Advertisement
Entertainment news
വിജയ് ചിത്രം വാരിസിലെ ഗാന രംഗങ്ങളുടെ ചിത്രങ്ങള്‍ ലീക്കായി; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 22, 03:46 pm
Monday, 22nd August 2022, 9:16 pm

വംശി പെഡിപ്പള്ളി സംവിധാനം ചെയ്യുന്ന വിജയ് ചിത്രം വാരിസിന്റെ ഗാനരംഗത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ലീക്കായി. വിജയിയും ചിത്രത്തിലെ നായികയായ രശ്മിക മന്ദാനയും ഉള്‍പ്പെട്ടിട്ടുള്ള ഗാന രംഗത്തിലെ ചിത്രങ്ങളാണ് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള നിര്‍ണായക രംഗങ്ങള്‍ അടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഗാനരംഗത്തിലെ ചിത്രങ്ങളും ലീക്കായിരിക്കുന്നത്.

തുടര്‍ച്ചയായി ചിത്രത്തിന്റെ ചിത്രങ്ങളും വീഡിയോകളും ലീക്ക് ആകുന്നതില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ പ്രതിഷേധവും ആരാധകര്‍ അറിയിക്കുന്നുണ്ട്. അണിയറ പ്രവര്‍ത്തകരുടെ ആശ്രദ്ധയാണ് ഇത്തരത്തില്‍ തുടര്‍ച്ചയായി ലീക്കുകള്‍ ഉണ്ടാകാന്‍ കാരണമെന്നാണ് ആരാധകര്‍ പറയുന്നത്.

ലീക്കായ ചിത്രങ്ങള്‍ ആരും പങ്കുവെക്കരുത് എന്ന തരത്തിലുള്ള അഭ്യര്‍ത്ഥനകളും ആരാധകര്‍ നടത്തുന്നുണ്ട്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് വാരിസ്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ വിജയിയുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

പോസ്റ്ററുകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടതുമാണ്. സാധാരണ വിജയ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിട്ടാവും വാരിസ് എത്തുക എന്നാണ് പുറത്തുവരുന്ന റീപ്പോര്‍ട്ടുകള്‍.


ചിത്രത്തില്‍ വിജയ് ആപ്പ് ഡെവലപ്പര്‍ ആയിട്ടാവും എത്തുക എന്ന് നേരെത്തെ സണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് വിജയ് രാജേന്ദ്രന്‍ എന്നായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദേശീയ അവാര്‍ഡ് ജേതാവായ നിര്‍മാതാവ് ദില്‍ രാജുവും ശിരീഷുമാണ് ചിത്രം നിര്‍മിക്കുന്നത്.

ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്കിലും തമിഴിലും ഒരേ സമയം ചിത്രീകരിക്കുന്നുണ്ട്. ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു അഥിതി വേഷത്തില്‍ എത്തുന്നുണ്ടെന്നും മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രകാശ് രാജ്, ശരത് കുമാര്‍ തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തമനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

ഊപ്പിരി, യെവാഡു എന്നിങ്ങനെ തെലുങ്കിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളുടെ സംവിധായകനാണ് വംശി. ചിത്രത്തിനായി റെക്കോര്‍ഡ് പ്രതിഫലമാണ് വിജയ് വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ബീസ്റ്റാണ് വിജയിയുടെ അവസാനം പുറത്തുവന്ന ചിത്രം. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. സാധാരണ മാസ് ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഫാമിലി ജോണറിലാണ് വാരിസ് ഒരുങ്ങുന്നത്.

Content Highlight: Varisu video song stills leaked online and widely spreading on social media