ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരമാണ് ഇന്ന് നടക്കുന്നത്. രാജസ്ഥാന്റെ തട്ടകമായ സവായി മാന്‍സിങ് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഏഴ് പരാജയങ്ങള്‍ വഴങ്ങിയാണ് രാജസ്ഥാന്‍ സീസണിലെ 10ാം മത്സരത്തിന് ഒരുങ്ങുന്നത്.
അതേ സമയം പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്ത് വിജയക്കുതിപ്പ് തുടരാനാണ് ലക്ഷ്യം വെക്കുന്നത്. വിജയം ഉറപ്പാക്കിയ മത്സരങ്ങളില്‍ പോലും രാജസ്ഥാന്‍ പരാജയം ഏറ്റുവാങ്ങിയത് ആരാധകരെ ഏറെ നിരാശയിലാക്കിയിരുന്നു. എന്നാല്‍ ഹോം ഗ്രൗണ്ടില്‍ വിജയിച്ച് തിരിച്ചുവരാനാണ് രാജസ്ഥാന്‍ കച്ചമുറുക്കുന്നത്. അതേസമയം ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ പരിക്ക് ടീമിനെ ആശങ്കപ്പെടുത്തുന്നതാണ്.
ഗുജറാത്തിനെതിരെയുള്ള മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു കളത്തിലിറങ്ങിയാല്‍ ഒരു മിന്നും നാഴികകപ്പ് സ്വന്തമാക്കാനുള്ള അവസരവും ഉണ്ട്. ഇനി മൂന്ന് സിക്‌സറുകള്‍ നേടിയാല്‍ ടി-20യില്‍ 350 സിക്‌സറുകള്‍ പൂര്‍ത്തിയാക്കാനുള്ള അവസരമാണ് സഞ്ജുവിനുള്ളത്. നിലവില്‍ ടി-20യിലെ 289 ഇന്നിങ്‌സില്‍ നിന്ന് 7568 റണ്‍സാണ് സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്. മാത്രമല്ല 347 സിക്‌സറുകളാണ് താരം നിലവില്‍ നേടിയത്.
സീസണില്‍ ഇതുവരെ ഏഴ് മത്സരങ്ങളില്‍ നിന്ന് 37.33 ആവറേജിലും 143.59 സ്ട്രൈക്ക് റേറ്റിലും 193 റണ്‍സാണ് സഞ്ജു നേടിയത്. അതില്‍ 23 ഫോറും 10 സിക്സും ഉള്‍പ്പെടുന്നു. ബിഗ് ഹിറ്റുകള്‍ക്ക് പേര് കേട്ട സഞ്ജു വരാനിരിക്കുന്ന മത്സരങ്ങളില്‍ മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. സീസണില്‍ ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് സഞ്ജുവിന് നേടാന്‍ സാധിച്ചത്.
അതേസമയം കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്ന് തുടര്‍ച്ചയായ തോല്‍വി വഴങ്ങിയ രാജസ്ഥാന്‍ സീസണിലെ മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. പ്ലേ ഓഫ് സാധ്യതകള്‍ ഏറെ കുറെ അസ്തമിച്ച് തുടങ്ങിയ രാജസ്ഥാന് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്.
Content Highlight: IPL 2025: Sanju Samson Need 3 Sixes For Complete 350 Sixes In T-20