ജീവിതം മുഴുവന്‍ മാനവരാശിക്ക് നേരേയുള്ള ചൂഷണങ്ങള്‍ക്കെതിരെ പടപൊരുതി; എ.കെ.ജിയില്‍ മാതൃകയുണ്ട്: വി.എം. സുധീരന്‍
Kerala News
ജീവിതം മുഴുവന്‍ മാനവരാശിക്ക് നേരേയുള്ള ചൂഷണങ്ങള്‍ക്കെതിരെ പടപൊരുതി; എ.കെ.ജിയില്‍ മാതൃകയുണ്ട്: വി.എം. സുധീരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd March 2023, 2:21 pm
എഴുത്തിന് താഴെ വിമര്‍ശനവുമായി ചില കോണ്‍ഗ്രസ് അണികള്‍ രംഗത്തെത്തി

കോഴിക്കോട്: ജീവിതം മുഴുവന്‍ പാവങ്ങള്‍ക്കും കര്‍ഷക- തൊഴിലാളി സമൂഹത്തിനും മാനവരാശിക്കും നേരേയുള്ള ചൂഷണങ്ങള്‍ക്കെതിരെ പടപൊരുതിയ മനുഷ്യസ്നേഹിയായ കമ്യൂണിസ്റ്റ് നേതാവായിരുന്നു എ.കെ.ജിയെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍. എ.കെ.ജിയുടെ ഓര്‍മദിനത്തിന്റെ 46-ാം വാര്‍ഷികത്തില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു സുധീരന്റെ പ്രതികരണം.

ജനാധിപത്യ അവകാശങ്ങള്‍ പുനസ്ഥാപിക്കാനും പാര്‍ലമെന്റും നിയമസഭയും നേരാംവണ്ണം പ്രവര്‍ത്തിക്കാനും പാര്‍ലമെന്ററി വേദിയെ ജനങ്ങള്‍ക്കുവേണ്ടി ഫലപ്രദമായി വിനിയോഗിച്ച എ.കെ.ജിയുടെ സ്മരണ ദേശീയ-സംസ്ഥാന ഭരണാധികാരികള്‍ക്ക് പ്രേരകമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കെ.എസ്‌യു പ്രസിഡന്റായിരിക്കെ എ.കെ.ജിയെ നേരിട്ടുകണ്ടതിനെക്കുറിച്ചും സുധീരന്‍ കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.

‘കോണ്‍ഗ്രസിന് 364 എം.പി.മാര്‍ ഉണ്ടായിരുന്ന ആദ്യ ലോക്സഭയില്‍ 16 പേരുടെ അംഗബലവുമായി ജയിച്ചുവന്ന എ.കെ.ജിയെ പ്രതിപക്ഷ നേതൃപദവിയുടെ പരിഗണന നല്‍കി ആദരിച്ച പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ നടപടി ജനാധിപത്യ ചരിത്രത്തിലെ ഉജ്ജ്വല അധ്യായമാണ്.

പ്രതിപക്ഷ ശബ്ദത്തിന് അര്‍ഹമായ പരിഗണന നല്‍കിയ ജവഹര്‍ലാല്‍ നെഹ്റുവും അതിനോട് ക്രിയാത്മകമായി പ്രതികരിച്ച എ.കെ.ജിയും തങ്ങളുടെ സാന്നിധ്യം കൊണ്ട് ധന്യമാക്കിയ പാര്‍ലമെന്റിന്റെ ഇന്നത്തെ അവസ്ഥ അതീവ പരിതാപകരമാണ്. ജനാധിപത്യ അവകാശങ്ങള്‍ പിച്ചിച്ചീന്തപ്പെടുന്ന ഇന്നത്തെ പാര്‍ലമെന്റിന്റെ ദുരവസ്ഥ രാജ്യത്തിനുതന്നെ അപമാനകരമാണ്. രാഷ്ട്രീയ പ്രബുദ്ധമെന്ന് നാം അഭിമാനിക്കുന്ന കേരള നിയമസഭയുടെ ഇപ്പോഴത്തെ അവസ്ഥയും വ്യത്യസ്തമല്ല.

ജനാധിപത്യ അവകാശങ്ങള്‍ പുനസ്ഥാപിക്കാനും പാര്‍ലമെന്റും നിയമസഭയും നേരാവണ്ണം പ്രവര്‍ത്തിക്കാനും പാര്‍ലമെന്ററി വേദിയെ ജനങ്ങള്‍ക്കുവേണ്ടി ഫലപ്രദമായി വിനിയോഗിച്ച എ.കെ.ജി.യുടെ സ്മരണ ദേശീയ-സംസ്ഥാന ഭരണാധികാരികള്‍ക്ക് പ്രേരകമാകട്ടെ.

കെ.എസ്.യു പ്രസിഡന്റായിരിക്കെ എം.എല്‍.എ ഹോസ്റ്റലില്‍വച്ച് എ.കെ.ജി.യെ നേരിട്ടുകണ്ടതും അന്നത്തെ ഹൃദ്യമായ ആശയവിനിമയവും മറക്കാനാവാത്ത അനുഭവമായി ഇന്നും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. പ്രിയപ്പെട്ട എ.കെ.ജിയുടെ ജ്വലിക്കുന്ന സ്മരണകള്‍ക്കു മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു,’ വി.എം. സിധീരന്‍ ഫേസ്ബുക്കില്‍ എഴുതി.

അതേസമയം, ഈ എഴുത്തിന് താഴെ വിമര്‍ശനവുമായി ചില കോണ്‍ഗ്രസ് അണികള്‍ രംഗത്തെത്തി. കമ്മ്യൂണിസ്റ്റ് നേതാവിന് സ്മരണാജ്ഞലി നേര്‍ന്ന സുധീരന്‍ ജനശ്രദ്ധ നേടാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു കുറിപ്പ് പങ്കുവെച്ചതെന്നാണ് ഇവര്‍ പറയുന്നത്. എതിരാളികളുടെ കയ്യടി നേടാനാണ് സുധീരന്റെ ശ്രമമെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ഒരു കമന്റ്.

Content Highlight: V.M. Sudhiran  AKG has model, Life fought against the exploitation of humanity