വാഷിംഗ്ടണ്‍: കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് നടന്ന ചാവേര്‍ ആക്രമണത്തില്‍ ഐ.എസിനെതിരെ തിരിച്ചടിച്ച് അമേരിക്ക. അഫ്ഗാനിസ്ഥാനിസ്ഥാന്റെ കിഴക്കന്‍ മേഖലയിലെ ഐ.എസ്.ഐ.എസ് പ്രദേശങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നന്‍ഗര്‍ പ്രവിശ്യയില്‍ ആക്രമണം നടത്തിയെന്നും ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ട ഐ.എസ് ഭീകരനെ വധിച്ചെന്നും അമേരിക്കന്‍ സേനയിലെ ഉന്നത ഉദ്യോഗസ്ഥനായ ബില്‍ അര്‍ബന്‍ അറിയിച്ചു. ആക്രമണത്തില്‍ സാധാരണക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും അമേരിക്ക പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നുണ്ട്.
വ്യാഴാഴ്ചയാണ് കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഇരട്ട ചാവേര്‍ ആക്രമണം നടന്നത്. 175 അഫ്ഗാന്‍ പൗരന്മാരും 13 യു.എസ് സൈനികരും കൊല്ലപ്പെട്ടതായാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്.
ആക്രമണം നടത്തിയത് തങ്ങളാണെന്ന് അഫ്ഗാനിലെ ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പായ ഇസ്‌ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ പ്രൊവിന്‍സ് (ഐ.എസ്.ഐ.എസ്-കെ) അറിയിച്ചിരുന്നു. അമേരിക്കയും താലിബാനും ഇത് സ്ഥിരീകരിച്ചിരുന്നു.
തുടര്‍ന്ന് ഐ.എസിനെതിരെ തിരിച്ചടിക്കാന്‍ പെന്റഗണിന് നിര്‍ദേശം നല്‍കിയതായും അമേരിക്ക അറിയിച്ചിരുന്നു. ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം തന്നെ പ്രതികരിച്ചിരുന്നു.
കാബൂളിലെ ആക്രമണം അമേരിക്ക മറക്കില്ലെന്നും ഇത് നടത്തിയവര്‍ക്ക് മാപ്പ് നല്‍കില്ലെന്നും ബൈഡന്‍ പറഞ്ഞു. ‘ഈ ആക്രമണം നടത്തിയവരും അമേരിക്കയെ ഉപദ്രവിക്കാന്‍ ആഗ്രഹിക്കുന്നവരും ഇത് അറിയുക, ഞങ്ങള്‍ ക്ഷമിക്കില്ല. ഞങ്ങള്‍ മറക്കില്ല. ഞങ്ങള്‍ നിങ്ങളെ വേട്ടയാടി വീഴ്ത്തും. ഇതിന്റെ വില നിങ്ങള്‍ കൊടുക്കേണ്ടിവരും,” ബൈഡന്‍ പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ട യു.എസ് സൈനികര്‍ ‘ഹീറോകള്‍’ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ആഗസ്റ്റ് 31ഓടെ അമേരിക്കന്‍ സേനയുടെ പിന്മാറ്റം പൂര്‍ണമാകുമെന്നാണ് ബൈഡന്‍ അറിയിച്ചിട്ടുള്ളത്. ആ തീയതിക്ക് മുമ്പ് യു.എസ് സൈന്യം കഴിയുന്നത്ര ആളുകളെ പുറത്തെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികള്‍ക്ക് തങ്ങളെയോ തങ്ങളുടെ ദൗത്യത്തെയോ തടയാനാവില്ലെന്നും അഫ്ഗാനില്‍ നിന്നും ഒഴിപ്പിക്കല്‍ തുടരുമെന്നും ബൈഡന്‍ പറഞ്ഞിരുന്നു.