Entertainment
ലാലേട്ടന്‍ കരയുന്നുണ്ട്, ചുമരിനിടിക്കുന്നുണ്ട്. വായപൊത്തുന്നുണ്ട്, പെട്ടെന്ന് ഒരു വീഴ്ചയാണ്; തരുണ്‍ കട്ട് വിളിക്കാന്‍ ഒരുങ്ങിയതും ഞാന്‍ തടഞ്ഞു: ബിനു പപ്പു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 30, 01:51 pm
Wednesday, 30th April 2025, 7:21 pm

തുടരും എന്ന സിനിമയുടെ റിലീസിന് മുന്‍പായി നല്‍കിയ അഭിമുഖങ്ങളില്‍ പലതിലും നടന്‍ മോഹന്‍ലാലിന്റെ ഞെടിപ്പിക്കുന്ന ചില പെര്‍ഫോമന്‍സിനെ കുറിച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും സഹ സംവിധായകനും നടനുമായ ബിനു പപ്പുവും സംസാരിച്ചിരുന്നു.

അക്കൂട്ടത്തില്‍ ചിത്രത്തിലെ ഒരു പ്രത്യേക സീനിനെ കുറിച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറഞ്ഞിരുന്നു.

ഒരു സീനില്‍ തികച്ചും അപ്രതീക്ഷിതമായ ഒരു പെര്‍ഫോമന്‍സ് മോഹന്‍ലാലില്‍ നിന്ന് ഉണ്ടായെന്നും ഞെട്ടി കട്ട് വിളിക്കാന്‍ പോയ തന്നെ ബിനു തടഞ്ഞെന്നുമായിരുന്നു തരുണ്‍ മൂര്‍ത്തി പറഞ്ഞത്.

ആ രംഗം ഏതാണെന്ന് പറയുകയാണ് നടന്‍ ബിനു പപ്പു. തുടരും എന്ന ചിത്രത്തിലെ നിര്‍ണായകമായ ബാത്ത് റൂം സീനായിരുന്നു അതെന്ന് ബിനു പപ്പു പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിനു പപ്പു.

‘ പുള്ളി ആ ബാത്ത് റൂമില്‍ ഇരുന്ന് കരയുന്ന സീക്വന്‍സുണ്ടല്ലോ. ഞങ്ങള്‍ ആദ്യം ആ പുറത്തിരുന്ന് കരയുന്ന സീനാണ് എടുത്തത്. ആര്‍ടിഫിഷ്യല്‍ റെയിന്‍ ആണ് അടിക്കുന്നത്.

ഒരു പറമ്പിലാണ് പുള്ളിയെ കൊണ്ട് ഇരുത്തിയിരിക്കുന്നത്. രാത്രിയാണ് ഷൂട്ട് ചെയ്യുന്നത്. പുള്ളിയുടെ അടുത്ത് തരുണ്‍ ചെന്ന് ചേട്ടാ ഇതാണ് സിറ്റുവേഷന്‍ എന്ന് പറഞ്ഞു.

പുറത്ത് അത്ര കരച്ചില്‍ വേണ്ട. പുള്ളിയെ ഒരു ഷോക്കില്‍ നിര്‍ത്തിയാല്‍ മതി. പിന്നെ ആ ബാത്ത് റൂമിലാണ് പിടിവിട്ടുപോകുന്നത്. ബാത്ത് റൂമില്‍ നിന്ന് പുള്ളി കരയുമ്പോള്‍ ആ കരച്ചിലിന് ഒച്ചയും പറ്റില്ല.

കാരണം പുറത്ത് ഭാര്യയുണ്ട്, ഭാര്യ സംസാരിച്ചോണ്ട് നില്‍ക്കുന്നുണ്ട്. പുള്ളിക്ക് ആ പരിപാടി എക്‌സ്‌പ്ലെയ്ന്‍ ചെയ്തു കൊടുത്തു. പിന്നെ പുള്ളി പെര്‍ഫോം ചെയ്യുകയാണ്. നമ്മള്‍ വിട്ടുകൊടുക്കുകയാണ്.

ടോപ്പ് ആംഗിളാണ് ക്യാമറ. ആര്‍ക്കും അതിനകത്ത് നില്‍ക്കാന്‍ കഴിയില്ല. മാസ്റ്റര്‍ അറ്റ് വര്‍ക്ക് എന്ന് പറയുന്നത് നമ്മള്‍ ഇങ്ങനെ കണ്ടോണ്ടിരിക്കുകയാണ്.

നമ്മള്‍ സ്റ്റാര്‍ട് പറഞ്ഞിട്ടാണ് പുള്ളി അത് ചെയ്യുന്നത്. അത് റിയലായി നടക്കുകയല്ലല്ലോ. നമ്മള്‍ കട്ട് പറഞ്ഞാല്‍ പുള്ളി നിര്‍ത്തുകയും ചെയ്യും. ആ മീറ്ററിലേക്ക് എത്ര പെട്ടെന്നാണ് പുള്ളി എത്തുന്നത് എന്നതാണ് അതിശയിപ്പിച്ചത്.

ഷോട്ടിന് മുന്‍പ് വളരെ കാം ആയി നിന്ന് വര്‍ത്തമാനമൊക്കെ പറഞ്ഞു. എന്നെ നനയിപ്പിച്ചത് മതിയായില്ലേ എന്ന് ചോദിക്കും. ഒരുപാട് നനയിപ്പിച്ചിട്ടുണ്ട്. അതും രാത്രി.

റെഡി എന്നൊക്കെ പറഞ്ഞ് പുള്ളി അഭിനയിച്ചു തുടങ്ങി. പുള്ളി കരയുന്നുണ്ട്. തിരിഞ്ഞു നോക്കുന്നുണ്ട്. ഞങ്ങള്‍ പുറത്തുനിന്ന് മാമിന്റെ ഡയലോഗ് ഉറക്കെ വായിക്കുന്നുണ്ട്.

ഇങ്ങനെ പോയി പെട്ടെന്ന് ഒരു വീഴ്ചയാണ്. പുള്ളി വീണതാണോ എല്ലാവരും ഞെട്ടി. തരുണ്‍ കട്ട് എന്ന് വിളിക്കാന്‍ നിന്നതും ഞാന്‍ തരുണിന്റെ കാലില്‍ പിടിച്ചു. കട്ട് വിളിക്കല്ലേ. പുള്ളി അഭിനയിച്ചോണ്ടിരിക്കുകയാണ്. നിര്‍ത്തല്ലേ പോട്ടെ പോട്ടെ എന്ന് പറഞ്ഞു.

ഒരു റൂമില്‍ മോണിറ്റര്‍ വെച്ച് ഞങ്ങള്‍ എല്ലാവരും ഇരിക്കുകയാണ്. ഇതു കണ്ടതും ഷാജിയേട്ടനും എല്ലാവരും ഒന്ന് ഞെട്ടി. അദ്ദേഹം സ്ലിപ് ആയി വീണതാണോ ഒന്നും അറിയില്ലല്ലോ. ആ വീഴ്ചയുടെ കാര്യം ഡയറക്ടര്‍ പറഞ്ഞിട്ടേയില്ല.

ഞാന്‍ വീഴുമെന്ന് ലാലേട്ടന്‍ പറഞ്ഞിട്ടുമില്ല. എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഞങ്ങള്‍ക്കും അറിയില്ല. പുള്ളി പറഞ്ഞിട്ടുമില്ല. അങ്ങനെ പറഞ്ഞ് അഭിനയിക്കുന്ന ആളുമല്ല പുള്ളി.

കരഞ്ഞ് തിരിഞ്ഞു നോക്കുന്നുണ്ട്. ചുമരിനിടിക്കുന്നുണ്ട്. വായപൊത്തുന്നുണ്ട്. അങ്ങനെ നിന്ന് നിന്ന് ടക്ക് എന്ന് പറഞ്ഞ് ഒരു വീഴ്ചയാണ്. എല്ലാവരും പേടിച്ചുപോയി. പുള്ളി ശരിക്കും വീണതാണ് എന്ന് എല്ലാവരും വിചാരിച്ചു. നോക്കുമ്പോള്‍ അല്ല. ഒരു രക്ഷയുമില്ലാത്ത മൊമെന്റ് ആയിരുന്നു അത്.

നമ്മള്‍ ഓപ്പോസിറ്റ് ചെയ്യുന്നത് മോഹന്‍ലാലിനെ ആണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ കയ്യില്‍ നിന്ന് പോകും. ഇപ്പുറം നില്‍ക്കുന്നത് കൂട്ടുകാരനായിട്ടോ അനിയനായിട്ടോ ചേട്ടനായിട്ടോ അയല്‍വക്കക്കാരനായിട്ടോ അല്ല. നമ്മള്‍ പുള്ളിയുടെ ഓപ്പോസിറ്റ് നില്‍ക്കുന്നത് എതിര്‍ക്കുന്ന ആളായിട്ടാണ്. അതിന്റെ ഹൈ വേറെ തന്നെയാണ്,’ ബിനു പപ്പു പറഞ്ഞു.

Content Highlight: Actor Binu Pappu about a Shocking performance on Mohanlal In Thudarum