സിനിമാ പ്രേമികള്‍ക്ക് ഒട്ടനവധി മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച അഭിനേത്രിയാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
1984ല്‍ പുറത്തിറങ്ങിയ ‘എതിര്‍പ്പുകള്‍‘ ആണ് ഉര്‍വശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. 1985 മുതല്‍ 1995 കാലഘട്ടത്തില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാള്‍ ഉര്‍വശി ആയിരുന്നു. സിനിമയില്‍ നിന്ന് ഇടക്കാലത്ത് വലിയൊരു ഇടവേളയെടുത്ത ഉര്‍വശി വന്‍ തിരിച്ചുവരവാണ് പിന്നീട് നടത്തിയത്.
ഇപ്പോള്‍ ആറാം തമ്പുരാന്‍ എന്ന സിനിമയിലെ ഒരു ഗാനരംഗത്ത് തന്റെ കണ്ണുകളുടെ ഷോട്ടുകള്‍ വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. ഈ ഷോട്ടിന്റെ രഹസ്യം ആര്‍ക്കും അറിയില്ലായിരുന്നുവെന്നും മറ്റേതോ സിനിമയില്‍ നിന്നുള്ള ഒരു രംഗം കട്ട് ചെയ്ത് ഗാനത്തില്‍ ഉള്‍പ്പെടുത്തിയതാണെന്നും ഉര്‍വശി പറയുന്നു.
‘ആറാം തമ്പുരാനിലെ മധുമൊഴി രാധേ എന്ന പാട്ടില്‍ വരുന്ന കണ്ണുകളുടെ സീനില്‍ എന്റെ കണ്ണാണ്. അത് ഏതോ സിനിമയില്‍ നിന്ന്, എവിടെന്നോ കട്ട് ചെയ്ത് ഉള്‍പ്പെടുത്തിയതാണ്. പക്ഷെ അത് എന്റെ കണ്ണാണെന്ന് എങ്ങനെ കണ്ടുപിടിച്ചു? ആര്‍ക്കും അറിയില്ലായിരുന്നു, ഇതൊന്നും ആരും പറഞ്ഞ് കേട്ടിട്ടില്ല,’ ഉര്‍വശി പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.
മുമ്പ് പല സിനിമകള്‍ക്കും താന്‍ അറിയാതെ തന്നെ ചില ഭാവങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അതൊന്നും അക്കാലത്ത് ആരും ശ്രദ്ധിച്ചിരുന്നില്ലെന്നും ഉര്‍വശി പറയുന്നു.
എന്നാല്‍ ഇപ്പോള്‍ ഇന്റര്‍വ്യൂ എടുക്കാനെത്തുന്ന പുതിയ കുട്ടികള്‍ തന്റെ പഴയസിനിമകളിലെ താന്‍ പോലും അറിയാതെ ചെയ്തുപോയ ചില ഭാവങ്ങളെ കുറിച്ചും രംഗങ്ങളെ കുറിച്ചും ചോദിക്കാറുണ്ടെന്നും ഉര്‍വശി പറഞ്ഞു.
ആറാം തമ്പുരാന്‍
ഷാജി കൈലാസിന്റെ സംവിധാനത്തില്‍ 1997ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആറാം തമ്പുരാന്‍. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, നരേന്ദ്ര പ്രസാദ്, പ്രിയാരാമന്‍ എന്നിവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയത്.
Content Highlight: Urvashi talks about the shot of her eyes in the song in Aaram Thampuran