Entertainment
' കട്ട് വിളിക്കല്ലേ, അത് ലാലേട്ടന്റെ പെര്‍ഫോമന്‍സാണ്'; തുടരുമിലെ ഇമോഷണല്‍ സീനിനെ കുറിച്ച് തരുണ്‍ മൂര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 25, 09:48 am
Friday, 25th April 2025, 3:18 pm

തുടരും എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സിനെ കുറിച്ചും കട്ട് വിളിക്കാന്‍ പോലും കഴിയാതെ ഇരുന്നുപോയ ചില സീനുകളെ കുറിച്ചുമൊക്കെ പറയുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.

ഒരു ഇമോഷണല്‍ സീനില്‍ ലാലേട്ടന്‍ പെര്‍ഫോം ചെയ്യുന്നത് കണ്ട് എന്താണ് സംഭവിക്കുന്നതെന്ന് പോലും തനിക്ക് മനസിലായില്ലെന്നും തന്റെ അടുത്തിരുന്ന ബിനു പപ്പു നീ കട്ട് വിളിക്കല്ലേ അത് ലാലേട്ടന്റെ പെര്‍ഫോമന്‍സാണ് എന്ന് അടുത്തിരുന്ന് പറഞ്ഞെന്നും തരുണ്‍ പറയുന്നു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരന്നു തരുണ്‍ മൂര്‍ത്തി.

‘നമ്മള്‍ മനസില്‍ കണ്ട ഒരു സീന്‍ അതിന്റെ ഒരു ബെസ്റ്റ് ഔട്ട്പുട്ടില്‍ പുറത്തുവരുമ്പോള്‍ പലപ്പോഴും എന്റെ കണ്ണു നിറയാറുണ്ട്.

നല്ലൊരു ഹ്യൂമര്‍ സിറ്റുവേഷന്‍ ആണെങ്കില്‍ പോലും നമ്മള്‍ എഴുതിവെച്ചിരിക്കുന്നതിന്റെ മുകളില്‍ ആര്‍ടിസ്റ്റുകള്‍ പെര്‍ഫോം ചെയ്യുമ്പോള്‍ എന്റെ കണ്ണുനിറയും.

ചില സമയത്ത് ഷാജി ചേട്ടനൊക്കെ കൂടെയുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ തോളത്ത് പോയിട്ട് ഞാനിങ്ങനെ പിടിക്കും. അല്ലെങ്കില്‍ എന്റെ തൊട്ടടുത്തായിരിക്കും സുനിലേട്ടന്‍ ഉണ്ടാകുക.

ഈ സിനിമയില്‍ ഒരു പ്രത്യേക സീന്‍ ഷൂട്ട് ചെയ്യുകയാണ്. അപ്പോള്‍ സുനിലേട്ടന്‍ വല്ലാതെ ഇമോഷണല്‍ ആയി.

എന്നെ മാറ്റി നിര്‍ത്തിയിട്ട് ഞാന്‍ കുറേ നാളായി ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. ഒരുപാട് സംവിധായകരിലൂടെ പോയെങ്കിലും ഒടുവില്‍ കറക്ടായിട്ട് ഒരു സ്ഥലത്തേക്കാണ് വന്നെത്തിയതെന്ന് പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു.

അത് എന്നെ സംബന്ധിച്ച് ഇമോഷണല്‍ മൊമെന്റ് ആയിരുന്നു. അതൊരു ഇമോഷണല്‍ സീനുമായിരുന്നു.

അതുപോലെ ലാലേട്ടനില്‍ നിന്ന് ചില കാര്യങ്ങള്‍ കിട്ടുമ്പോള്‍ അത് സംഭവിക്കാറുണ്ട്. റീലിസിന് ശേഷം പറയാവുന്ന വലിയ കാര്യങ്ങളുണ്ട്. ഒരു പ്രത്യേക സീന്‍ ഷൂട്ട് ചെയ്തുകൊണ്ടിരുന്നപ്പോള്‍ എന്റെ അടുത്ത് ബിനു ഇരിപ്പുണ്ട്.

സീന്‍ എടുത്തോണ്ടിരിക്കുമ്പോള്‍ കട്ട് വിളിക്കാന്‍ എനിക്ക് പറ്റുന്നില്ല. എന്താണ് അവിടെ സംഭവിച്ചതന്ന് എനിക്ക് അറിയില്ല. കട്ട് വിളിക്കണോ അതോ ലാലേട്ടന് എന്തെങ്കിലും തെറ്റ് പറ്റിയതാണോ എന്താണ് എനിക്ക് ഫീല്‍ ചെയ്തതെന്ന് അറിയില്ല.

അത് പക്ഷേ അദ്ദേഹത്തിന്റെ പാര്‍ട്ട് ഓഫ് ആക്ടിങ് ആയിരുന്നു. ബിനു എന്റെ അടുത്തിരുന്ന് നീ കട്ട് വിളിക്കല്ലേ പെര്‍ഫോമന്‍സാണ് എന്ന് പറഞ്ഞ് നില്‍ക്കുന്ന ഒരു സിറ്റുവേഷനുണ്ട്.

പിന്നെ മോഹന്‍ലാല്‍ എന്ന് പറയുന്നതേ ഒരു ഇമോഷനാണ്. അദ്ദേഹത്തെ വെച്ച് ഷൂട്ട് ചെയ്യാന്‍ പറ്റുക എന്ന് പറയുന്നത് വേറെ ഒരു ഭാഗ്യവും,’ തരുണ്‍ മൂര്‍ത്തി പറയുന്നു.

Content Highlight: Director Tharun Moorthy about an emotional scene on Thudarum