും നിലവിലെ ബി.സി.സി.ഐ അധ്യക്ഷനുമായ ഗാംഗുലിയുടെ പിറന്നാള്‍. ക്രിക്കറ്റ് ലോകം ഒന്നടങ്കം ഇന്ത്യയുടെ ദാദയ്ക്ക് പിറന്നാളാശംസകള്‍ അറിയിച്ചെത്തിയിരുന്നു.

എന്നാലിപ്പോള്‍ ദാദയുടെ പിറന്നാളാഘോഷത്തിന്റെ വീഡിയോ ആണ് വൈറലാവുന്നത്. ഇംഗ്ലണ്ടിന്റെ തെരുവുകളില്‍ ലണ്ടന്‍ ഐയ്ക്ക് സമീപം ബോളിവുഡ് പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന താരത്തിന്റെ പിറന്നാളാഘോഷമായിരുന്നു ചര്‍ച്ചയായത്.

ഗാംഗുലിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ ഡോണയും മകള്‍ സനയും ഒപ്പം ചില സുഹൃത്തുക്കളുമായിരുന്നു തെരുവില്‍ ഡാന്‍സ് കളിച്ച് ചില്‍ ചെയ്തത്.

താരത്തിന്റെ വീഡിയോ ട്വിറ്ററില്‍ തരംഗമാവുകയാണ്.

തകര്‍ച്ചയിലേക്ക് വീണ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കൈപിടിച്ചുയര്‍ത്തിയ നായകനാണ് സാക്ഷാല്‍ ബംഗാള്‍ ടൈഗര്‍. ക്രിക്കറ്റ് ലോകം കണ്ട എറ്റവും അഗ്രസ്സീവായ താരങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം.

ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെ നെറ്റ്‌വെസ്റ്റ് ഫൈനലില്‍ തോല്‍പിച്ച് ഇന്ത്യ വിജയം നേടിയപ്പോള്‍ ജേഴ്‌സിയൂരി വീശി താരം കാണിച്ച മാസൊന്നും ക്രിക്കറ്റ് ലോകത്ത് ആരും തന്നെ കാണിച്ചുകാണില്ല.

ഐ.സി.സി.യുടെ ഒരു കിരീടവും ഇന്ത്യയ്ക്ക് നേടിക്കൊടുക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ഇന്ത്യയുടെ ടോപ് ക്യാപ്റ്റന്‍മാരില്‍ ഒരാള്‍ തന്നെയായിരുന്നു ദാദ.

113 ടെസ്റ്റിലും 311 ഏകദിനത്തിലുമാണ് താരം ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമായി 18,575 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.

195 മത്സരത്തില്‍ ഇന്ത്യയെ നയിച്ച താരം 97 മത്സരങ്ങളില്‍ ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയും ചെയ്തിരുന്നു.

Content highlight:  Video Of Sourav Ganguly Dancing Near London Eye Goes Viral