Entertainment
സിനിമക്ക് വേണ്ടി മാത്രമേ ഞാന്‍ സിഗരറ്റ് വലിച്ചിട്ടുള്ളൂ, നിങ്ങളാരും അതുകണ്ട് അനുകരിക്കരുത്: സൂര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 28, 08:09 am
Monday, 28th April 2025, 1:39 pm

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റെട്രോ. കാര്‍ത്തിക് സുബ്ബരാജും സൂര്യയും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമെന്ന നിലയില്‍ അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ചിത്രത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒന്നായിരുന്നു സൂര്യ സിഗരറ്റ് വലിച്ച് നടന്നു വരുന്ന പ്രൊമോ വീഡിയോ.

തന്റെ സിനിമകളിലൂടെ പുകവലിയെ പ്രോത്സാഹിപ്പിക്കില്ലെന്ന് നിലപാടെടുത്ത നടനായിരുന്നു സൂര്യ. 2008ല്‍ പുറത്തിറങ്ങിയ വാരണം ആയിരം എന്ന ചിത്രത്തിന് ശേഷം തന്റെ സിനിമകളില്‍ സൂര്യ പുകവലിച്ചിരുന്നില്ല. സൂരറൈ പോട്ര് എന്ന ചിത്രത്തില്‍ പുകവലിരംഗം ഉണ്ടായിരുന്നെങ്കിലും സെന്‍സറിങ്ങില്‍ ആ രംഗം ഒഴിവാക്കിയിരുന്നു. റെട്രോയിലെ പുകവലി രംഗത്തെക്കുറിച്ച് സംസാരിക്കുകയാണ് സൂര്യ.

സിനിമക്ക് വേണ്ടി മാത്രമാണ് താന്‍ പുകവലിച്ചിട്ടുള്ളതെന്നും പ്രേക്ഷകരാരും അത് കണ്ട് അനുകരിക്കരുതെന്നും സൂര്യ പറഞ്ഞു. ഒരു പഫ് മാത്രമേ എടുക്കുന്നുള്ളൂ എന്ന രീതിയില്‍ പോലും പുകവലി ആരും തുടങ്ങരുതെന്നും സൂര്യ പ്രേക്ഷകരോട് അഭ്യര്‍ത്ഥിച്ചു. തുടങ്ങിയാല്‍ പിന്നെ ഒഴിവാക്കാനാകാത്ത ശീലമാണ് പുകവലിയെന്നും സൂര്യ പറഞ്ഞു.

ആരും പുകവലി ശീലമാക്കരുതെന്നും അത് ആരോഗ്യത്തെ നശിപ്പിക്കുമെന്നും സൂര്യ പറഞ്ഞു. സിനിമയെ സിനിമയായി മാത്രം കാണണമെന്നും അതിലെ നായകന്മാര്‍ ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ അനുകരിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. റെട്രോയുടെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സൂര്യ.

‘എല്ലാവരോടും ഒരു കാര്യം കൂടി പറയാന്‍ ആഗ്രഹിക്കുന്നു. ഈ സിനിമയിലെ സ്‌മോക്കിങ് സീന്‍ പലരെയും ഇന്‍ഫ്‌ളുവന്‍സ് ചെയ്‌തേക്കാന്‍ സാധ്യതയുണ്ടെന്ന് പലരും പറയുന്നുണ്ട്. ഇത് ഞാന്‍ സിനിമക്ക് വേണ്ടി മാത്രം ചെയ്ത സ്‌മോക്കിങ്ങാണ്. ജീവിതത്തില്‍ ഞാന്‍ ഈ ശീലം പിന്തുടരാറില്ല. നിങ്ങളും സിഗരറ്റ് തൊടരുതെന്നാണ് എനിക്ക് പറയാനുള്ളത്.

ഒരു പഫ് അല്ലേ, അതൊന്നും കുഴപ്പമില്ല എന്ന് പറഞ്ഞ് ആരും ഈ ശീലം തുടങ്ങരുത്. അങ്ങനെ തുടങ്ങിയാല്‍ പിന്നെ മരണം വരെ ഈ ശീലം വിടാന്‍ സാധിക്കില്ല. നിങ്ങളാരും പുകവലി തുടങ്ങരുതെന്നാണ് എന്റെ അഭ്യര്‍ത്ഥന. സിനിമയില്‍ കാണുന്ന ഇത്തരം കാര്യങ്ങള്‍ അനുകരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ജീവിതമാണിത്, അത് നശിപ്പിക്കാതിരിക്കുക,’ സൂര്യ പറഞ്ഞു.

Content Highlight: Suriya request his fans don’t imitate the smoking scenes showed in Retro movie