ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷനില്‍ വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് പലപ്പോഴായി ഉയര്‍ന്നുകേള്‍ക്കുന്ന ആരോപണമാണ്. സെലക്ടര്‍മാര്‍ക്കിടയില്‍ നോര്‍ത്ത് ഇന്ത്യന്‍ ലോബി ഉണ്ടെന്നും ദക്ഷിണേന്ത്യയില്‍ നിന്നുള്ള താരങ്ങള്‍ എത്ര മികച്ച പ്രകടനം കാഴ്ചവെച്ചാലും അവരെ ടീമിലെടുക്കില്ല എന്നുമുള്ള ആരോപണമാണ് പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്.
കേരളം, തമിഴ്‌നാട് നോര്‍ത്ത് ഈസ്‌റ്റേണ്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള താരങ്ങള്‍ക്കാണ് പ്രധാനമായും ഈ വിവേചനം നേരിടേണ്ടി വരുന്നതെന്നും ഇത്തരക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ നിന്നുള്ള താരങ്ങള്‍ എത്ര തന്നെ മികച്ച രീതിയില്‍ കളിച്ചാലും, മുംബൈ, ദല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള എതെങ്കിലും ഒരു ആവറേജ് താരമുണ്ടെങ്കില്‍ അവരെയാവും സെലക്ടര്‍മാര്‍ പരിഗണിക്കുക എന്നും ഇവര്‍ പറയുന്നു.
ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സഞ്ജു സാംസണെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്താതിരുന്നതും, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുല്‍ പരിക്കേറ്റ് പുറത്തായിട്ടും പകരക്കാരെ അനൗണ്‍സ് ചെയ്യാത്തതും ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ പ്രധാനമായും ഈ ആക്ഷേപമുയരുന്നത്.
ഇപ്പോഴിതാ, ഇന്ത്യന്‍ ടീം സെലക്ഷനില്‍ പച്ചയായ വിവേചനം കത്തിനില്‍ക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുകയാണ് സൗരാഷ്ട്ര താരവും ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ ഷെല്‍ഡണ്‍ ജാക്‌സണ്‍.
ആഭ്യന്തര മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും പ്രായത്തിന്റെ പേരില്‍ തന്നെ തഴയുകയാണെന്നും, എന്നാല്‍ തന്നെക്കാള്‍ പ്രായമുള്ള പലരെയും ടീമില്‍ എടുത്തിട്ടുണ്ടെന്നും ജാക്‌സണ്‍ പറയുന്നു.
‘സത്യം പറഞ്ഞാല്‍ ഇത് ഇപ്പോള്‍ മാത്രം സംഭവിക്കുന്നതല്ല. ആദ്യം മുതല്‍ക്കുതന്നെ ഈ വിവേചനമുണ്ട്. ഞാന്‍ നേടിയ റണ്ണുകളും റണ്‍ റേറ്റും ഇവിടുത്തെ പല കളിക്കാര്‍ക്കും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. 75 മത്സരം നോക്കുകയാണെങ്കില്‍ ഞാന്‍ നേടിയ 6,000 റണ്‍സ് എന്റെ കഠിനാധ്വാനത്തെയാണ് കുറിക്കുന്നത്.
എന്നെ എന്തുകൊണ്ട് ടീമിലെടുത്തില്ല എന്നതിനെ സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഇനി ഞാനെന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോള്‍ എനിക്ക് പ്രായമായെന്നായിരുന്നു മറുപടി.
30 വയസിന് മുകളിലുള്ള തങ്ങള്‍ ആരെയും ടീമിലെടുക്കുന്നില്ല എന്നാണ് അവര്‍ എന്നോട് പറഞ്ഞത്. എന്നാല്‍ ഇതിന് ശേഷം 32-33 വയസുള്ള ഒരാളെ അവര്‍ ടീമിലെടുത്തു.
30-35 അല്ലെങ്കില്‍ 40 വയസ്സുള്ള ഒരാളെ ടീമിലെടുക്കരുതെന്ന് എന്തെങ്കിലും നിയമമുണ്ടോ? പിന്നെ എന്താണ് അത്തരത്തില്‍ ഒരു നിയമം കൊണ്ടുവരാത്തത്,’ ജാക്‌സണ്‍ ചോദിക്കുന്നു.
ജാക്‌സന്റെ വെളിപ്പെടുത്തല്‍ കൂടി ആയതോടെ സെലക്ടര്‍മാര്‍ക്കിടിയില്‍ വിവേചനമുണ്ടെന്നുള്ള വിമര്‍ശനങ്ങള്‍ വീണ്ടും ശക്തമാവുകയാണ്.
Content Highlight: Veteran Sheldon Jackson says discrimination in Indian team selection