Entertainment news
സമരത്തിനിടക്ക് രക്തം പൊടിഞ്ഞിട്ടും ഓടിരക്ഷപ്പെടാത്ത ആ കെ.എസ്.യു നേതാവിനെ കണ്ടാണ് ഞാന്‍ രാഷ്ട്രീയക്കാരനായത്: ദേവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 30, 01:37 pm
Friday, 30th June 2023, 7:07 pm

വി.എം. സുധീരനാണ് തന്റെ മനസില്‍ രാഷ്ട്രീയത്തിന്റെ വിത്തുപാകിയതെന്ന് നടന്‍ ദേവന്‍. സെന്റ്‌തോമസ് കോളേജില്‍ സമരം നടക്കുമ്പോള്‍ രക്തം പൊടിഞ്ഞിട്ടും ഓടിരക്ഷപ്പെടാതെ മറ്റുള്ളവരെ സംരക്ഷിച്ച വി.എം. സുധീരനെ കണ്ടാണ് താന്‍ രാഷ്ട്രീയത്തെ മനസിലാക്കിയതെന്നും ദേവന്‍ പറഞ്ഞു.

കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്നത്തെ ആദര്‍ശവാന്‍മാരായ നേതാക്കള്‍ ഭരണത്തിലെത്തിയപ്പോള്‍ അത്തരം നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോയെന്നും ദേവന്‍ പറഞ്ഞു.

“ഞാന്‍ പഠിച്ച സ്‌കൂളില്‍ സമരങ്ങളൊന്നുമുണ്ടായിരുന്നില്ല. അക്കാലത്ത് സെന്റ് തോമസ് സ്‌കൂളിന് മുന്നില്‍ സമരം നടക്കുന്നുണ്ടെന്നറിഞ്ഞ ഞങ്ങള്‍ അത് കാണാന്‍ പോയി. കോളേജിന് മുന്നില്‍ അപ്പോള്‍ അടിപിടി നടക്കുക്കയും ആളുകള്‍ ഓടുകയുമൊക്കെ ചെയ്യുന്നുണ്ട്. അവിടെ കോളേജിന് മുന്നിലായി ഒരു പോസ്റ്റ് ബോക്‌സുണ്ട്. അതിനടുത്ത് നിന്ന് വെളുത്ത് മെലിഞ്ഞ ഒരു ചെറുപ്പക്കാരന്‍, സ്വയം ഓടിരക്ഷപ്പെടാനുള്ള അവസരങ്ങളുണ്ടായിട്ടും അത് ചെയ്യാതെ മറ്റുള്ള പ്രവര്‍ത്തകരെ രക്ഷപ്പെടുത്തുന്ന ഒരു കാഴ്ച ഞാന്‍ കണ്ടു.

അദ്ദേഹത്തിന്റെ പോക്കറ്റൊക്കെ കീറിയിരുന്നു. മുഖത്ത് രക്തം പൊടിഞ്ഞിട്ടുണ്ട്. ഇന്ന് ഈ ആള്‍ ആരാണെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. ഈ ആളാണ് വി.എം. സുധീരന്‍ എന്ന് ഞാന്‍ അടുത്ത ദിവസമാണ് മനസ്സിലാക്കുന്നത്. എന്റെ മനസ്സിലെ യഥാര്‍ത്ഥ രാഷ്ട്രീയത്തിന്റെ ചിത്രം വരച്ചത് വി.എം. സുധീരനാണ്. അങ്ങനെയാണ് ഞാന്‍ കെ.എസ്.യുകാരനായത്. വി.എം. സുധീരന്റെ രാഷ്ട്രീയമായിരുന്നു എന്റെ രാഷ്ട്രീയം.

അന്നൊന്നും എസ്.എഫ്.ഐ അത്ര ശക്തമായിരുന്നില്ല. വി.എം. സുധീരന്‍ പിന്നീട് യൂത്ത് കോണ്‍ഗ്രസിലേക്ക് പോകുകയും വലിയ നേതാവുകയും ചെയ്തു. ‘ധീരാ…വീരാ… വി.എം.സുധീരാ… ധീരതയോടെ നയിച്ചോളൂ എന്നായിരുന്നു അന്ന് വിളിച്ച മുദ്രാവാക്യം. കോഴിക്കോടേക്കും കൊച്ചിയിലേക്കുമൊക്കെ സംസ്ഥാന സമ്മേളനങ്ങള്‍ക്ക് ബസില്‍ പോകുമ്പോള്‍ ഈ മുദ്രാവാക്യമായിരുന്നു വിളിച്ചത്. അതൊക്കെയായിരുന്നു എന്റെ മനസ്സില്‍ രാഷ്ട്രീയത്തിന്റെ ചിത്രം വരച്ചത്,”ദേവന്‍ പറഞ്ഞു.

content highlights: V.M. Sudhiran is my political guru; Devan