ചേർത്തല: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ തുഷാർ വെള്ളാപ്പള്ളി എസ്.എൻ.ഡി.പി. ഭാരവാഹിത്വം രാജിവയ്ക്കണമെന്ന നിലപാടിൽ നിന്നും മാറി എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തുഷാർ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് തനിക്ക് എതിർപ്പില്ലെന്നും എസ്.എൻ.ഡി.പി. ഭാരവാഹിത്വം അദ്ദേഹം രാജിവയ്ക്കേണ്ടിവരുമോ എന്ന് തനിക്ക് ഇപ്പോൾ പറയാനാവില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ലോക്സഭയിലേക്ക് തുഷാർ മത്സരിക്കുകയാണെങ്കിൽ എസ്.എൻ.ഡി.പി. യോഗം ഉപാധ്യക്ഷൻ സ്ഥാനം രാജിവയ്ക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
എസ്.എൻ.ഡി.പിക്ക് ഒരു പാർട്ടിയോടും പ്രതിപത്തിയോ വിരോധമോ ഇല്ല. തുഷാറിനോടും എസ്എൻഡിപിക്ക് അതേ നിലപാട് തന്നെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പിക്ക് രാഷ്ട്രീയമില്ലെന്നും അതിനാൽ യോഗത്തിന്റെ നേതാക്കൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും വെള്ളാപ്പള്ളി മുൻപ് പറഞ്ഞിരുന്നു. തുഷാർ മത്സരിച്ചാൽ തോൽക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ ലോക്സഭയിലേക്ക് തുഷാർ മത്സരിക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ബി.ഡി.ജെ.എസ്. പ്രവർത്തകരുമായി ചർച്ച നടത്തിയശേഷം ഇക്കാര്യം തീരുമാനിക്കുമെന്നാണ് തുഷാർ കഴിഞ്ഞ ദൽഹിയിൽ അമിത് ഷായുമായി നടന്ന കൂടിക്കാഴ്ചയിൽ തുഷാർ വെള്ളാപ്പള്ളി പറഞ്ഞിരുന്നത്.
എൻ.ഡി.എയോട് ചേർന്നാണ് ബി.ഡി.ജെ.എസ്. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. ഇടുക്കി, തൃശൂർ, വയനാട്, ആലത്തൂർ, മാവേലിക്കര സീറ്റുകളിലാണ് ബി.ഡി.ജെ.എസ്. മത്സരിക്കുന്നത്. തൃശൂരിൽ തുഷാർ മത്സരിക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു.