ഇന്ത്യ – ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം കാണ്‍പൂരില്‍ തുടരുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ ലീഡ് മറികടന്ന് മികച്ച ടോട്ടലുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബംഗ്ലാദേശ്. മത്സരം വിജയിക്കുക എന്നതിനേക്കാളുപരി ഈ ദിവസം മുഴുവന്‍ ബാറ്റ് ചെയ്ത് മത്സരം സമനിലയില്‍ അവസാനിപ്പിക്കുക എന്നത് മാത്രമാകും ബംഗ്ലാദേശ് ലക്ഷ്യമിടുന്നത്.
ആദ്യ ഇന്നിങ്‌സില്‍ 285 റണ്‍സ് നേടി ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ യശസ്വി ജെയ്‌സ്വാളിന്റെയും കെ.എല്‍. രാഹുലിന്റെയും കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്.
രോഹിത് ശര്‍മയും യശസ്വി ജെയ്‌സ്വാളും ചേര്‍ന്ന് ആദ്യ ഓവറില്‍ തന്നെ നയം വ്യക്തമാക്കിയിരുന്നു. ആദ്യ മൂന്ന് ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 50 കടത്തിയാണ് രോഹിത്തും ജെയ്‌സ്വാളും ആരാധകരെയും എതിരാളികളെയും ഒരുപോലെ ഞെട്ടിച്ചത്.
11 പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറും അടക്കം 23 റണ്‍സാണ് രോഹിത് സ്വന്തമാക്കിയത്. ആകെ നേടിയ മൂന്ന് സിക്‌സറില്‍ രണ്ടെണ്ണവും നേരിട്ട ആദ്യ പന്തില്‍ തന്നെ ആയിരിന്നു എന്നതാണ് മറ്റൊരു ഹൈലൈറ്റ്.
ഖാലെദ് അഹമ്മദ് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ രണ്ട് പന്തുകളുമാണ് രോഹിത് ഗ്യാലറിയിലെത്തിച്ചത്.
ഇതോടെ ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ നേരിടുന്ന ആദ്യ രണ്ട് പന്തിലും സിക്‌സര്‍ നേടുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് രോഹിത് ചെന്നുകയറിയത്. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത് താരവും മൂന്നാമത് ഇന്ത്യന്‍ താരവുമാണ് രോഹിത്.
1948ലാണ് ആദ്യമായി ഇങ്ങനെ ഒരു റെക്കോഡ് ആദ്യമായി പിറന്നത്. വിന്‍ഡീസ് സൂപ്പര്‍ താരം ഫോഫി വില്യംസായിരുന്നു ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം. ബ്രിഡ്ജ്ടൗണില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലായിരുന്നു വില്യംസ് ഈ നേട്ടത്തിലെത്തിയത്.
നേരിട്ട ആദ്യ രണ്ട് പന്തും സിക്‌സറിന് തൂക്കിയ വില്യംസ് ഓവറില്‍ ശേഷിച്ച നാല് പന്തിലും ബൗണ്ടറിയും നേടി.
വില്യംസിന് ശേഷം ഈ നേട്ടം പിറക്കാന്‍ നീണ്ട 65 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 2013ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഈ നേട്ടത്തിലെത്തിയ രണ്ടാമത് താരം. അന്ന് ചെപ്പോക്കില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് സച്ചിന്‍ ഈ നേട്ടം സ്വന്തമാക്കിയത്.
മത്സരത്തില്‍ ആദ്യ ഇന്നിങ്‌സ് ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 380 റണ്‍സാണ് നേടിയത്. മറുപടിയെന്നോണം 572 റണ്‍സാണ് ഇന്ത്യ നേടിയത്. ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ 241ന് പുറത്തായി. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 50 റണ്‍സ് മാത്രമായി.
മുരളി വിജയ്, സേവാഗ് എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് തുടക്കത്തിലേ നഷ്ടമായിരുന്നു. സച്ചിന്‍ ക്രീസിലെത്തുമ്പോള്‍ ഇന്ത്യക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത് വെറും 14 റണ്‍സും. നേരിട്ട ആദ്യ രണ്ട് പന്തിലും നഥാന്‍ ലിയോണിനെ സിക്‌സറിന് പറത്തിയ സച്ചിന്‍ ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ഉമേഷ് യാദവാണ് ഇക്കൂട്ടത്തിലെ മൂന്നാമന്‍. 2019ല്‍ റാഞ്ചിയില്‍ വെച്ച് നടന്ന ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരയിലാണ് താരം ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചത്. സൗത്ത് ആഫ്രിക്കയുടെ അരങ്ങേറ്റ താരം ജോര്‍ജ് ലിന്‍ഡെക്കെതിരെയാണ് ഉമേഷ് യാദവ് തകര്‍ത്തടിച്ചത്.
ആദ്യ രണ്ട് പന്തിലും സിക്‌സര്‍ നേടിയ ഉമേഷ് യാദവ് പത്ത് പന്തില്‍ 31 റണ്‍സുമായാണ് കളം വിട്ടത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ഇതുതന്നെയാണ്.
രോഹിത് ശര്‍മയും ഈ നേട്ടത്തിലെത്തിയതോടെ ഉമേഷ് യാദവിന്റെ പേരാണ് കൂടുതല്‍ ചര്‍ച്ചയാകുന്നത്.
Content Highlight: Umesh Yadav is one of only 4 players in Test history to hit sixes in the first two balls of their innings.