Malayalam Cinema
സിനിമയിൽ ജീവിതം പച്ചയായി കാണിക്കുന്നത് ശരിയായ ഏർപ്പാടല്ല, അത്തരം ട്രെൻഡ് എന്റെ സിനിമകളിൽ ഇല്ല: ഉർവശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 May 18, 01:02 pm
Thursday, 18th May 2023, 6:32 pm

സിനിമയിൽ ജീവിതം പച്ചയായി കാണിക്കുന്നത് ശരിയായ ഏർപ്പാടല്ലെന്ന് നടി ഉർവശി. അത്തരം ട്രെൻഡ് തന്റെ സിനിമകളിൽ ഇല്ലെന്നും, അത് ഉൾപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും താരം പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

‘ഇപ്പോഴുള്ള ചിത്രങ്ങളിൽ അശ്ലീലം നാച്വറൽ ആയിട്ടാകാം എന്നൊരു ട്രെൻഡ് ഉണ്ട്. എന്റെ ചിത്രങ്ങളിൽ പണ്ടും ഇപ്പോഴും അങ്ങനെയില്ല. കാരണം അമ്മൂമ്മയും അമ്മയും കുഞ്ഞും ആയിട്ട് സിനിമ കാണാൻ വരുന്ന പ്രേക്ഷകരാണ് എനിക്കുള്ളത്.

കുഞ്ഞ്‌ അതിന്റെ അർത്ഥം എന്താണെന്ന് ചോദിച്ചാൽ അമ്മക്ക് പറഞ്ഞുകൊടുക്കാൻ പറ്റണം. ആ വാക്ക് കുട്ടി ഉപയോഗിക്കരുതെന്ന് ആത്മാർഥമായിട്ടുള്ള ആഗ്രഹമുണ്ട്. അത് എല്ലാ കാലത്തും നടക്കണമെന്നില്ല. പക്ഷെ അങ്ങനെയാണിഷ്ടം.

നാച്വറൽ ആയിട്ട് ആയിക്കോട്ടെ എല്ലാം. പക്ഷെ ജീവിതം മുഴുവൻ പച്ചയായിട്ട് കാണിക്കാൻ പറ്റില്ലല്ലോ സിനിമയിൽ. അത് ശരിയായ ഒരു ഏർപ്പാടല്ലല്ലോ.
കഥയിൽ പറയാൻ ഉദ്ദേശിക്കുന്നതിന്റെ ഒരു സൂചന കൊടുത്തിട്ട് അതിനെപ്പറ്റി മനസിലാക്കി കൊടുക്കുക എന്നതാണ് സിനിമയുടെ വിജയം,’ ഉർവശി പറഞ്ഞു.

ബ്ലെസ്സി തന്റെ ചിത്രത്തിൽ പ്രസവിക്കുന്ന സീൻ എടുത്തു എന്നുള്ളതിനെ
വിമർശിക്കുന്നില്ലെന്നും പക്ഷെ, പ്രസവത്തിലേക്ക് നയിച്ച കാര്യങ്ങൾ നാച്വറൽ ആയിട്ട് എടുക്കുന്നു എന്ന് പറഞ്ഞാൽ അത് മലയാള സിനിമ ആകില്ലെന്നും താരം പറഞ്ഞു.

‘ചലച്ചിത്രകാരന് അയാളുടെ ആവിഷ്കാര സ്വാതന്ത്രമുണ്ട്. ബ്ലെസ്സിയുടെ ചിത്രത്തിൽ പ്രസവിക്കുന്ന സീൻ ഉണ്ട്. അതിനെ നമ്മൾ വിമർശിക്കുന്നില്ല. പക്ഷെ പ്രസവത്തിലേക്ക് നയിച്ച കാര്യങ്ങൾ കൂടി നാച്വറൽ ആയിട്ട് കാണിച്ചാൽ അത് മലയാള സിനിമ ആവില്ല. എല്ലാം നമുക്ക് നാച്വറൽ ആക്കാൻ പറ്റില്ല.

അത്തരം കാര്യങ്ങൾ ഡോക്യുമെന്ററി ആയിട്ടെടുത്ത് ഒരു പ്രത്യേക വിഭാഗത്തെ കാണിച്ചാൽ മതി. എല്ലാവരും കൂടിയിരുന്ന് കാണുന്നിടത്ത് അത് വേണ്ട,’ ഉർവശി പറഞ്ഞു.

Content Highlights: Urvashi on Malayalam cinema