മതത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കും പൗരത്വം നിഷേധിക്കരുത്; സി.എ.എ നിയമത്തിൽ ആശങ്ക രേഖപ്പെടുത്തി യു.എസ് മതസ്വാതന്ത്ര്യ കമ്മീഷന്‍
India
മതത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കും പൗരത്വം നിഷേധിക്കരുത്; സി.എ.എ നിയമത്തിൽ ആശങ്ക രേഖപ്പെടുത്തി യു.എസ് മതസ്വാതന്ത്ര്യ കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th March 2024, 5:45 pm

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തില്‍ ആശങ്ക രേഖപ്പെടുത്തി അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ് കമ്മീഷന്‍ (യു.എസ്.സി.ഐ.ആര്‍.എഫ്). മതത്തിന്റെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തില്‍ ആര്‍ക്കും പൗരത്വം നിഷേധിക്കരുതെന്ന് സംഘടന പറഞ്ഞു.

അയല്‍രാജ്യങ്ങളില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുമ്പോള്‍ അതില്‍ നിന്ന് മുസ്‌ലിങ്ങളെ മാത്രം ബോധപൂര്‍വ്വം ഒഴിവാക്കുന്നുവെന്ന് യു.എസ്.സി.ഐ.ആര്‍.എഫ് തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

‘അയല്‍രാജ്യങ്ങളില്‍ നിന്ന് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തിലാണ് പൗരത്വം നല്‍കുന്നത്. ഹിന്ദുക്കള്‍, പാഴ്‌സികള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനര്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് സി.എ.എ പ്രകാരം പൗരത്വം ലഭിക്കുമ്പോള്‍ മുസ്‌ലിങ്ങളെ വ്യക്തമായി അതില്‍ നിന്നും പുറത്താക്കുകയാണ് ചെയ്യുന്നത്,’ പ്രസ്താവനയില്‍ പറഞ്ഞു.

പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയാണ് സി.എ.എ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ അതില്‍ ബര്‍മ്മയില്‍ നിന്നുള്ള റോഹിങ്ക്യന്‍ മുസ്‌ലിങ്ങളും, പാകിസ്താനില്‍ നിന്നുള്ള അഹമ്മദിയ മുസ്‌ലിങ്ങളും ഉള്‍പ്പെടണമായിരുന്നന്ന് യു.എസ്.സി.ഐ.ആര്‍.എഫ് കമ്മീഷണര്‍ സ്റ്റീഫന്‍ ഷ്‌നെക്ക് പറഞ്ഞു. മതത്തിന്റെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തില്‍ ആര്‍ക്കും പൗരത്വം നിഷേധിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് സി.എ.എ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് കമ്മീഷന്റെ പ്രതികരണം. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലീം ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിന് വഴിയൊരുക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം.

ഇന്ത്യയിലെ മതസ്വാതന്ത്ര്യ പ്രശ്‌നങ്ങള്‍ പരസ്യമായി വിളിച്ചുപറയുന്നത് തുടരാനും ഗവണ്‍മെന്റ് പ്രതിനിധികളുമായുള്ള ചര്‍ച്ചകളില്‍ മതസ്വാതന്ത്ര്യം ഉള്‍പ്പെടുത്താനും കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു. മത ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന ഏകപക്ഷീയമായി തടവിലാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ ഇന്ത്യന്‍ അധികാരികളില്‍ സമ്മര്‍ദം ചെലുത്തുന്നത് തുടരണമെന്നും കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

2019 ഡിസംബര്‍ 11നാണ് ഇന്ത്യന്‍ പാര്‍ലമെന്റ് പൗരത്വനിയമം പാസാക്കിയത്. ശേഷം 2024 മാര്‍ച്ച് 11നാണ് പൗരത്വഭേദഗതി നിയമം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്.

Content Highlight: USCIRF raises concern over notification of rules to implement CAA