മഹാസഖ്യത്തിന് വേണ്ടി സീറ്റൊഴിച്ചിട്ട് കോണ്‍ഗ്രസ്; പ്രമുഖര്‍ മത്സരിക്കുന്ന ഏഴ് മണ്ഡലങ്ങളില്‍ മത്സരിക്കില്ല
D' Election 2019
മഹാസഖ്യത്തിന് വേണ്ടി സീറ്റൊഴിച്ചിട്ട് കോണ്‍ഗ്രസ്; പ്രമുഖര്‍ മത്സരിക്കുന്ന ഏഴ് മണ്ഡലങ്ങളില്‍ മത്സരിക്കില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th March 2019, 5:44 pm

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി-ആര്‍.എല്‍.ഡി കൂട്ടുകെട്ടിനായി ഏഴു സീറ്റ് കോണ്‍ഗ്രസ് ഒഴിച്ചിടും. ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബര്‍ അറിയിച്ചു.

എസ്.പി നേതാവ് മുലായം സിംഗ് യാദവ് മത്സരിക്കുന്ന മെയിന്‍പുരി, അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ മത്സരിക്കുന്ന കനൗജ്, ആര്‍.എല്‍.ഡിയുടെ അജിത് സിംഗ്, ജയന്ത് ചൗധരി എന്നിവര്‍ മത്സരിക്കുന്ന സീറ്റുകള്‍, മായാവതി മത്സരിക്കുന്ന മണ്ഡലം എന്നിവയാണ് കോണ്‍ഗ്രസ് ഒഴിച്ചിടുന്നത്.

Read Also : ഞങ്ങളുടെ കൈകളില്‍ കൂട്ടക്കൊലയുടെ രക്തക്കറയോ, ഞങ്ങള്‍ക്ക് കുടുംബ രാഷ്ട്രീയത്തിന്റെ പാരമ്പര്യമോ ഇല്ല; ജമ്മു കശ്മീര്‍ പീപീള്‍സ് മൂവ്‌മെന്റിനെക്കുറിച്ച് ഷെഹ്‌ല റാഷിദ്

നേരത്തെ ഉത്തര്‍പ്രദേശില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മഹാസഖ്യത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് അറിയിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധിയുടെയും മണ്ഡലങ്ങളായ അമേഠിയിലും റായ്ബറേലിയിലും സഖ്യം വേറെ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തത് ചൂണ്ടിക്കാട്ടിയായിരുന്നു അഖിലേഷിന്റെ പ്രതികരണം.

80 ലോക്സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് സഖ്യധാരണപ്രകാരം മായാവതിയുടെ ബി.എസ്.പി. 38 സീറ്റിലും എസ്.പി. 37 സീറ്റിലുമാണ് മത്സരിക്കുക.

കഴിഞ്ഞ വര്‍ഷമാണ് അഭിപ്രായഭിന്നതകള്‍ മാറ്റിവെച്ച് എസ് പിയും ബി എസ് പിയും കൈകോര്‍ത്തത്. സഖ്യം മൂന്ന് ഉപതിരഞ്ഞെടുപ്പുകളില്‍ വിജയം നേടുകയും ചെയ്തിരുന്നു. ഈ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെയും സംയുക്തമായി നേരിടാന്‍ എസ്.പിയും ബി .എസ്പിയും തീരുമാനിച്ചിരിക്കുന്നത്.