ന്യൂദല്‍ഹി: നേരിട്ട് കേസെടുക്കുന്നതില്‍ നിന്ന് സി.ബി.ഐയെ തടയാനാകില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. നേരിട്ട് കേസടുക്കുന്നതില്‍ നിന്ന് സി.ബി.ഐയെ തടയണമെന്ന സി.പി.ഐ.എം പ്രസ്താവനക്കെതിരെയായിരുന്നു മുരളീധരന്റെ വിമര്‍ശനം. അഴിമതിയും രാഷ്ട്രീയ കൊലക്കേസുകളും മറയ്ക്കാനുള്ള ശ്രമമാണ് സി.പി.ഐ.എം നടത്തുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ പരിധിയിലുള്ള കേസുകളില്‍ സി.ബി.ഐ നേരിട്ട് കേസെടുക്കുന്നത് വിലക്കി ഉത്തരവിറക്കുന്നത് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ‘സര്‍ക്കാര്‍ നല്‍കിയ മുന്‍കൂര്‍ അനുമതിയുടെ പിന്‍ബലത്തിലാണ് സി.ബി.ഐ വരുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പോലും പറഞ്ഞ പശ്ചാത്തലത്തില്‍ മുന്‍കൂര്‍ അനുമതി റദ്ദാക്കുന്നതിന്റെ നിയമവശം പരിശോധിക്കണം.’ കോടിയേരി വ്യക്തമാക്കി.
അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന തോന്നലുണ്ടായപ്പോഴാണ് ബി.ജെ.പി ഇതര സര്‍ക്കാരുകളെല്ലാം ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ചത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ സി.ബി.ഐക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഈ സാഹചര്യം കേരളവും പരിശോധിക്കണമെന്നാണ് കോടിയേരി ആവശ്യപ്പെട്ടിരിക്കുന്നത്.