World News
സിറിയയിലെയും ഇറാഖിലെയും വ്യോമാക്രമണം; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ആളിക്കത്തിക്കുകയാണ് യു.എസ്: റഷ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Feb 04, 07:43 am
Sunday, 4th February 2024, 1:13 pm

മോസ്കോ: മിഡിൽ ഈസ്റ്റിൽ നിലവിലുള്ള സംഘർഷങ്ങൾ ആളിക്കത്തിക്കുവാൻ മനഃപൂർവം രൂപകല്പന ചെയ്തതാണ് ഇറാഖിലെയും സിറിയയിലെയും യു.എസ് ആക്രമണങ്ങളെന്ന് റഷ്യ.

പ്രദേശത്തെ പ്രധാന ശക്തികളെ പുതിയ സംഘർഷത്തിലേക്ക് വലിച്ചിഴക്കുകയാണ് യു.എസ് എന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

അമേരിക്കയുടെ ആക്രമണോത്സുകമായ വിദേശ നയമാണ് ഒരിക്കൽ കൂടി വെളിവാകുന്നത് എന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് മരിയ സഖറോവ പറഞ്ഞു.

‘നിലവിലെ സംഘർഷം ആളിക്കത്തിക്കുവാൻ മനഃപൂർവം രൂപകല്പന ചെയ്തതാണ് ഈ വ്യോമാക്രമണമെന്ന് വളരെ വ്യക്തമാണ്. മിഡിൽ ഈസ്റ്റിലെ പ്രധാനപ്പെട്ട രാജ്യങ്ങളെ യു.എസ് കരുതിക്കൂട്ടി സംഘർഷത്തിലേക്ക് വലിച്ചിഴക്കുകയാണ്.

മിഡിൽ ഈസ്റ്റിലെ യു.എസിന്റെ ആക്രമണോത്സുകമായ വിദേശ നയം ഇറാഖിലും സിറിയയിലും നടത്തിയ തന്ത്രപരമായ ബോംബാക്രമണങ്ങളിലൂടെ ഒരിക്കൽ കൂടി ലോകത്തിന് മുമ്പിൽ വെളിപ്പെട്ടിരിക്കുന്നു.

പ്രദേശത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനല്ല ഒരിക്കലും യു.എസ് ശ്രമിച്ചതെന്ന് അടുത്തിടെയുള്ള സംഭവ പരമ്പരകൾ സ്ഥിരീകരിക്കുന്നു,’ മരിയ സഖറോവ പറഞ്ഞു.

ഫെബ്രുവരി രണ്ട് അർധരാത്രിയിൽ ഇറാഖിലെയും സിറിയയിലെയും 85ൽ അധികം ലക്ഷ്യസ്ഥാനങ്ങളിൽ യു.എസ് സേന ആക്രമണം നടത്തിയിരുന്നു.

ജോർദാനിലെ യു.എസ് സൈനിക താവളത്തിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നിരവധി സൈനികർ കൊല്ലപ്പെട്ടതിന് മറുപടിയാണ് ഈ വ്യോമാക്രമണമെന്ന് യു.എസ് പ്രസിഡന്റ്‌ ജോ ബൈഡൻ പറഞ്ഞു.

ആക്രമണത്തിൽ ഇരു രാജ്യങ്ങളിലെയും നിരവധി സിവിലിയന്മാർ കൊല്ലപ്പെടുകയും വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

CONTENT HIGHLIGHT: US strikes designed to drag regional powers into conflict: Russia