Advertisement
Entertainment
അജിത്ത് സാറിന്റെ ഇഷ്ട വിഷയം; അദ്ദേഹം ഉത്സാഹത്തോടെ സംസാരിക്കുക രണ്ട് കാര്യങ്ങളെ കുറിച്ച്: പ്രിയ വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 25, 10:06 am
Friday, 25th April 2025, 3:36 pm

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. 2019ല്‍ പുറത്തിറങ്ങിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധനേടിയ നടിയായിരുന്നു പ്രിയ. ചിത്രത്തിലെ കണ്ണിറുക്കുന്ന സീന്‍ വൈറലായതിന് പിന്നാലെ ആ വര്‍ഷം ഇന്ത്യയില്‍ ആളുകള്‍ ഗൂഗിളിലൂടെ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തിത്വമായി പ്രിയ മാറിയിരുന്നു.

പിന്നീട് മലയാളത്തിന് പുറമെ തെലുങ്കിലും ഒരു ഹിന്ദി സിനിമയിലും അഭിനയിക്കാന്‍ നടിക്ക് സാധിച്ചു. ഇപ്പോള്‍ പ്രിയ അഭിനയിച്ച് ഏറ്റവും പുതുതായി തിയേറ്ററില്‍ എത്തിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അജിത്തായിരുന്നു ഈ സിനിമയില്‍ നായകനായി എത്തിയത്.

ഇപ്പോള്‍ അജിത്തിനെ കുറിച്ച് പറയുകയാണ് പ്രിയ. അജിത്തുമായി ഒരു കോമ്പിനേഷന്‍ സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും എങ്കിലും സെറ്റില്‍ ഒരുമിച്ച് ഒരുപാട് സമയം ചെലവഴിച്ചുവെന്നും നടി പറയുന്നു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയ വാര്യര്‍.

‘അജിത്ത് സാറുമായി കോമ്പിനേഷന്‍ സീന്‍ എനിക്ക് ഒറ്റൊന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഓഫ് സെറ്റിലായിരുന്നു ഞങ്ങള്‍ കൂടുതലും സംസാരിച്ചത്. ക്രൂസില്‍ ഞങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഷൂട്ടായിരുന്നു ഉണ്ടായിരുന്നത്.

അതില്‍ ഞാനും അജിത്ത് സാറും രണ്ട് ദിവസം ഷൂട്ട് ചെയ്തിരുന്നില്ല. അങ്ങനെയാണ് എന്റെ ഓര്‍മ (ചിരി). അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് കൂടുതല്‍ ഒഴിവ് സമയമുണ്ടായിരുന്നു.

ഞങ്ങള്‍ രണ്ടുപേരും സെറ്റില്‍ എന്താണ് നടക്കുന്നതെന്നൊക്കെ പോയി നോക്കുമായിരുന്നു. പിന്നെ എത്ര സമയമാകുമ്പോഴാണ് അജിത്ത് സാര്‍ ലഞ്ചിനും ഡിന്നറിനും വരികയെന്ന് ആദ്യമേ തന്നെ പറയുമായിരുന്നു.

ആ സമയമാകുമ്പോള്‍ ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് വന്ന് ഭക്ഷണം കഴിക്കുമായിരുന്നു. അങ്ങനെ എനിക്ക് അജിത്ത് സാറിനോട് സംസാരിക്കാന്‍ ഒരുപാട് സമയം കിട്ടിയിരുന്നു.

വളരെ ചൈല്‍ഡിഷായ ഹൃദയമുള്ള ആളാണ് അജിത്ത് സാര്‍. ഓരോ കാര്യങ്ങളും സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന് നല്ല ഉത്സാഹമുണ്ടാകും. പ്രത്യേകിച്ചും റേസിങ്ങിനെ കുറിച്ചും കാറിനെ കുറിച്ചും സംസാരിക്കുമ്പോള്‍ അദ്ദേഹം വളരെ ഹാപ്പിയാകും.

വളരെ ഉത്സാഹമുള്ള ആളാണ്. ജീവിതത്തോടും കുടുംബത്തോടും കാറുകളോടും യാത്രകളോടുമൊക്കെ ഇഷ്ടമുള്ള ആളാണ്. അതാണ് അജിത്ത് സാറിന്റെ ഇഷ്ട വിഷയം,’ പ്രിയ വാര്യര്‍ പറഞ്ഞു.


Content Highlight: Priya Prakash Varrier Talks About Her Experience With Ajith