IPL
അത് അന്യായമെന്ന് പന്ത്; നമ്മള്‍ പ്രതീക്ഷിക്കുന്ന ഫലം ഉടനെന്ന് സഹീര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 28, 08:08 am
Monday, 28th April 2025, 1:38 pm

ഐ.പി.എല്‍ സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹെഡ്ഡറിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പരാജയപ്പെട്ടിരുന്നു. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ 54 റണ്‍സിന്റെ തോല്‍വിയാണ് ലഖ്നൗ വഴങ്ങിയത്.

മത്സരത്തില്‍ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ  മുംബൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തിരുന്നു. റിയാന്‍ റിക്കല്‍ടണിന്റെയും സൂര്യകുമാര്‍ യാദവിന്റെയും അര്‍ധ സെഞ്ച്വറി മികവിലാണ് മുന്‍ ചാമ്പ്യന്‍മാര്‍ മികച്ച സ്‌കോറിലെത്തിയത്.

മറുപടി ബാറ്റിങ്ങില്‍ സൂപ്പര്‍ ജയന്റ്സ് 161ന് പുറത്തായി. ആയുഷ് ബദോണി (22 പന്തില്‍ 35), മിച്ചല്‍ മാര്‍ഷ് (24 പന്തില്‍ 34), നിക്കോളാസ് പൂരന്‍ (15 പന്തില്‍ 27), ഡേവിഡ് മില്ലര്‍ (16 പന്തില്‍ 24) എന്നിവരാണ് ടീമിനായി മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തത്. മോശം ഫോമില്‍ തുടരുന്ന ക്യാപ്റ്റന്‍ റിഷബ് പന്ത് മുംബൈക്കെതിരെയും നിരാശപ്പെടുത്തി. രണ്ട് പന്ത് നേരിട്ട താരം നാല് റണ്‍സ് മാത്രം എടുത്താണ് പുറത്തായത്.

മത്സര ശേഷം തന്നെ മോശം ഫോമിനെ കുറിച്ച് പ്രതികരിച്ചിരുന്നു. താന്‍ കാര്യങ്ങളെ വളരെ ലളിതമായാണ് കാണുന്നതെന്നും ഫോമിനെക്കുറിച്ച് അധികം ചിന്തിക്കുന്നില്ലെന്നും പന്ത് പറഞ്ഞു. ഒരു കളിക്കാരന് തീര്‍ച്ചയായും മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നും പക്ഷേ ഓരോ തവണയും ഒരു വ്യക്തിയെ മാത്രം വിമര്‍ശിക്കുന്നത് ശരിയായ കാര്യമല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘നോക്കൂ ഞാന്‍ കാര്യങ്ങളെ വളരെ ലളിതമായാണ് കാണുന്നത്. എന്റെ ഫോമിനെക്കുറിച്ച് ഞാന്‍ അധികം ചിന്തിക്കുന്നില്ല. കാരണം, ഇതുപോലുള്ള ഒരു സീസണില്‍ കാര്യങ്ങള്‍ നിങ്ങളുടെ വഴിക്ക് പോകാത്തപ്പോള്‍, ഒരു കളിക്കാരനെന്ന നിലയില്‍ നിങ്ങള്‍ സ്വയം ചോദ്യം ചെയ്യാന്‍ തുടങ്ങും, അത് ഒരാളും ചെയ്യാന്‍ ആഗ്രഹിക്കാത്ത കാര്യമാണ്.

ടീം നന്നായി കളിക്കാത്തപ്പോള്‍ നമ്മള്‍  അതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. കാരണം ഒടുവില്‍ ഇത് ഒരു ടീം ഗെയിമാണ്. അതെ, ഒരു കളിക്കാരന് തീര്‍ച്ചയായും മാറ്റമുണ്ടാക്കാന്‍ സാധിക്കും. പക്ഷേ ഓരോ തവണയും നിങ്ങള്‍ ഒരു വ്യക്തിയെ മാത്രം വിമര്‍ശിക്കുന്നത് ശരിയായ കാര്യമല്ലെന്ന് ഞാന്‍ കരുതുന്നു,’ പന്ത് പറഞ്ഞു.

മുംബൈക്കെതിരെ നടന്ന മത്സരത്തിന്‌ ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ ലഖ്നൗ മെന്റര്‍ സഹീര്‍ ഖാനോടും പന്തിന്റെ ഫോമിനെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. പന്ത് ഒരു ക്യാപ്റ്റനെന്ന നിലയില്‍ അതിശയകരമായ പ്രകടനമാണ് കാഴ്ച വെക്കുന്നതെന്നും താരത്തില്‍ നിന്ന് നമ്മള്‍ ആഗ്രഹിക്കുന്ന ഫലം തീര്‍ച്ചയായും ലഭിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും സഹീര്‍ പറഞ്ഞു. നായകന്റെ ഫോമിനെ താന്‍ സമ്മര്‍ദവുമായി ബന്ധപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പന്ത് ഒരു ക്യാപ്റ്റനെന്ന നിലയില്‍ അതിശയകരമായ പ്രകടനമാണ് കാഴ്ച വെക്കുന്നത്. അത് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. ടീമിലെ ഓരോ വ്യക്തിയും സുഖമായിരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അവന്‍  നടത്തുന്ന ശ്രമങ്ങള്‍, താരങ്ങള്‍ക്ക് പറയാനുള്ളത്  കേള്‍ക്കുന്നത്, ടീമിന്റെ പ്ലാനിങ് എന്നിവയില്‍ അവന്‍ കൃത്യത പുലര്‍ത്തുന്നു.

ഒരു ബാറ്റര്‍ എന്ന നിലയില്‍ മധ്യനിര റിഷബിനെ ആശ്രയിച്ചിരിക്കുന്നു. പന്തില്‍ നിന്ന് നമ്മള്‍ ആഗ്രഹിക്കുന്ന ഫലം തീര്‍ച്ചയായും ലഭിക്കുമെന്ന് എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്. അത് എന്തോ ഒന്ന് ക്ലിക്കാവുന്നതുമായി ബന്ധപെട്ടതാണ്. അതുകൊണ്ട് ഞാന്‍ അവന്റെ ഫോമിനെ സമ്മര്‍ദവുമായി ബന്ധപ്പെടുത്തില്ല,’ സഹീര്‍ പറഞ്ഞു.

 

 

മെഗാ താരലേലത്തിലൂടെ ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലക്കാണ് റിഷബ് പന്തിനെ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിലെത്തിച്ചത്. എന്നാല്‍ താരം മോശം ഫോമിലൂടെയാണ് കടന്നു പോവുന്നത്. പത്ത് മത്സരങ്ങളില്‍ നിന്ന് 12.22 ആവറേജിലും 98.21 സ്‌ട്രൈക്ക് റേറ്റിലുമായി 110 റണ്‍സ് മാത്രമാണ് താരം ഈ സീസണില്‍ നേടിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 49 പന്തില്‍ നിന്ന് നേടിയ 69 റണ്‍സാണ് ഈ സീസണിലെ ലഖ്നൗ നായകന്റെ ഉയര്‍ന്ന സ്‌കോര്‍.

Content Highlight: IPL 2025: Lucknow Super Giants Captain Rishabh Pant talks about his form in IPL