World News
കാരണം പുറത്തുവിടാതെ ബാങ്ക് ഗവര്‍ണറെ പുറത്താക്കി; തിരിച്ചടിയില്‍ പതറി എര്‍ദോഗനും തുര്‍ക്കിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 22, 07:08 am
Monday, 22nd March 2021, 12:38 pm

അങ്കാര: സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറെ പുറത്താക്കിയതിന് പിന്നാലെ വലിയ തിരിച്ചടി നേരിട്ട് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് എര്‍ദോഗന്‍. തുര്‍ക്കി കറന്‍സിയായ ലിറയുടെ മൂല്യത്തില്‍ 14 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

മൂല്യതകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയിരുന്ന ലിറയെ കരകയറ്റുന്നതില്‍ വലിയ പങ്കുവഹിച്ചത് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ നാകി അഗ്ബലിന്റെ നടപടികളായിരുന്നു. നവംബറില്‍ സ്ഥാനമേറ്റെടുത്തതിന് പിന്നാലെ നാണ്യപ്പെരുപ്പം കുറയ്ക്കുന്നതിനായി അദ്ദേഹം ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിരുന്നു. അബ്ഗല്‍ അധികാരത്തിലെത്തുമ്പോള്‍ 15 ശതമാനത്തിലേറെയായിരുന്നു നാണ്യപ്പെരുപ്പം.

അപ്രതീക്ഷിതമായിട്ടായിരുന്നു ശനിയാഴ്ച എര്‍ദോഗന്‍ നാകി അബ്ഗലിനെ പുറത്താക്കിയത്. രണ്ട് വര്‍ഷത്തിനുള്ളില്‍ എര്‍ദോഗന്‍ പുറത്താക്കുന്ന മൂന്നാമത്തെ സെന്‍ഗ്രല്‍ ബാങ്ക് ഗവര്‍ണറാണ് അബ്ഗല്‍.

എര്‍ദോഗന്റെ നടപടി ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. നേരത്തെ അബ്ഗലിന്റെ നേതൃത്വത്തില്‍ തുര്‍ക്കി സെന്‍ട്രല്‍ ബാങ്ക് സ്വീകരിച്ച പുതിയ സാമ്പത്തിക നയങ്ങളെ വിദേശ നിക്ഷേപകര്‍ അടക്കമുള്ളവര്‍ വലിയ രീതിയില്‍ പ്രശംസിച്ചിരുന്നു.

2021ലെ കണക്കുകള്‍ പ്രകാരം ഏറ്റവും മികച്ച രീതിയില്‍ പെര്‍ഫോമന്‍സ് ചെയ്യുന്ന കറന്‍സികളിലൊന്നാണ് തുര്‍ക്കിയുടെ ലിറ. പലിശ നിരക്ക് വര്‍ധിപ്പിച്ച തുര്‍ക്കിയുടെ നടപടി അടുത്ത കാലത്തായി വിദേശ നിക്ഷേപകരെ ഏറെ ആകര്‍ഷിച്ചിരുന്നു.

ഒരിക്കല്‍ തകര്‍ന്നടിഞ്ഞ തുര്‍ക്കിയുടെ സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലാണ്. ഇതിന് വഴിയൊരുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച അബ്ഗലിനെ പുറത്താക്കാന്‍ എര്‍ദോഗന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Turkish lira falls 14% after bank governor sacked by Erdogan