ന്യൂദല്‍ഹി: ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെയും മറ്റു ആര്‍.എസ്.എസ് നേതാക്കളുടെയും ട്വിറ്റര്‍ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് വേരിഫൈഡ് ബാഡ്ജ് പുനഃസ്ഥാപിച്ചു.
മോഹന്‍ ഭാഗവതിന് പുറമെ, ആര്‍.എസ്.എസ് നേതാക്കളായ സുരേഷ് ജോഷി, അരുണ്‍ കുമാര്‍, സുരേഷ് സോണി എന്നിവരുടെ ബ്ലൂ ടിക്ക് ബാഡ്ജുകളാണ് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നത്.
20.76 ലക്ഷം ഫോളോവേഴ്സ് ഉള്ള ഭാഗവതിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് നേരത്തെ ബ്ലൂ ടിക്ക് ഒഴിവാക്കിയിരുന്നത്.
ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡുവിന്റെ വ്യക്തിഗത അക്കൗണ്ടില്‍ നിന്നും ബ്ലൂ ടിക്ക് ഒഴിവാക്കിയിരുന്നു. അക്കൗണ്ട് സജീവമല്ലാത്തതിനാലാണ് ബ്ലൂ ടിക്ക് ഒഴിവാക്കിയത്. എന്നാല്‍ പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം ബ്ലൂ ടിക്ക് പുനസ്ഥാപിച്ചു.
അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും ബ്ലൂ ടിക്ക് ഒഴിവാക്കിയിട്ടില്ല.
നിലവിലെ ട്വിറ്റര്‍ പോളിസി അനുസരിച്ച് ആക്ടീവ് അല്ലാത്ത അക്കൗണ്ടുകളുടെ വെരിഫൈഡ് ബാഡ്ജ് യാതൊരു അറിയിപ്പുകളും കൂടാതെ പിന്‍വലിക്കാന്‍ കഴിയും.
‘ട്വിറ്റര്‍ ഹാന്‍ഡിലിലെ പേര് മാറ്റുന്നത്, ആക്ടീവ് അല്ലാത്ത അക്കൗണ്ടുകള്‍, വ്യക്തിഗത സ്ഥിരീകരണത്തിനായുള്ള വിവരങ്ങള്‍ നല്‍കാതിരിക്കല്‍ എന്നീ സാഹചര്യങ്ങളില്‍ മുന്നറിയിപ്പുകളൊന്നുമില്ലാതെ തന്നെ വെരിഫൈഡ് ബാഡ്ജ് ഒഴിവാക്കാന്‍ കമ്പനിയ്ക്ക് അധികാരമുണ്ട്,’ എന്നാണ് ട്വിറ്റര്‍ പറയുന്നത്.