അഡിസ് അബാബ: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ ടീഗ്രേയിലെ മെകലെയില്‍ (Mekelle) കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന മൈതാനത്തില്‍ ബോംബാക്രമണം. വെള്ളിയാഴ്ചയായിരുന്നു സംഭവം.
വ്യോമാക്രമണത്തില്‍ രണ്ട് കുട്ടികളടക്കം ഏഴ് പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാല് മാസത്തെ വെടിനിര്‍ത്തലിന് ശേഷമാണ് ആക്രമണമുണ്ടായിരിക്കുന്നത്.
എത്യോപ്യയുടെ വടക്കന്‍ പ്രവിശ്യയായ ടീഗ്രേയുടെ തലസ്ഥാനമാണ് മെകലെ. വിമത പ്രദേശമായ ടീഗ്രേയില്‍ എത്യോപ്യന്‍ സര്‍ക്കാര്‍ സൈന്യമാണ് വ്യോമാക്രമണം നടത്തിയത്.
എന്നാല്‍ ഉക്രൈന്‍ അടക്കമുള്ള വിഷയങ്ങളില്‍ പ്രതികരിക്കാറുള്ള മാധ്യമങ്ങളും യു.എന്‍ അടക്കമുള്ള സംഘടനകളും ടീഗ്രേയിലെ പ്രശ്‌നങ്ങളെ വേണ്ട പ്രാധാന്യത്തില്‍ പരിഗണിക്കുന്നില്ലെന്ന വിമര്‍ശനം വീണ്ടും ശക്തമായിരിക്കുകയാണ്.
ലോകാരോഗ്യ സംഘടനാ സ്‌പെഷ്യല്‍ എന്‍വോയ്‌യും ആക്ടിവിസ്റ്റുമായ ഡോ. അയോഡെ അലകിജ (Dr. Ayoade Alakija) യു.എന്നിന്റെയടക്കം ഇരട്ടത്താപ്പ് നയത്തിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Who bombs kids in a playground?!? When did this become acceptable. Yesterday I saw tweets from @UN about #InternationalDogDay but zero outrage about these innocents slaughtered in Tigray. Tweets about Ukraine but not about our children. It hurts my heart. #LoveNotWar #EQUITY https://t.co/W0BshxotO6
— Dr. Ayoade Alakija (@yodifiji) August 27, 2022
”ആരാണ് മൈതാനത്തില്‍ കളിക്കുന്ന കുട്ടികള്‍ക്ക് മേല്‍ ബോംബെറിഞ്ഞത്? എന്ന് മുതലാണ് ഇക്കാര്യം സ്വീകാര്യമായി തുടങ്ങിയത്.
കഴിഞ്ഞദിവസം അന്താരാഷ്ട്ര നായ ദിനത്തോടനുബന്ധിച്ച (InternationalDogDay) യു.എന്നിന്റെ ട്വീറ്റുകള്‍ ഞാന്‍ കണ്ടു. എന്നാല്‍ ടീഗ്രേയില്‍ കൊല ചെയ്യപ്പെട്ട നിരപരാധികളുടെ കാര്യത്തില്‍ സീറോ പ്രതിഷേധമാണ്.
ഉക്രൈനെ കുറിച്ച് ട്വീറ്റുകള്‍, പക്ഷെ ഞങ്ങളുടെ കുട്ടികളെ കുറിച്ച് ഇല്ല. ഇത് ഹൃദയത്തെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്,” അലാകിജ ട്വീറ്റ് ചെയ്തു.
ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അഥാനൊം ഉള്‍പ്പെടെയുള്ളവര്‍ കുറിപ്പ് റീട്വീറ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ ടീഗ്രേയിലെ ആരോഗ്യ രംഗത്തെ പ്രതിസന്ധിയെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മരുന്ന് ക്ഷാമവും വൈദ്യുതി ലഭ്യതക്കുറവും കാരണം ആശുപത്രികള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.
ടീഗ്രേയില്‍ 18 മാസം നീണ്ടുനിന്ന ആഭ്യന്തര യുദ്ധം കാരണം ജനങ്ങള്‍ വലിയ പ്രതിസന്ധികളാണ് നേരിടുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലായിരുന്നു ടീഗ്രേയുടെ നിയന്ത്രണം ടീഗ്രേ ഡിഫന്‍സ് ഫോഴ്‌സസ് (ടീഗ്രേ ആര്‍മി) കയ്യടക്കിയത്.
ഇതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നാണ് യു.എന്നിന്റെ വിലയിരുത്തല്‍.
Content Highlight: Tweet of WHO special envoy on UN avoiding attacks in Ethiopia’s Tigray