ഉര്‍ജിത് പട്ടേല്‍ പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറാകും
Daily News
ഉര്‍ജിത് പട്ടേല്‍ പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറാകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th August 2016, 6:40 pm

ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍ രഘുറാം രാജന്റെ പിന്‍ഗാമിയായി ഡോ. ഉര്‍ജിത് പട്ടേലിനെ നിയമിക്കും. 52കാരനായ ഉര്‍ജിത്, നിലവില്‍ വാണിജ്യ ബാങ്കിങ് വിദഗ്ധനും ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണറുമാണ്.

അപോയ്‌മെന്റ്‌സ് കമ്മിറ്റി ഓഫ് കാബിനറ്റ് (എ.സി.സി)യാണ് ഡോ. ഉര്‍ജിത് പട്ടേലിന്റെ നിയമനം അംഗീകരിച്ചത്. സെപ്റ്റംബര്‍ നാലു മുതല്‍ മൂന്നുവര്‍ഷത്തേക്കാണ് നിയമനമെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. നിലവിലുള്ള ഗവര്‍ണര്‍ രഘുറാം രാജന്റെ കാലാവധി സെപ്റ്റംബര്‍ നാലിനാണ് അവസാനിക്കുക.

ഉര്‍ജിത് നേരത്തെ ഊര്‍ജ മന്ത്രാലയത്തിലും സാമ്പത്തിക കാര്യ വകുപ്പിലും ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്), എസ്.ബി.ഐ ഡയറക്ടര്‍, റിലയന്‍സ് ഇന്‍ഡസ്ട്രി തുടങ്ങിയ ചുമതലവകളും വഹിച്ചിട്ടുണ്ട്.

urjith

രഘുറാം രാജന്റെ വിശ്വസ്തനായാണ് ഉര്‍ജിത് പട്ടേല്‍ അറിയപ്പെടുന്നത്. രഘുറാം രാജനെപ്പോലെ യാലി യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഉര്‍ജിതും സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയത്. 1986 ല്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ എംഫില്‍ നേടിയ ഉര്‍ജിത്, 1984ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദവും സ്വന്തമാക്കി.

രഘുറാം രാജന്‍ ഗവര്‍ണറായി ചുമതലയേറ്റെടുക്കുന്നതിനു ഏതാനും മാസം മുന്‍പാണ് ഉര്‍ജിത് സെന്‍ട്രല്‍ ബാങ്കില്‍ ജോലി ആരംഭിച്ചത്. ധനപരമായ നയങ്ങള്‍ തീരുമാനിക്കുന്ന വിഭാഗത്തിന്റെ തലവനായിരുന്നു.

മുന്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ്, എസ്.ബി.ഐ മേധാവി അരുന്ധതി ഭട്ടാചാര്യ എന്നിവരുടെ പേരുകളാണ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് സജീവ പരിഗണനയില്‍ ഉണ്ടായിരുന്നത്.