Film News
അയാളുടെ മുറി നിറയെ പുക; 5 കോടിയോളം മുടക്കിയ എന്റെ സിനിമ ഇപ്പോഴും പെട്ടിയിലാണ്: സംവിധായകന്‍ ആര്‍.എസ്. വിമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 28, 08:15 am
Monday, 28th April 2025, 1:45 pm

സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളിലേക്ക് ലഹരി എത്തുന്നത് നിര്‍ത്തലാക്കണമെന്ന് പറയുകയാണ് സംവിധായകന്‍ ആര്‍.എസ്. വിമല്‍. ചില പുഴുക്കുത്തുകള്‍ ഓരോ സ്ഥലത്തുമുണ്ടെന്നും സിനിമ ആയത് കൊണ്ട് ഇത് കുറച്ചധികം ചര്‍ച്ച ചെയ്യപ്പെടുകയാണെന്നും അദ്ദേഹം പറയുന്നു.

താന്‍ അഞ്ച് കോടിയോളം മുടക്കി പ്രൊഡ്യൂസ് ചെയ്ത സിനിമ ഇതുവരെ പുറത്തിറക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും വിമല്‍ പറയുന്നു. ആ സിനിമയില്‍ അഭിനയിച്ച നടന്‍ ലഹരി ഉപയോഗിച്ചതിന്റെ പേരില്‍ നാല് ദിവസം ലൊക്കേഷനിലേക്ക് വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു ആര്‍.എസ്. വിമല്‍. എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമ സംവിധാനം ചെയ്ത സംവിധായകനാണ് അദ്ദേഹം.

മുറിയില്‍ തന്നെ ഇരുന്ന ആ നടനെ ഹോട്ടല്‍ മുറിയില്‍ പോയി പലവട്ടം വിളിച്ചിട്ടും അദ്ദേഹം വന്നില്ലെന്നും വിമല്‍ റിപ്പോര്‍ട്ടറിനോട് പറയുന്നു. ഒരു ദിവസം അയാള്‍ വാതില്‍ തുറന്നപ്പോള്‍ അതിനകത്ത് നിറയെ പുകയാണെന്നും തന്റെ സിനിമ ഇപ്പോഴും ആ പുക പോലെ പെട്ടിക്കകത്ത് ഇരിക്കുകയാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

‘ടി.വിയില്‍ വാര്‍ത്തകളിലൊക്കെ കാണുന്ന ഒരു കാര്യമുണ്ട്. കാരവാനിലൊക്കെ പുകയാണ് എന്നാണ് കാണുന്നത്. ഈ പുകയൊക്കെ വരുന്ന വഴികള്‍ നമുക്കും അറിയാവുന്നതാണ്.

110 ശതമാനം അത് നിര്‍ത്തലാക്കുക തന്നെ വേണം. ചില പുഴുക്കുത്തുകള്‍ ഓരോ സ്ഥലത്തുമുണ്ട്. സിനിമ ആയത് കൊണ്ട് ഇത് കുറച്ചധികം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

ഞാന്‍ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്തിരുന്നു. ആ പടം സെന്‍സറിങ് കഴിഞ്ഞിരിക്കുകയാണ്. എനിക്ക് അത് പുറത്തിറക്കാന്‍ പറ്റിയിട്ടില്ല. ഞാന്‍ ഏകദേശം അഞ്ച് കോടിയോളം മുടക്കി ചെയ്ത ഒരു പടമാണ്.

അതിനകത്ത് ഒരാള്‍, ആ ആളെ ഞാന്‍ പറയുന്നില്ല. അയാള്‍ ഇത് ഉപയോഗിച്ചതിന്റെ പേരില്‍ നാല് ദിവസം ഷൂട്ടിങ് ലൊക്കേഷനിലേക്ക് വന്നത് പോലുമില്ല. അയാള്‍ റൂമില്‍ തന്നെ ഇരിക്കുകയായിരുന്നു.

ഞാനും എന്റെ ഭാര്യയും അയാളുടെ ഹോട്ടല്‍ മുറിയില്‍ പോയി പലവട്ടം വിളിച്ചിട്ടും അദ്ദേഹം വന്നില്ല. പിന്നെ ഒരു ദിവസം അയാള്‍ വാതില്‍ തുറന്നപ്പോള്‍ അതിനകത്ത് നിറയെ പുകയാണ്. എന്റെ സിനിമ ഇപ്പോഴും ആ പുക പോലെ പെട്ടിക്കകത്ത് ഇരിക്കുകയാണ്,’ ആര്‍.എസ്. വിമല്‍ പറഞ്ഞു.


Content Highlight: Director RS Vimal Says Stop drug Use In Cinema