ഗുവാഹത്തി: രാജ്യത്ത് ഡിറ്റന്‍ഷന്‍ സെന്ററുകള്‍ സ്ഥാപിക്കാനുള്ള ഉത്തരവുകളുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും തര്‍ക്കങ്ങളും തുടരവെ, ഇത്തരം തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത് വാജ്‌പേയി സര്‍ക്കാരെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗൊഗോയി. എല്ലാ സംസ്ഥാനങ്ങളും വിദേശികളെ പാര്‍പ്പിക്കാന്‍ ഡിറ്റന്‍ഷന്‍ സെന്ററുകള്‍ നിര്‍മ്മിക്കണമെന്ന് 1998ല്‍ വാജ്‌പേയ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നെന്ന് അസം മുന്‍ മുഖ്യമന്ത്രി കൂടിയായ തരുണ്‍ ഗൊഗോയ് പറഞ്ഞു.
‘ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ വിദേശികളെ പാര്‍പ്പിക്കാന്‍ ഡിറ്റന്‍ഷന്‍ സെന്ററുകള്‍ നിര്‍മ്മിക്കണമെന്ന് 1998ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് ഉത്തരവിറക്കിയിരുന്നു. എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും ഇത്തരം ഡിറ്റന്‍ഷന്‍ സെന്ററുകള്‍ നിര്‍മ്മിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്’, തരുണ്‍ ഗൊഗോയ് പറഞ്ഞു.
‘ആരാണ് നുണകളുടെ ഗുരു? അസമിലും കര്‍ണാടകയിലുമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡിറ്റന്‍ഷന്‍ ക്യാമ്പുകളുണ്ടെന്നിരിക്കെ, അസമിലെ മാട്യയില്‍ ഒരു ഡിറ്റന്‍ഷന്‍ ക്യാമ്പ് നിര്‍മ്മിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍തന്നെ 46 കോടി അനുവദിച്ചിരിക്കെ, പറയൂ ആരാണ് നുണയന്‍?’, ഗൊഗോയ് ചോദിച്ചു.