പാലക്കാട്: ജെ.എന്‍.യു പ്രൊഫസര്‍ നിവേദിത മേനോനെതിരെ പ്രതിഷേധവുമായി എ.ബി.വി.പി. കഞ്ചിക്കോട് ഐ.ഐ.ടിയില്‍ പ്രഭാഷണത്തിനെത്തിയതിനെ തുടര്‍ന്നാണ് നിവേദിതക്കെതിരെ എ.ബി.വി.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിക്കുന്നയാളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
കശ്മീരിനെ ഇന്ത്യ അനധികൃതമായി കൈയേറി വച്ചിരിക്കുന്നുവെന്നടക്കമുള്ള നിരവധി വിവാദപരവും രാജ്യദ്രോഹപരവുമായ പരാമര്‍ശങ്ങള്‍ നടത്തിയ നിവേദിത മേനോനെ പാലക്കാട് ഐ.ഐ.ടിയില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമമുണ്ടായതിനെതിരെയാണ് പ്രതിഷേധമെന്ന് ബി.ജെ.പിയുടെ പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ പറഞ്ഞു.
രാജ്യം പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ നടുക്കത്തിലിരിക്കുമ്പോള്‍ കശ്മീരിനെതിരെ രാജ്യദ്രോഹപരാമര്‍ശങ്ങള്‍ നടത്തിയ ഇത്തരത്തിലുള്ള ആളുകളെ പാലക്കാടുള്ള ക്യാമ്പസിലെ പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
നേരത്തെ തന്നെ ക്യാമ്പസിലെ അധികൃതരോട് സംസാരിച്ചിരുന്നുവെന്നും എന്നിട്ടും അധികൃതര്‍ നിവേദിത മേനോനെ പങ്കെടുപ്പിച്ചുവെന്നുമാണ് ബി.ജെ.പിയുടെ ആരോപണം. നിലവില്‍ പ്രതിഷേധിച്ച എ.ബി.വി.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.
Content Highlight: ABVP protests against Nivedita Menon in Palakkad, demands that those who take anti-India stance not be included in the event