വിമര്‍ശകരെ നിശബ്ദമാക്കാൻ യു.എ.പി.എ ചുമത്തുന്നതിൽ ആശങ്കയുണ്ട്; അരുന്ധതി റോയ്ക്കെതിരായ കേസ് പിൻവലിക്കണമെന്ന് യു.എൻ മനുഷ്യാവകാശ മേധാവി
national news
വിമര്‍ശകരെ നിശബ്ദമാക്കാൻ യു.എ.പി.എ ചുമത്തുന്നതിൽ ആശങ്കയുണ്ട്; അരുന്ധതി റോയ്ക്കെതിരായ കേസ് പിൻവലിക്കണമെന്ന് യു.എൻ മനുഷ്യാവകാശ മേധാവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th June 2024, 6:29 pm

ന്യൂദല്‍ഹി: 2010ല്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ എഴുത്തുകാരി അരുന്ധതി റോയ്ക്കും കശ്മീര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍ ഷെയ്ഖ് ഷൗക്കത്ത് ഹുസൈനുമെതിരായ യു.എ.പി.എ കേസ് പിന്‍വലിക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക്.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസ് ഇന്ത്യാ ഗവണ്‍മെന്റിനോട് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.

വിമര്‍ശകരെ നിശബ്ദരാക്കാന്‍ യു.എ.പി.എ ഭീകരവിരുദ്ധ നിയമം ഉപയോഗിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയമം പുനഃപരിശോധിക്കണമെന്നും നിയമത്തിന് കീഴില്‍ തടവിലാക്കപ്പെട്ട മനുഷ്യാവകാശ സംരക്ഷകരെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ, 200 ഓളം അക്കാദമിക് വിദഗ്ധരും ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഒരു തുറന്ന കത്തുമായാണ് ഇവർ രം​ഗത്തെത്തിയത്.

ചരിത്രകാരി റോമില ഥാപ്പർ, പത്രപ്രവർത്തകൻ പരഞ്ജോയ് ഗുഹ താകുർത്ത, മുൻ എം.പിയും പത്രപ്രവർത്തകനുമായ കുമാർ കേത്കർ, സാമൂഹിക പ്രവർത്തക മുക്ത മനോഹർ, സാമൂഹിക പ്രവർത്തകൻ സുനിൽ ചവാൻ, കവിയും എഴുത്തുകാരനുമായ ശ്രീരഞ്ജൻ അവാതെ, യോഗേന്ദ്രയാദവ്, തുഷാർ ഗാന്ധി തുടങ്ങി 200ലധികം പേരാണ് കത്തിൽ ഒപ്പു വെച്ചത്.

ഈ മാസം ആദ്യമാണ് അരുന്ധതി റോയിയെയും ഷെയ്ഖ് ഷൗക്കത്ത് ഹുസൈനെയും യു.എ.പി.എ ചുമത്തി വിചാരണ ചെയ്യാന്‍ ദല്‍ഹി ലഫ്റ്റണന്റ് ജനറല്‍ വിനയ് കുമാര്‍ സക്‌സേന അനുമതി നല്‍കിയത്.

2010-ൽ ദൽഹിയിൽ നടന്ന ഒരു പരിപാടിയിൽ എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ഷെയ്ഖ് ഷൗക്കത്ത് ഹുസൈനും പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നാരോപിച്ചാണ് അവർക്കെതിരെ പൊലീസ് കേസെടുത്തത്.

Content Highlight: UN Rights Chief Urges India to Withdraw UAPA Case Against Arundhati Roy